കർഷകരെ വെല്ലുവിളിക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണം: മഹേഷ് കക്കത്ത്
എഐവൈഎഫ് രാത്രി സമരം നടത്തി
കൽപറ്റ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം, ചർച്ചയിലുടെ പരിഹരിക്കാതെ, കോർപ്പറേറ്റുകൾക്ക് കുഴലൂതുന്ന കേന്ദ്ര സർക്കാർ നടപടികള്‍ക്കെതിരെ രാജ്യത്ത് ശക്തമായ സമരങ്ങൾ ഇനിയും ഉണ്ടാകുമെന്ന്
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. രാജ്യത്തെ അന്നമൂട്ടുന്ന പാവപ്പെട്ട കർഷക സമൂഹത്തെ കോർപ്പറേറ്റുകൾക്ക് അടിമകളാക്കുവാൻ, ബോധപൂർവ്വം പ്രധാനമന്ത്രി ശ്രമിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തെ അനുസ്മരിക്കും വിധം കർഷകർ ജീവൻ കളഞ്ഞും, തെരുവിൽ സംഘടിക്കുന്നത്, അത്രമേൽ കേന്ദ്ര സർക്കാർ അധ:പതിച്ചു എന്നതിന് ഉദാഹരണമാണ്. രാജ്യത്തെ, സമസ്ത മേഖലയും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ, ആസാദി മുദ്രാവാക്യമുയർത്തി യുവജനങ്ങളും, വിദ്യാർഥികളും തെരുവിലിറങ്ങിയിരുന്നു. ഇപ്പോൾ ജീവിക്കുവാൻ വേണ്ടി കർഷകർ തെരുവിലിറങ്ങുമ്പോൾ അതിനെയും അടിച്ചമർത്തുവാൻ നോക്കുന്നത്, ഈ സമരത്തിന് മുൻപിൽ മോദിയും – അമിത് ഷായും തോറ്റു പോകുമോ എന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐവൈഎഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാത്രി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ചിത്ത് കമ്മന അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബ്ബ് സ്വാഗതം പറഞ്ഞു. സിപിഐ കൽപറ്റ ലോക്കൽ സെക്രട്ടറി ദിനേശൻ മാസ്റ്റർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഭിജിത്, അഡ്വ. സലാസി കല്ലംങ്കോടൻ, വി പി സ്വരാജ്, ശ്രീജിത്ത് പനമരം തുടങ്ങിയവർ സംസാരിച്ചു.
ജെസ്മൽ, റഹിം, മുത്തലിബ്, സന്ധ്യ, സൗമ്യ, ബിന്ദു, രഞ്ചിത്ത് പൊഴുതന, രജീഷ് വൈത്തിരി എന്നിവർ നേതൃത്വം നൽകി.
Leave a Reply