April 20, 2024

ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം: ആഗസ്റ്റ് ഒന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും

0
Img 20220723 Wa00043.jpg
കൽപ്പറ്റ : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ജില്ലയില്‍ ആഗസ്റ്റ് 1 മുതല്‍ പരിശോധന കര്‍ശനമാക്കും. ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഖര-മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉല്‍പാദനവും തടയാന്‍ താലൂക്ക്തലത്തിലും പഞ്ചായത്ത്തലത്തിലും സംയുക്ത എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമെതിരെ നടപടിയുണ്ടാകും. നടപടികള്‍ എകോപിപ്പിക്കാന്‍ സബ്കളക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചു. താലൂക്ക്തലത്തില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ് ചുമതല.
സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉല്‍പന്നങ്ങള്‍ക്ക് പുറമെ സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുളള ഉല്‍പന്നങ്ങള്‍ക്കും നിരോധനമുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കും. നിയമ ലംഘനത്തിന് ആദ്യ തവണ 10000 രൂപയാണ് പിഴയായി ഈടാക്കുക. ആവര്‍ത്തിച്ചാല്‍ 50000 രൂപ വരെ പിഴ നല്‍കണം. പരിശോധനകള്‍ക്ക് മുന്നോടിയായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങള്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യരുതെന്നും ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തിവെക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍, ജില്ലാ എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയര്‍ എം.എ ഷിജു, ഹരിതകോരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *