April 20, 2024

ഡോ. പി ലക്ഷ്മണൻ മാസ്റ്റർക്ക് ശ്രേഷ്ഠ ഗാന്ധിയൻ പുരസ്ക്കാരം

0
Img 20180922 211213.jpg
 
ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ മണ്ണാണ് വയനാട്. ആ മഹാത്മാവിന്‍റെ സ്മരണ നിലനിറുത്തുന്നതിനായി ഒരു സ്മാരകവും മ്യൂസിയവും കല്പറ്റ പുളിയാർ മലയിലുണ്ട്. ഗാന്ധിജി കേരളത്തില്‍ വന്നതിന്‍റെ ശതാബ്ദി വര്‍ഷവുംകൂടിയാണ് 2020.
 ഗാന്ധിജിയുടെ ആദർശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ ദേശ സ്നേഹിയുടെയും കടമയാണ്. വിശിഷ്യാ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെതും.
ഒരു ഉത്തമ ഗാന്ധിയൻ പ്രസ്ഥാനത്തിൻ്റെ ചുമതലയുടെ ഭാഗമായി  കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ  സമ്മേളനത്തില്‍ ആദരിക്കുന്നതിനായി ഒരു മാതൃകാ ഗാന്ധിയനെ കണ്ടെത്താന്‍ തീരുമാനിക്കുകയും അതിനായി ദേശീയ അധ്യാപക അവാർഡ് ജേതാവും കെ പി ജി ഡി സംസ്ഥാന നിർവാഹക സമിതി അംഗവുമായ  കുര്യാക്കോസ് ആൻ്റണിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് അബ്രാഹം ഇ. വി, സെക്രട്ടറി എൽദോ കെ ഫിലിപ്പ് എന്നിവർ ഉൾപ്പെടുന്ന ഒരു മൂന്നംഗ സമിതി രൂപീകരിക്കുകയും ചെയ്തു. വയനാടൻ്റെ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായി ഇടപെടുന്ന  സമിതി അംഗങ്ങളിൽ ആര്‍ക്കും ഒന്നിലേറെ പേരുകള്‍ നിര്‍ദ്ദേശിക്കുവാനുണ്ടായില്ല. വയനാടിൻ്റെ പ്രവർത്തന മണ്ഡലത്തിലും ഔദ്യോഗിക കർമ മണ്ഡലത്തിലും അക്ഷരാർത്ഥത്തിൽ ഗാന്ധിയൻ പാത പിൻതുർടന്ന ലളിത ജീവിതത്തിനുടമയായ പണ്ഡിത ശ്രേഷ്ഠനെ തന്നെയാണ് സമിതി കണ്ടെത്തിയിട്ടുള്ളത്.
കെ.പി.ജി.ഡിയുടെ ശ്രേഷ്ഠ ഗാന്ധിയന്‍ പുരസ്ക്കാരത്തിനായി  കണ്ടത്തിയ ആ മഹനീയ വ്യക്തിത്വം  വയനാട്ടുകാര്‍ ലക്ഷ്മണന്‍ മാഷ് എന്നു വിളിക്കുന്ന ഡോ. പി ലക്ഷ്മണന്‍ മാസ്റ്റർ അവർകളാണ്. ലക്ഷ്മണന്‍ മാസ്റ്ററെ കെ പി ജി ഡി ക്ക് വേണ്ടിയും അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുള്ള എല്ലാവർക്കും  വേണ്ടിയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.
