പൊഴുതനയുടെ അങ്കത്തട്ടിൽ പയറ്റിത്തെളിഞ്ഞവരുടെ പോരാട്ടം

കൽപ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലാ പഞ്ചായത്തിലെ പൊഴുതന ഡിവിഷനില്‍ രാഷ്ട്രീയക്കളരയില്‍ പയറ്റിത്തെളിഞ്ഞവരുടെ പോരാട്ടം.മുമ്പ് രണ്ടുവട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.സി.സി മെംബര്‍ കെ.എല്‍.പൗലോസ്,കാലാവധി പൂര്‍ത്തിയാക്കിയ പൊഴുതന പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റും സി.പി.എം വൈത്തിരി ഏരിയ കമ്മിറ്റിയംഗവുമായ എന്‍.സി.പ്രസാദ്,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും 2000 മുതല്‍ 2010 വരെ വെങ്ങപ്പളളി പഞ്ചായത്ത് ഭരണസമിതിയംഗവുമായിരുന്ന കെ.ശ്രീനിവാസന്‍ എന്നിവരാണ് പൊഴുതനയില്‍ തെരഞ്ഞെടുപ്പുഗോദയിലുള്ള പ്രമുഖര്‍.ഇ.പി.ജേക്കബ്,രാമന്‍കുട്ടി,പി.എച്ച്.ലത്തീഫ് എന്നീ സ്വതന്ത്രരും ഡവിഷനില്‍ ഒരുകൈ നോക്കുന്നവരുടെ പട്ടികയിലുണ്ട്.
കര്‍ഷകരും തോട്ടം തൊഴിലാളികളും ആദിവാസികളും വിധി നിര്‍ണയിക്കുന്നതാണ് 44 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ അടങ്ങുന്ന ഡിവിഷന്‍.വൈത്തിരി പഞ്ചായത്തിലെ ചുണ്ടേല്‍(മൂന്ന്)ഒഴികെ 13-ഉം പൊഴുതന,വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ ആകെയുള്ള 13 വീതം വാര്‍ഡുകളും തിരിയോട് പഞ്ചായത്തിലെ കാലിക്കുനി വാര്‍ഡും കോട്ടത്തറ പഞ്ചായത്തിലെ ഏഴ്,എട്ട്,10,11 വാര്‍ഡുകളും പൊഴുതന ഡിവിഷന്റെ ഭാഗമാണ്.
ഡിവിഷനില്‍ ഒരു പണത്തൂക്കം മുന്നിലാണ് എല്‍.ഡി.എഫ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ പി.എന്‍.വിമലയായിരുന്നു വിജയി.വാശിയേറിയ അങ്കത്തിനൊടുവില്‍ 400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിമല ജയിച്ചുകയറിയത്.2015ലെ വിജയം പൊഴുതനയില്‍ ഇക്കുറിയും ആവര്‍ത്തിക്കാമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി.എന്നാല്‍ ഇത്തവണ വിജയകാഹളം മുഴക്കുക യു.ഡി.എഫ് ആയിരിക്കുമെന്നു ഡിവിഷനിലെ കോണ്‍ഗ്രസ്,മുസ്‌ലിംലീഗ് പ്രവര്‍ത്തര്‍ പറയുന്നു.സീനിയര്‍ നേതാവിനെത്തന്നെ കോണ്‍ഗ്രസ് മത്സരത്തിനു നിയോഗിച്ചതു ഡിവിഷനിലെ യു.ഡി.എഫ് നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ ആവശേമാണ് പകര്‍ന്നത്.പൊഴുതനയില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷ ബി.ജെ.പിക്കില്ല.ആദിവാസി,തോട്ടംതൊഴിലാളി മേഖലകളില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുകയാണ് പാര്‍ട്ടിയുടെയും എന്‍.ഡി.എയുടെയും ലക്ഷ്യം.
കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഭവന സന്ദര്‍ശനത്തിനൊപ്പം നവ മാധ്യമങ്ങളായ വാട്‌സ്ആപ്പ്,ഫേസ്ബുക്ക്,ഇന്‍സ്റ്റാഗ്രാം എന്നിവയുടെ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയാണ് മൂന്നു മുന്നണികളുടെയും പ്രചാരണം.നവ മാധ്യമങ്ങളിലൂടെ വോട്ടമാരിലെത്താന്‍ മൂന്നണികള്‍ ചെറുപ്പക്കാരുടെ സംഘങ്ങളെത്തന്നെ നിയോഗിച്ചിട്ടുണ്ട്.വീടു കയറിയുള്ള പ്രചാരണത്തിനു വാര്‍ഡുതല കമ്മിറ്റികളും സജീവമാണ്.സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനു സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും ഡിവിഷന്‍ പരിധിയില്‍ ഭരണമുണ്ടായിരുന്ന പഞ്ചായത്തുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന വികസന മുന്നേറ്റവും ചൂണ്ടിക്കാട്ടിയാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്കു വോട്ടുറപ്പിക്കുന്നത്.
മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ഡിവിഷന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമൂലം ജനങ്ങള്‍ നേരിടാനിടയുള്ള പ്രയാസങ്ങള്‍,തോട്ടം തൊഴിലാളികളുടെ തീര്‍ത്തും മോശമായ ജീവിത സാഹചര്യങ്ങള്‍,വന്യജീവി ശല്യം,സുഗന്ധഗിരി മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയുടെ പരിഹാരത്തിനു ഇടപെടല്‍ ഉറപ്പുനല്‍കി വോട്ടര്‍മാരുടെ മനം കവരാനാണ് യു.ഡി.എഫ് ശ്രമം.കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞും ഇടതു,വലതു മുന്നണികളുടെ ജനസ്‌നേഹം കപടമാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കാണുന്നത്.
പുല്‍പള്ളി സ്വദേശിയാണ് 67കാരനായ പൗലോസ്.പ്രഥമ വയനാട് ജില്ലാ കൗണ്‍സിലില്‍ അംഗമായിരുന്ന ഇദ്ദേഹം 2000-2005, 2010-2015 കാലയളവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നത്. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് പ്രസിന്റുമാരുടെ ചേംബര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ ആനിയും പ്രവീണ്‍ പോള്‍,നവീന്‍ പോള്‍ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
ഡിവിഷനിലെ സമ്മതിദായകര്‍ക്കിടയില്‍ സുപരിചിതനാണ് 60കാരനായ വെങ്ങപ്പള്ളി വാവാടി നാക്കാക്കുനി എന്‍.സി.പ്രസാദ്.പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ഭരണ നൈപുണ്യം തെളിയിച്ച അദ്ദേഹം നടാടെയാണ് ജില്ലാ പഞ്ചായത്തിലേക്കു ജനവിധി തേടുന്നത്.ഭാര്യ ശ്രീജയും നവ്യശ്രീ,ആര്യശ്രീ എന്നീ മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം.64കാരനാണ് ബി.ജെ.പി സ്ഥാനാര്‍ഥി അച്ചൂരാനം ഉദയമന്ദിരത്തില്‍ ശ്രീനിവാസന്‍.ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന ഇദ്ദേഹവും ഡിവിഷനിലെ 35,000 ഓളം വരുന്ന വോട്ടര്‍മാര്‍ക്കു അപരിചിതനല്ല.



Leave a Reply