വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എൽ.ഡി.എഫിന്; ജുനൈദ് കൈപ്പാണി ചെയർമാൻ
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. വെള്ളമുണ്ട ഡിവിഷനിൽ നിന്നും എൽ.ഡി.എഫ് ബാനറിൽ ജനതാദൾ എസ് ടിക്കറ്റിൽ വിജയിച്ച ജുനൈദ് കൈപ്പാണിയാണ് ചെയർമാൻ .
ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനതാദൾ എസിനു നൽകിയ ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വെള്ളമുണ്ട. ഇരുപത്തഞ്ചു വർഷത്തെ യു.ഡി.എഫ് കുത്തക തകർത്തു കൊണ്ട് മിന്നും വിജയം നേടിയ ജുനൈദ് കൈപ്പാണിയെ തേടിയെത്തിയിരിക്കുന്ന പുതിയ ദൗത്യം ജില്ലയിലെ ഇടതുപക്ഷ പ്രവർത്തകർക്കാകെ പ്രത്യേകിച്ച് വെള്ളമുണ്ടയിലെ വോട്ടർമാർക്ക് ആഹ്ലാദം നൽകിയിരിക്കുകയാണ്. എട്ടേ എട്ടിൽ നിൽക്കുന്ന ജില്ലാ പഞ്ചായത്ത് കക്ഷി നിലയിൽ നെറുക്കെടുപ്പിലൂടെ ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ എൽ.ഡി.എഫിന് അനുകൂലമായി മാറിയ ഏക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് ജുനൈദിന്റേത്.
എഴുത്തും പ്രസംഗവും വായനയും സംഘാടനവും ഒരേ സമയം ഒത്തിണങ്ങി വന്ന വ്യക്തിത്വമാണ്. സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സജീവ സാന്നിധ്യവുമായ ജുനൈദ് പ്രമുഖ ന്യൂസ് പോർട്ടലായ വൈഡ് ലൈവ് ന്യൂസിന്റെ മാനേജിങ് എഡിറ്ററും ജേർണലിസ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യ മെമ്പറുമാണ്.
ഹൈസ്കൂൾ കാലഘട്ടത്തിൽ എസ്.എഫ്.ഐ യിലൂടെയാണ് ജുനൈദിന്റെ രാഷ്ട്രീയ പ്രവേശം. എസ്.എഫ്.ഐ. വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്,പനമരം ഏരിയ പ്രസിഡന്റ് , ഏരിയ സെക്രട്ടറി, വയനാട് ജില്ലാ കമ്മിറ്റിയംഗം എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആ കാലയളവിൽ വയനാട്ടിൽ നടന്ന സ്കൂളുകളിലെ കമ്പ്യൂട്ടർ പഠന ഫീസ് സമരം ,വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ തന്നെ നിലനിർത്തണമെന്നാവശ്യപെട്ട് നടന്ന സമരം, ബസ് കൺസെൻഷനുമായി ബന്ധപ്പെട്ട സമരം തുടങ്ങി നിർണായകമായ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ മുൻ നിരയിൽ നിന്ന്കൊണ്ട് പങ്കാളിയായിട്ടുണ്ട്.
2004 ൽ രജനി എസ് ആനന്ദ് എന്ന നിർദ്ധന വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ച സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും ജാതിവെറിക്കെതിരെയും കേരളത്തിൽ വ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട്ടിൽ നടന്ന സമരങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നിട്ടും നേതൃത്വപരമായ പങ്ക് വഹിച്ചു ശ്രദ്ധേയമാകാൻ ജുനൈദ് കൈപ്പാണിക്ക് സാധിച്ചിട്ടുണ്ട്.
കോളേജ് കാലഘട്ടത്തിലാണ് വിദ്യാർത്ഥി ജനതയിൽ ആകൃഷ്ടനാവുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെകുറിച്ചുളള വായനകൾ ജുനൈദിനെ ജനതാ രാഷ്ട്രീയത്തിലെത്തിച്ചു.
സോഷ്യലിസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 2007 ഫെബ്രുവരിയിൽ ചങ്ങനാശ്ശേരി വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയംഗം, വിദ്യാർത്ഥി ജനതാദൾ ജില്ലാ പ്രസിഡന്റ് ,സംസ്ഥാന പ്രസിഡന്റ് ,ദേശീയ സെക്രട്ടറി ,
യുവജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ,ദേശീയ സമിതിയംഗം എന്നി ചുമതലകൾ നിർവഹിച്ചു.
കർണാടകയിൽ വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്യാമ്പസ് വിദ്യാർത്ഥി രാഷ്ട്രീയവും സ്റ്റുഡന്റ് യൂണിയൻ ഇലക്ഷനും നിരോധിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ആ നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കി ക്യാമ്പസ് രാഷ്ട്രീയം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിദ്യാർത്ഥി ജനതാദൾ കർണാടക ഘടകം 2008 ജുലൈയിൽ ബാംഗ്ലൂർ റേസ് കോഴ്സ് ജംഗ്ഷനിൽ നടത്തിയ '' Re-introduce student politics '' എന്ന മുദ്രാവാക്യം കൊണ്ട് ശ്രദ്ധേയമായ ഉപവാസ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. കർണാടക ജനതാദൾ രാഷ്ട്രീയത്തിലെ പ്രമുഖരുമായി അടുത്ത സൗഹൃദ വലയമുണ്ടാകാൻ
വിദ്യാർത്ഥി ജനതാദൾ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചത്
ജുനൈദിന് സഹായകമായി.
2011ൽ വിദ്യാർത്ഥി ജനതാദളിന്റെ കേരളാ യൂണിവേഴ്സിറ്റി യൂണിയൻ പാർലിമെന്ററി പാർട്ടി ലീഡറായും തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ വയനാട്ടുകാരനായ വൈസ് ചെയർമാൻ എന്ന പ്രത്യേകതയുമുണ്ട്.
അന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പ്രത്യേക അഭിനന്ദനത്തിനു അർഹനായിട്ടുണ്ട്. കോമേഴ്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള ജുനൈദ് മനഃശാസ്ത്രത്തിൽ പി.ജി.യും കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 'രാപ്പാർത്ത നഗരങ്ങൾ' എന്ന യാത്രാവിവരണം മലയാളി വായനക്കാർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ജുനൈദ് കൈപ്പാണിയുടെ ശ്രദ്ധേയ ഗ്രന്ഥമാണ്.
മികച്ച പൊതുപ്രവർത്തകനുള്ള ധർമികം മാസിക അവാർഡും ശ്രീനാരായണ ഗുരു സംസ്‌കാരിക പരിഷത്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
യുവജനസേവാദൾ ദേശീയ പ്രസിഡന്റ്, മാതൃഭൂമി സ്റ്റഡി സർക്കിൾ ജില്ലാ പ്രസിഡന്റ്,മൗലാനാ ആസാദ് കൾച്ചറൽ ഫോറം സ്റ്റുഡന്റ്സ് വിങ്ങ് സംസ്ഥാന കൺവീനർ,കേരള മദ്യ വർജ്ജന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, ബസ് പാസഞ്ചേഴ്‌സ് കൗൺസിൽ ജില്ലാ സെക്രട്ടറി, സോഷ്യലിസ്റ്റ് സ്റ്റഡി സെന്റർ-കോ ഓർഡിനേറ്റർ എന്നി ചുമതലകളും വഹിച്ചിട്ടുണ്ട്. 2012-2014 കാലയളവിൽ വയനാട് ജില്ലാ ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
ലെറ്റസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അഗ്രിലാഡ് ,പ്രോഗ്രസ്സ് ഫൗണ്ടേഷൻ ഡയറക്ടറുമാണ്.
2010 ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനതാദൾ എസ് ടിക്കറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വെള്ളമുണ്ട പഞ്ചായത്ത് ആസ്ഥാന വാർഡിൽ നിന്നും മത്സരിച്ചെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാമമാത്ര വോട്ടിന് പരാജയപെട്ടു. അന്ന് മത്സരിച്ച വരിൽ വയനാട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളായിരുന്നു ഇരുപത്തൊന്നു കാരനായിരുന്ന ജുനൈദ്. ഇത്തവണ വാശിയേറിയ മത്സരത്തിനൊടുവിൽ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ജുനൈദ് പിടിച്ചെടുക്കുകയായിരുന്നു.
വെള്ളമുണ്ടയിലാണ് ജുനൈദിന്റെ
ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ.ഭാര്യ ജസ്‌ന ജുനൈദ്(അധ്യാപിക). മകൻ ആദിൽ ജിഹാൻ.മകൾ ജെസ ഫാത്തിമ. കാലിക്കറ്റ് യൂണിവേഴ്സിറ്റി,കേരള സർവകലാശാല,അണ്ണാമലൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണു
ഉപരിപഠനം.
ജില്ലക്ക് അകത്തും പുറത്തുമായി വ്യാപിച്ചുനിൽക്കുന്ന രാഷ്ട്രീയാതീതമായ വ്യക്തിബന്ധങ്ങളും ജനകീയ ഇമേജുമാണ് ജുനൈദിനെ വ്യത്യസ്തനാക്കുന്നത്.
യുവസൗമ്യമുഖമായ
ജുനൈദിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം പുതിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്ക് ജനകീയ മുഖവും പുത്തനുണർവും കാര്യക്ഷമതയും പ്രദാനം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ.
Leave a Reply