Live From The Field
കോവിഡ് കാലത്ത് ഹൻഫാസിൻ്റെ
മാതൃക
കൽപ്പറ്റ:
കോവിഡ് കാലം തട്ടിയെടുത്ത ജീവിതം തിരികെ പിടിച്ച് മറ്റുള്ളവർക്ക് പ്രചോദനമായിരിക്കുകയാണ് കാക്കവയൽ തളിയിൽ ഹൻഫാസ്. കൊറോണ തകർത്ത ജീവിത സ്വപ്നങ്ങളെ ബിരിയാണി കച്ചവടത്തിലൂടെ തിരികെ പിടിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. രണ്ടര മാസമായി കച്ചവടം തുടങ്ങിയിട്ട്. ദിവസവും ഉച്ചയ്ക്ക് 12ന് ഹൻഫാസ് കാറുമായി കൽപറ്റ ജനമൈത്രി ട്രാഫിക് ജങ്ഷനിലെത്തും. ചൂടുള്ള ചിക്കൻ ബിരിയാണി, ഇറച്ചി ചോറ്, ബീഫ് ബിരിയാണി എന്നിവ വിൽപന തുടങ്ങും. ദിവസം 40 പാക്കറ്റുകൾ വരെയാണ് വിൽപ്പന നടത്തുക. യാത്രക്കാരും, സമീപ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് കൂടുതലായി ബിരിയാണി വാങ്ങാനെത്തുക. രുചിയുള്ള ബിരിയാണി കഴിച്ച് പിന്നീട് അന്വേഷിച്ചെത്തിയവരുമുണ്ട്. 7 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തു വരികയായിരുന്ന ഹൻഫാസ് ദുബായിൽ ഭാര്യാ സഹോദരനൊപ്പം ഗ്രോസറി കച്ചവടം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. വിസ പുതുക്കാനും മറ്റുമായി മാർച്ച് 5ന് നാട്ടിലെത്തി. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി തിരികെ ദുബായിലേക്കു മടങ്ങാനിരിക്കെയാണ് സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തികൊണ്ട് കോവിഡ് ലോക്ഡൗൺ പ്രഖ്യാപനം വന്നത്. 3 മാസം വീട്ടിൽ തന്നെയിരുന്നു. പ്രതീക്ഷകളെല്ലാം പാതിവഴിയിൽ വഴിപിരിഞ്ഞെങ്കിലും പതറാതെ മുന്നോട്ടു പോകാൻ തന്നെയായിരുന്നു ഹൻഫാസിന്റെ തീരുമാനം. ദുബായിലേക്ക് മടങ്ങാൻ കഴിയില്ലെന്നു വ്യക്തമായതോടെ നാട്ടിൽ തന്നെ എന്തെങ്കിലും സ്വയം തൊഴിൽ ചെയ്തു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. പാചക വിദഗ്ധയായ മാതാവ് റസീനയാണു ബിരിയാണി കച്ചവടത്തിന്റെ ആശയം മുന്നോട്ടുവച്ചത്. പുലർച്ചെയോടെ ബിരിയാണി തയാറാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങും. മാതാവിനെ അടുക്കളയിൽ സഹായിക്കാൻ ഹൻഫാസിന്റെ ഭാര്യ അഫ്ന തസ്നിയും കൂടെയുണ്ടാകും. കൃത്യമായ സുരക്ഷാ മുൻകരുതലുകളോടെ ഉച്ചകഴിഞ്ഞ് ഞ ഞ ഞ 3 വരെയാണു വിൽപന. ഭക്ഷണം ബാക്കിവരുകയാണെങ്കിൽ ബിരിയാണി പാക്കറ്റുകള്‍ തെരുവുകളിൽ കഴിയുന്നവർക്കു നൽകാനും ഹൻഫാസ് മറക്കാറില്ല. സ്വപ്നങ്ങളെല്ലാം തകർന്ന അവസ്ഥയിൽ നിന്ന് വീട്ടുകാരാണ് പുതിയ ആശയം നൽകിയത്. ഈ ജോലി ചെയ്യാൻ ഒരിക്കലും മടി തോന്നിയിട്ടില്ല. പ്രതിസന്ധി ഘട്ടത്തിൽ അനുയോജ്യമായ തീരുമാനം തന്നെയാണ് എടുത്തത്. കച്ചവടം കുഴപ്പമില്ലാതെ നടക്കുന്നുണ്ടെന്നും ഇനിയും ഇങ്ങനെത്തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഹൻഫാസ് പറഞ്ഞു. കോവിഡ് കാലത്ത് ജോലിയില്ലാത്തവർക്കും ജോലി നഷ്ടപ്പെട്ടവർക്കും ശരിയായ മാതൃകയാണ് ഹൻഫാസ്.





Leave a Reply