July 15, 2026

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഹരിത പദവി: പ്രഖ്യാപനം 26 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നു.  സര്‍ക്കാര്‍ ഓഫീസുകളില്‍ മാലിന്യത്തിന്റെ അളവ് കുറക്കുക,മാലിന്യ ഉത്പാദനം ഇല്ലാതാക്കുക,രൂപപ്പെടുന്ന മാലിന്യങ്ങളെ തരം തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയവയാണ്  ഹരിത ഓഫീസുകളിലൂടെ ലക്ഷ്യമിടുന്നത്.പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിതമായതുള്‍പ്പെടെ എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കളുടേയും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടേയും ഉപയോഗനിരോധനം സര്‍ക്കാര്‍ ഉത്തരവുപ്രകാരം നടപ്പിലാക്കിയിട്ടുണ്ടോ,ഓഫീസില്‍ സ്ഥിര ഉപയോഗത്തിനായി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ആവശ്യാനുസരണം സജ്ജീകരിച്ചിട്ടുണ്ടോ,ജൈവ-അജൈവ പാഴ്വസ്തുക്കള്‍ തരം തിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടോ,ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങിയ  ഗ്രീന്‍ പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്് പരിശോധിച്ചാണ്  ഓഫീസുകള്‍ക്ക് ഹരിത പദവി നല്‍കുന്നത്.  സംസ്ഥാനതലം മുതല്‍ തദ്ദേശസ്ഥാപന തലം വരെയുള്ള നിശ്ചിത എണ്ണം  സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്ഥാപന പരിധിയില്‍ പെടുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഗ്രീന്‍ ഓഡിറ്റ് നടത്തി സര്‍ട്ടിഫിക്കേഷനും ഗ്രേഡിംഗും നല്‍കും .ഇതിനായി പ്രത്യേക പരിശോധന സമിതികളെ തിരഞ്ഞെടുക്കും.ജില്ലാതല സര്‍ക്കാര്‍ ഓഫീസുകള്‍,താലൂക്ക്തല  ഓഫീസുകള്‍ ,തദ്ദേശസ്ഥാപനങ്ങളുടെ  ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജില്ലാ പരിശോധന സമിതിയായിരിക്കും പരിശോധന നടത്തുക.  ബ്ലോക്ക്,മുനിസിപ്പാലിറ്റി,ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ പരിശോധന അതാത് തദ്ദേശസ്ഥാപന തലത്തില്‍ പരിശോധന നടത്തും. പരിശോധനയില്‍ 90-100 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡ് ,80-89 മാര്‍ക്ക് നേടുന്നവര്‍ക്ക് ബി ഗ്രേഡ് ,70-79 മാര്‍ക്ക് നേടുന്നവര്‍ക്ക് സി ഗ്രേഡ് എന്നിങ്ങനെയാണ് ഗ്രേഡ് നല്‍കുക. സംസ്ഥാനതല ഹരിത ഓഫീസ് പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *