March 29, 2024

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി താലൂക്കിലെ ബോയ്സ് ടൗണിൽ സ്ഥാപിക്കണം; സി.പി.ഐ.

0
.വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി താലൂക്കിലെ ബോയ്സ് ടൗണിൽ സ്ഥാപിക്കണം
 നിർമ്മാണ പ്രവർത്തനം പൂർത്തിയാകുംവരെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണമെന്നും  സി.പി.ഐ. 
 വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണം എന്നും മെഡിക്കൽ കോളേജിന്റെ  താൽക്കാലിക പ്രവർത്തനം വയനാട് ജില്ലാ ആശുപത്രിയിൽ  ആരംഭിക്കണമെന്നും സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. അതോടൊപ്പം വയനാട് മെഡിക്കൽ കോളേജിന്റെ  നിർമ്മാണപ്രവർത്തനം ആരോഗ്യവകുപ്പിന്റെ  ഉടമസ്ഥതയിലുള്ള ബോയ്സ് ടൗണിലെ 65 ഏക്കർ സ്ഥലത്ത് ആരംഭിക്കുകയും വേണം.
  ജനസംഖ്യയിൽ ബഹുഭൂരിപക്ഷം ആദിവാസികളും പിന്നോക്കക്കാരും  ഉൾപ്പെടുന്ന പിന്നോക്ക ജില്ലയായ വയനാടിന് ആരോഗ്യരംഗത്ത് പരിമിതമായ ചികിത്സാസൗകര്യങ്ങളെ  നിലവിലുള്ളൂ. അത്യാസന്ന നിലയിലുള്ള രോഗികൾ അടക്കമുള്ളവരെ ഉപരി ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും  പലപ്പോഴും തക്കസമയത്ത് ചികിത്സ ലഭിക്കാതെ രോഗികൾ മരണപ്പെട്ടു പോകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത്തരത്തിൽ ഇനി ഉണ്ടാവാൻ പാടില്ല. തലശ്ശേരി-മാനന്തവാടി- മൈസൂർ ദേശീയപാതയോരത്ത് ഉള്ള ആരോഗ്യവകുപ്പിന്റെ  അധീനതയിൽ തന്നെയുള്ള ബോയ്സ് ടൗണിലെ ഭൂമി ഏറ്റെടുത്തു മെഡിക്കൽ കോളേജ് യാഥാർഥ്യം ആക്കിയാൽ വയനാട് ജില്ലയിലെ മുഴുവൻ ആളുകൾക്കും അതോടൊപ്പം കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ അമ്പായത്തോട്,  കൊട്ടിയൂർ, കേളകം,  തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാർക്കും ഏറെ ഉപകാരപ്രദമാകും. മറ്റ് സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തി മെഡിക്കൽ കോളേജ് തുടങ്ങുന്നതിലും  പ്രായോഗികം നിലവിലെ സ്ഥലത്ത് ആരംഭിക്കുന്നത്  തന്നെയാണ്. പുതിയ ഭൂമി കണ്ടെത്തുന്നതിനുള്ള  കാലതാമസവും സാമ്പത്തിക നഷ്ടവും ഇല്ലാതെ തന്നെ ബോയ്സ് ടൗണിലെ സ്ഥലത്ത് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാനാവും. ലക്ഷക്കണക്കിന് വരുന്ന ആദിവാസി പിന്നോക്ക വിഭാഗക്കാരുടെയും സാധാരണക്കാരുടെയും ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും  ഉന്നതനിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനും വയനാട് ജില്ലയിൽ  മെഡിക്കൽ കോളേജ് അനിവാര്യമാണ്. ഇനിയും കാലതാമസം കൂടാതെ എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലെ പ്രവർത്തനം ആരംഭിക്കണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അസീസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി 
ഇ ജെ  ബാബു,മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ,  വി വി ആന്റണി, കെ സജീവൻ,  രജിത്ത് കമ്മന തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *