ദൂരെ നിന്ന് മാസ്ക് മാറ്റി മുഖം കാണിക്കും: അകന്ന് നിന്ന് ‘അടുപ്പിക്കാൻ ‘ ശ്രമം: രസകരം ഈ വോട്ടുപിടിത്തം

സി.വി. ഷിബു
കൽപ്പറ്റ : രസകരമാണ് ഇത്തവണത്തെ വോട്ടുപിടിത്തം. പൊതു പരിപാടികളെല്ലാം കുറവായതിനാൽ ഗൃഹസന്ദർശനം മാത്രമാണ് വോട്ട് കിട്ടാൻ ഉള്ള എളുപ്പ വഴി. ഇത് തിരിച്ചറിഞ്ഞ് രണ്ടും മൂന്നും വട്ടമാണ് സ്ഥാനാർത്ഥി ഓരോ വീട്ടിലും എത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ ആരെങ്കിലും ഫോട്ടോയെടുത്ത് അത് പ്രചരിപ്പിച്ചാൽ വിനയാകും. എന്നാലോ സ്ഥാനാർത്ഥി സ്വന്തം മുഖം പരിചയപ്പെടുത്തുകയും വേണം. വീടിനകത്തേക്ക് കയറുന്ന പരിപാടിയില്ല . മുറ്റത്ത് നിന്നാണ് സംസാരം മുഴുവൻ . ഇടക്ക് മാസ്ക് ഒന്നു മാറ്റി മുഖം വീട്ടുകാരെ കാണിക്കും. പിന്നെ ഒരു ചിരിയോടെ മാസ്ക് എടുത്തണിഞ് വോട്ട് അഭ്യർത്ഥനയായി. കൂടുതൽ ആളെ കൂട്ടിയാലും പ്രശ്നം. കൂടെ കൂട്ടുന്നവരെ രണ്ടോ മൂന്നോ വീട് കഴിയുമ്പോൾ ഒഴിവാക്കും. പലർക്കും ചിഹ്നങ്ങളും സ്വന്തം ചിത്രങ്ങളും അടങ്ങിയ മാസ്കുകളും തയ്യാറായിക്കഴിഞ്ഞു.
വീടുകളിൽ കയറുമ്പോൾ വീട്ടിലുള്ളവരുടെ വാട്സ്ആപ്പ് നമ്പറുകൾ വാങ്ങി ഗ്രൂപ്പ് ഉണ്ടാക്കി അതുവഴിയാണ് പിന്നീടുള്ള പ്രചരണം . സിനിമാ പോസ്റ്ററുകളെ വെല്ലുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കുന്നത്. കാരിക്കേച്ചറുകളും കാർട്ടൂണുകളും എല്ലാം പോസ്റ്ററിൽ ഇടം പിടിക്കും. അച്ചടിച്ച പ്രചരണ മാധ്യമങ്ങൾ ഇത്തവണ വളരെ കുറവാണ് .വിതരണം ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തുന്നത് .
സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സ്ഥാനാർത്ഥികൾ എല്ലാം സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു. ദേശീയ -സംസ്ഥാന നേതാക്കളുടെ പ്രാദേശിക സന്ദർശനങ്ങളും ഇത്തവണ കുറവായിരിക്കാനാണ് സാധ്യത.
ചിത്രം : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിംലീഗിലെ ടി. മൊയ്തു വീടുകളിലെത്തി വോട്ട് അഭ്യർത്ഥിക്കുന്നു.



Leave a Reply