ഇന്നത്തെക്കാലത്ത് ഒരു ഗാന്ധിയനെ കണ്ടെത്തുക ശ്രമകരമാണ്. എന്നാല്‍ ലക്ഷ്മണന്‍ മാസ്റ്ററിലൂടെ ഒരു ഗാന്ധിയനെ കണ്ടെത്തുക ഏതൊരാൾക്കും അനായാസകരമാണ്. ഏതു വിഷയത്തെക്കുറിച്ചും വളരെ ആധികാരികമായി പറയാന്‍ പറ്റുന്ന അഗാധമായ പാണ്ഡിത്യവും ലളിതജീവിതവും വിനയവും അദ്ദേഹത്തെ മാതൃകാ പുരുഷോത്തമനാക്കുന്നു.  സര്‍വീസ് നിയമങ്ങളുൾപ്പെടെ നിയമ, സാമൂഹിക വൈജ്ഞാനിക മേഖലകളിലെ  അവസാന വാക്കാണ് അദ്ദേഹത്തിൻ്റെത്. കൈവയ്ക്കുന്ന മേഖലകളിലെല്ലാം തൊട്ടതു പൊന്നാക്കുന്ന അസാമാന്യ ധിഷണത, അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും, ഇതിനെല്ലാമുപരി താന്‍ ഒന്നുമല്ലെന്ന വിനയാന്വിതഭാവം, ജീവിതലാളിത്യം- ഇതെല്ലാം ലക്ഷ്മണന്‍ മാസ്റ്റര്‍ക്കു മാത്രം ചാര്‍ത്തിക്കൊടുക്കാവുന്ന മുദ്രകളാണ്. പൊതുവിദ്യാലയങ്ങളില്‍ത്തന്നെ തന്‍റെ കുട്ടികളെ പഠിപ്പിച്ച് ഉന്നത നിലകളിലെത്തിച്ച് സമൂഹത്തിന് മാതൃകയായി. 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന് ധൈര്യപൂര്‍വം പറഞ്ഞ ഗാന്ധിജിയുടെ ജീവിത പാതയോട് ചേര്‍ത്തുവയ്ക്കാവുന്ന ഒരു ഗാന്ധിയന്‍ ജീവിതമാണ് ശ്രീലക്ഷ്മണൻ മാസ്റ്ററുടെത്, അതെ ഒരു ബഹുമുഖ പ്രതിഭ.
1945 ഒക്ടോബര്‍ 5 ന് തലശ്ശേരി ധര്‍മ്മടത്തിനടുത്ത് പാലയാട് എന്ന ഗ്രാമത്തില്‍ ജനിച്ചു. അണ്ടലൂര്‍ സീനിയര്‍ ബേസിക് സ്കൂള്‍, ചിറക്കര ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് പി യു സി യും മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്ക്സില്‍ ഡിഗ്രിയും ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍നിന്ന് ബി എഡ്ഡും കരസ്ഥമാക്കി. 
1968 ല്‍ പയ്യന്നൂരിനടുത്ത് മാത്തില്‍ ഗവ. ഹൈസ്കൂളില്‍ ഗണിതശാസ്ത്രാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ ഇംഗ്ലീഷ് ഭാഷാപരിശീലനത്തിനായി ഡിപ്പാര്‍ട്ടുമെന്‍റ് ഇദ്ദേഹത്തെ ബാംഗ്ലൂര്‍ക്കയച്ചു. തിരികെയെത്തിയ അദ്ദേഹത്തെ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷാപരിശീലനം നല്കുന്നതിനായി പയ്യന്നൂര്‍ ഗവ. ഹൈസ്കൂളില്‍ നിയമിച്ചു. അക്കാലത്ത് വിദൂര ദുര്‍ഘട പ്രദേശങ്ങളില്‍ സേവനം നിര്‍ബന്ധമായിരുന്നതിനാല്‍ 1971 ല്‍ വടക്കെ വയനാട്ടിലെ പനമരം ഗവ. ഹൈസ്കൂളിലേയ്ക്ക് സ്ഥലംമാറ്റം നൽകി. വയനാടിന്‍റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ലക്ഷ്മണന്‍ മാസ്റ്ററുടെ പേര് അന്നു മുതൽ  ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഗ്രാജുവേറ്റ് ഹെഡ് മാസ്റ്റര്‍ തസ്തിക നിലവില്‍ വന്നപ്പോള്‍ 1974 ല്‍ തരുവണ ഗവ. യു പി സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയി നിയമനം. 1980 ല്‍ കരിങ്കുറ്റി എന്ന സ്ഥലത്ത് പുതിയൊരു ഗവ. ഹൈസ്കൂളിന്‍റെ സ്ഥാപക ഹെഡ് മാസ്റ്റര്‍ ആയി നിയമനം. 1988 ല്‍ പനമരം ഗവ. റ്റി റ്റി ഐ യില്‍ അധ്യാപക പരിശീലകനായി നിയമനം. 
1989 മെയ് മാസത്തില്‍ വയനാട് ഡയറ്റിന്‍റെ പ്രിന്‍സിപ്പാളായി നിയമിതനായി. ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ യോഗ്യതയുള്ള ഡയറ്റ് പ്രിന്‍സിപ്പാള്‍ എന്ന പദവി ലക്ഷ്മണന്‍ മാസ്റ്റര്‍ക്കവകാശപ്പെട്ടതാണ്. സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഡയറ്റ് സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഡയറ്റാണ്. ശില്പഭംഗിയില്‍ വേറിട്ടു നില്കുന്ന ഈ കെട്ടിട സമുച്ചയം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനായത് ഇദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യവും ദീർഘവീക്ഷണവും ഒന്നുകൊണ്ടുമാത്രമാണ്. 2001 മാര്‍ച്ച് 31 ന് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഔദ്യോഗികമായി വിരമിച്ചു. ഭാര്യ ശ്രീമതി കെ റ്റി പുഷ്പലത. മൂന്ന് ആണ്‍കുട്ടികള്‍.
