പതിവ് പ്രഖ്യാപന പ്രഹസനം മാത്രമാണ് ഇത്തവണത്തെയും സംസ്ഥാന ബജറ്റെന്ന് യു.ഡി.എഫ് ചെയര്‍മാന്‍
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടതുസര്‍ക്കാരിന്‍റെ പതിവ് പ്രഖ്യാപന പ്രഹസനം മാത്രമാണ് ഇത്തവണത്തെയും സംസ്ഥാന ബജറ്റെന്ന് വയനാട് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം അഭിപ്രായപ്പെട്ടു. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചോ, മറ്റ് അടിസ്ഥാന വിവരങ്ങളോ വ്യക്തമാക്കാതെ അടുത്ത കൊല്ലം തന്നെ മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്നും കോളജില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി സര്‍വ്വീസ് ആരംഭിക്കുമെന്നുമുള്ള ബജറ്റ് പ്രഖാപനം ആത്മാര്‍ത്ഥമാണെന്ന് കരുതാനാവില്ല. അതോടൊപ്പം പാരിസ്ഥിതിക അനുമതിക്കായി കേന്ദ്രത്തിന് അപേക്ഷ പോലും സമര്‍പ്പിക്കാതെ വയനാട് തുരങ്കപാത ഉദ്ഘാടനം പ്രഖ്യാപിച്ചതിന് സമാനമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് തന്നെ ബോധ്യമുള്ള പലപ്രഖ്യാപനങ്ങളും ഇത്തവണത്തെയും ബജറ്റിലുണ്ട്. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വന്യജീവി ആക്രമണങ്ങളും തൊഴില്‍ രംഗത്തെ വെല്ലുവിളികളും പരിഹരിച്ച് വയനാടന്‍ ജനതക്ക് പ്രത്യാശയേകുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ പോലും നടത്താന്‍ തയ്യാറാകാത്ത ഇടതുസര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍വേ പദ്ധതി അട്ടിമറിച്ചും രാത്രിയാത്രാ വിലക്ക് പരിഹരിക്കാതെയും തകര്‍ന്ന ചുരം റോഡുകള്‍ അറ്റകുറ്റപ്പണി നടത്താതെയും വയനാടന്‍ ജനതയെ തുറന്ന ജയിലിലടച്ച ഇടതുസര്‍ക്കാര്‍, പ്രഖ്യാപന പ്രഹസനങ്ങള്‍കൊണ്ട് ജില്ലയെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Leave a Reply