റിട്ടെയര്‍മെന്‍റിനെത്തുടര്‍ന്ന് മൂലങ്കാവ് ഗ്രീന്‍ ഹില്‍സ് പബ്ലിക്ക് സ്കൂളിന്‍റെ സ്ഥാപക പ്രിന്‍സിപ്പലായി ഒരു വര്‍ഷം ജോലി ചെയ്തു. 2002 മുതല്‍ ആറു വര്‍ഷം പൂമലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എഡ് സെന്‍ററിന്‍റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പി റ്റി എ ഫണ്ടുപയോഗിച്ച് ബി എഡ് സെന്‍ററിന് സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം പണിക്ക് തുടക്കമിടുന്നതിനും നേതൃത്വം നല്കി. 2013 മുതല്‍ നാലു വര്‍ഷം വയനാട് ജില്ലാ CWC അംഗമായി പ്രവര്‍ത്തിച്ചു.
 ലക്ഷ്മണന്‍ മാസ്റ്ററുടെ വിദ്യാഭ്യാസ- സാമൂഹിക മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. 1995 ല്‍ ഡിപിഇപി യുടെ ആഭിമുഖ്യത്തില്‍ വയനാടിന്‍റെ ഉള്‍പ്രദേശങ്ങളില്‍ 27 പ്രൈമറി സ്കൂളുകള്‍ ആരംഭിക്കുന്നതിന് നേതൃത്വം നല്കി. മൂന്ന് ബി ആര്‍ സി കളും 38 സി ആര്‍ സി കളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തന സജ്ജമാക്കി. 1996-98 വര്‍ഷം ഇന്ത്യയിലാദ്യമായി എസ് സി/ എസ് റ്റി വിഭാഗത്തിനു മാത്രമായി ഒരു റ്റി റ്റി സി ബാച്ച് തുടങ്ങാന്‍ കാരണമായത് ഇദ്ദേഹത്തിന്‍റെ ശ്രമഫലമാണ്.
നാഷനല്‍ കൗണ്‍സില്‍ ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ (എന്‍ സി റ്റി) കേരളത്തില്‍നിന്നുള്ള ആദ്യത്തെ അംഗമായി ബാംഗ്ലൂര്‍ റീജിയനില്‍ പ്രവര്‍ത്തിച്ചു. ഡല്‍ഹി എന്‍ സി ഇ ആര്‍ റ്റി യുടെ നാഷനല്‍ കരിക്കുലം കമ്മിറ്റിയില്‍ അംഗമായിരുന്നു. യുണിസെഫിന്‍റെ നാമനിര്‍ദ്ദേശത്താല്‍ മദ്ധ്യപ്രദേശ് എഡ്യുക്കേഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. ഇന്ത്യാ ഗവണ്മെന്‍റിന്‍റെ നാമനിര്‍ദ്ദേശം വഴി ബീഹാര്‍ എഡ്യുക്കേഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. ഡി പി ഇ പി പ്രവര്‍ത്തനം ഈ സംസ്ഥാനങ്ങളില്‍ ഫലപ്രദമാക്കാന്‍ പ്രത്യേകമായി നിയോഗിക്കപ്പെട്ടു. 
അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥി ആയിരിക്കണമെന്നാണ് സങ്കല്പം. അത് പ്രവൃത്തിപഥത്തില്‍ തെളിയിച്ച ഒരദ്ധ്യാപകനാണ് ഡോ. പി ലക്ഷ്മണന്‍ മാസ്റ്റർ. അടിസ്ഥാന അധ്യാപക യോഗ്യതകള്‍ക്കു പുറമെ ഹിമാചല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എം എ, അവിടെനിന്നുതന്നെ എം എഡ്, പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഫീസ് ഓര്‍ഗനൈസേഷന്‍ ആന്‍ഡ് പ്രൊസീജിയര്‍, മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഗാന്ധിയന്‍ തോട്സില്‍ എം എ, അവിടെനിന്നുതന്നെ അഡ്വാന്‍സ്ഡ് ഗാന്ധിയന്‍ തോട്സില്‍ എം ഫില്‍, സൈക്കോളജിയില്‍ യു ജി സി യുടെ നാഷനള്‍ എലിജിബിലിറ്റി ടെസ്റ്റ്, എന്നിവയും റിട്ടെയര്‍മെന്‍റിനു ശേഷം പൊളിറ്റിക്കല്‍ സയന്‍സില്‍ പി എച്ച് ഡി യും കരസ്ഥമാക്കി.
റിട്ടെയര്‍മെന്‍റ് ജീവിതമെന്നാല്‍ വിശ്രമജീവിതം എന്നൊരു സങ്കല്പമുണ്ട്. അത് തിരുത്തിക്കുറിക്കുന്നതാണ് ലക്ഷ്മണന്‍ മാസ്റ്ററുടെ ജീവിത പന്ഥാവ്. ഇപ്പോഴും അദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിരവധിയാണ്. സര്‍വസേവാ മണ്ഡലം സെക്രട്ടറി, കേഴക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലബാര്‍ മേഖലാ ഗാന്ധി പീസ് ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് അംഗം, പത്താംതരം തുല്യതാ പരീക്ഷയുടെ ജില്ലാതല കോഴ്സ് കണ്‍വീനര്‍, കാര്‍ഷിക പുരോഗമന മുന്നണിയുടെ ജില്ലാ ചെയര്‍മാന്‍, കിഡ്നി ഫൗണ്ടേഷന്‍ വയനാട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ഏകതാ പരിഷത്ത് ജില്ലാ ചെയര്‍മാന്‍, സൈക്കോളജിസ്റ്റ്സ് ആന്‍ഡ് കൗണ്‍സിലേഴ്സ് ട്രേഡ് യൂണിയന്‍ വയനാട് ജില്ലാ അഡ്വയ്സര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആയിരത്തിലധികം സ്റ്റേജുകളിൽ ഗാന്ധിയൻ ചിന്തകൾ പങ്ക് വെച്ച പ്രഭാഷകനും ശേഷ്ഠ ഗുരുനാഥനുമാണദ്ദേഹം. 
ബത്തേരി ടൗണിലെ ഗാന്ധി ജംഗ്ഷനില്‍ ഒരു ഗാന്ധി പ്രതിമയുണ്ട്. 2017 ഒക്ടോബര്‍ 28 ന് അനാച്ഛാദനം ചെയ്തത്. വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ടൗണില്‍ അതുവരെ ഒരു ഗാന്ധി സ്മാരകം ഇല്ലാതെപോയി എന്നത് ഏതൊരു ഗാന്ധിയനും തെല്ലൊരു ജാള്യതയോടെയേ ചിന്തിക്കാനാവൂ. ഈ ജാള്യത മാറ്റിത്തന്നത് നമ്മുടെ പ്രിയങ്കരനായ ലക്ഷ്മണന്‍ മാഷാണ്. ഈ പ്രതിമയുടെ നിര്‍മാണത്തിനാമശ്യമായ പൂര്‍ണ ചെലവ് വഹിച്ചത് അദ്ദേഹമാണ്. ഒരുപക്ഷേ, പൊതുസ്ഥലത്ത് ഒരു സ്വകാര്യവ്യക്തി സ്ന്തം പണം മുടക്കി പണിത് നാടിന് സമര്‍പ്പിച്ച ഒരു ഗാന്ധിപ്രതിമ കേരളത്തില്‍ ആദ്യമാണ്. ബത്തേരിയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു കയ്യൊപ്പ് ചാര്‍ത്താന്‍ ഇനിയൊരാള്‍ക്കുകൂടി കഴിയണമെന്നില്ല. 
ഗാന്ധിയന്‍ പുരസ്ക്കാരമെന്നത് സമ്മേളനത്തില്‍ വച്ചുള്ള ആദരവും കെ പി ജി ഡി യുടെ ആജീവനാന്ത മെമ്പര്‍ഷിപ്പിന് സംസ്ഥാനകമ്മിറ്റിയോടുള്ള ശുപാര്‍ശയും പ്രശംസാ ഫലകവുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതു പരിപാടിയിലൂടെയുള്ള അനുമോദനം സാധ്യമല്ലാത്തതിനാല്‍ 2020 ഒക്ടോബർ 2 ൻ്റെ “ഗാന്ധീയം 152 ”  സംസ്ഥാന സമ്മേളനത്തിനു ശേഷം അദ്ദേഹത്തിന്‍റെ സൗകര്യം കൂടി പരിഗണിച്ച് വസതിയില്‍ എത്തി കെ പി ജി ഡി യുടെ പ്രവര്‍ത്തകര്‍ ആദരിക്കുന്നതാണ്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *