March 28, 2024

കുമിഴിയിലും ചുക്കാലിക്കുനിയിലും ടൂറിസം അഴിഞ്ഞാട്ടമെന്ന് പ്രകൃതി സംരക്ഷണ സമിതി – :നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം

0
1611825354531.jpg
.
                    വയനാട് വന്യ ജീവി കേന്ദ്രത്തിൻ്റെ ഉൾക്കാട്ടിലുള്ളതും പ്രാക്തന ഗോത്രവർഗ്ഗമായ കാട്ടുനായക്കർ , പണിയർ ,എന്നിവർ തിങ്ങിപ്പാർക്കുന്നതും ആയ കോളനിയോടും വനത്തോടും ചേർന്ന് സകല മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പരത്തി പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോം സ്റ്റേകളും ആദിവാസികളുടെയും വന്യജീവികളുടെയും സ്വൈര്യ ജീവിതത്തിന്ന് കടുത്ത ഭീഷണിയുയർത്തിയിരിക്കുന്നു . മുത്തങ്ങ റെയിഞ്ചിലെ കുമിഴി – ചുക്കാലിക്കുനി പ്രദേശങ്ങളിലെ ജനജീവിതം ദു:സഹമായിരിക്കയാണ്.നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും പഞ്ചായത്തും ജില്ലാ ഭരണകൂടവും ട്രൈബൽ ഉദ്യോഗസ്ഥരും വനംവകുപ്പും പൊലീസും മൌനം പാലിക്കുകയും അവരിൽ പലരും ഒത്താശകൾ ചെയ്തു കൊടുക്കുകയുമാണ്.
            നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ട കുമിഴിയിലും ചുക്കാലിക്കു നിയിലുമായി110 ഗോത്രവർഗ്ഗ കുടുംബങ്ങളും 20 ചെട്ടി സമുദായക്കാരുമാണ് താമസിക്കുന്നത് .ഈ കൊച്ചുഗ്രാമത്തിൽ 13 ഹോം സ്റ്റേകളും റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. അതിലൊന്ന് മുൻ ഡി.വൈ.എസ്.പിയുടെതാണ്. ഒന്നിനും തന്നെ പഞ്ചായത്ത് സൈൻസോ മറ്റു അനുമതികളോ ഇല്ല. ഗ്രാമത്തിൻ്റെ തെക്കെ അതിരിൽ വനത്തിലൂടെ നൂൽപ്പുഴ ഒഴുകുന്നുണ്ട്. ബന്ധിപ്പൂർ – മുതുമല – വയനാട് വന്യജീവി കേന്ദ്രങ്ങളുടെ സംഘമ കേന്ദ്രമാണ് ഈ ഗ്രാമങ്ങൾ .എല്ലാ കാലത്തും ഒഴുകുന്ന പുഴയുള്ളതിനാൽ ആനക്കൂട്ടങ്ങൾ ,  മാൻ കൂട്ടങ്ങൾ ,കടുവ , കാട്ടുപോത്ത് , കരടി തുടങ്ങിയ സകല വന്യജീവികളും പകൽ പോലും ഗ്രാമത്തിൽ വിഹരിക്കുന്നുണ്ട് .
          കുമിഴി- ചുക്കാലക്കുനി പ്രദേശത്തേക്ക് വനത്തിനുള്ളിലൂടെ മാത്രമെ വഴിയുള്ളൂ ഈ റോഡ് റിസർവ്വ് നോട്ടിഫിക്കേഷൻ പ്രകാരം ഗ്രാമത്തിലെ താമസക്കാർക്ക് മാത്രം ഉപയോഗിക്കാനെ നിയമം അനുവദിക്കുന്നുള്ളുവെങ്കിലും റിസോർട്ടുകൾ രാപ്പകൽ ഭേതമില്ലാതെ ഉപയോഗിക്കുന്നുണ്ട്.
         റിസോർട്ടിലെത്തുന്ന താമസക്കാർ വന്യജീവി കേന്ദ്രത്തിലും ആദിവാസി കോളനികൾക്കുള്ളിലും യാതൊരു നിയന്ത്രണവുമില്ലാതെ കൂട്ടം ചേർന്നും ഒറ്റക്കും ബഹളം കൂട്ടി അലഞ്ഞു നടക്കുന്നു. കാട്ടിനുള്ളിൽ പാട്ടും ഡാൻസും ചൂതാട്ടവും നടത്തുന്നു. തൊട്ടടുത്ത പുഴയിൽ കുളിക്കുന്ന ആദിവാസി സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും എതിർക്കുന്നവരെ  ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പകൽ പോലും സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയാണ് ഇവിടെ .   
   പുഴയരികിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും മദ്യപിക്കുയും രാത്രി കാലങ്ങളിൽ കാട്ടിനുള്ളിലും പുഴത്തീരത്തും ക്യാമ്പ് ഫയർഇടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. ആനക്കൂട്ടങ്ങളെയും മാൻ കൂട്ടങ്ങളെയും പ്രകോപിപ്പിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത് വനം ഉദ്യോഗസ്ഥർകണ്ടില്ലെന്നു നടിക്കുകയാണ്.
              റിസോർട്ടിൽ ജോലിക്കു പോയിരുന്ന മിനി എന്നു പേരായ യുവതി നാലു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. കാലത്ത് റിസോർട്ടിൽ ജോലിക്ക് പോയ യുവതിയെ പിറ്റെ ദിവസം പുലർച്ചെ അബോധാവസ്ഥയിൽ റിസോർട്ടു ജീവനക്കാർ വീട്ടിൽ കൊണ്ടുവന്ന് കിടത്തുകയായിരുന്നു. യുവതി കണക്കറ്റ് മദ്യപിച്ചിരുന്നു. അരക്കെട്ടിൽ നിന്നും രക്തം വാർന്നിരുന്നു. മൂന്നു ദിവസം അബോധാവസ്ഥയിൽ കിടന്ന യുവതി മരണപ്പെട്ടതിനെ തുടർന്ന് ഭർത്താവ് മണി പൊലീസിൽ പരാതിപ്പെട്ടെങ്കിലും പൊലീസും പ്രാദേശികരാഷ്ട്രീയ നേതാക്കളും ചേർന്ന് കേസ് ഒതുക്കുകയാണുണ്ടായത്
              എല്ലാ റിസോർട്ടുകളിലും ദിവസവും നേരം പുലരുന്നതുവരെ ഉച്ഛത്തിലുള്ള ശബ്ദകോലാഹലത്തോടെ നിശാ പാർട്ടികൾ നടക്കാറുണ്ട്. വൈദ്യുതിക്കവേണ്ടി 25 HP ഡീസൽ മോർട്ടോറുകൾ ഉപയോഗിക്കുന്നുണ്ട്. വനാവകാശ നിയമപ്രകാരം ആദിവാസികൾക്കു മാത്രം ഉപയോഗിക്കാൻ അവകാശമുള്ള കോളനിറോഡ്  നിയമവിരുദ്ധമായി  ഉപയോഗിക്കുന്നു .
           റിസോർട്ടിൽ നിന്നും ആദിവാസികൾക്ക് മദ്യം വിൽക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് കാട്ടിൽ എത്തിച്ചു കൊടുക്കും.
          കാട്ടുനായക്കകോളനിയോട് ചേർന്ന് ഇപ്പോൾ മറ്റൊരു പുതിയ റിസോർട്ടിൻ്റ നിർമ്മാണം അതിവേഗം പുരോഗമിക്കകയാണ്.നിർമ്മാണത്തിലിരിക്കുന്ന  റിസോർട്ടും വീടും തമ്മിൽ അര മീറ്റർ പോലും അകലമില്ല. വന്യ ജീവി ശല്യം മൂലം പൊറുതിമുട്ടിയ കർഷകരിൽ നിന്നും കുറഞ്ഞ വിലക്ക് ഭൂമി വാങ്ങി പുറത്തു നിന്നെത്തുന്നവർ റിസോർട്ടുകൾ നിർമ്മിക്കുകയാണ്.
          ബഹളം മൂലം പൊറുതിമുട്ടിയപ്പോൾ കോളനിവാസികൾ പ്രതിഷേധിക്കുകയും വനം വകുപ്പിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് റിസോർട്ട് ജീവനക്കാർ പ്രാദേശിക രാഷ്ടീയ നേതാവിെനാപ്പം ആദിവാസികളെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ചുക്കാലിക്കുനിയിലെ റിസോർട്ടിൻ്റെ തൊട്ടരികിൽ താമസിക്കുന്ന ചന്ദ്രികയുടെ 5 മാസം പ്രായമായ കുട്ടി ബഹളത്തെ തുടർന്ന് രാത്രി പല പ്രാവശ്യം ഞെട്ടിയുണരുകയും അസ്വാസ്ഥ്യം കാണിക്കുകയും ചെയ്തതിനെ തുടർന്ന് റിസോർട്ടുടമകളോട് പരാതിപെട്ടപ്പോൾ പൊലീസിനെ കൊണ്ട് കൈകാര്യം ചെയ്യിക്കുമെന്ന് പറഞ്ഞ് വിരട്ടുകയാണ് ചെയ്തത്.
          ഈ പ്രദേശത്തെ മുഴുവൻ ഹോം സ്റ്റേകളും റിസോർട്ടുകളും അടച്ചു പൂട്ടണമെന്നും മിനിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വനപാതകൾ ഗ്രാമീണ താമസക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും റിസോർട്ടുടമകൾക്കെതിരെ ആദിവാസി അതിക്രമ നിയമം, വന്യ ജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം കേസ്സെടുക്കണമെന്നും വയനാട് പ്രക്രുതി സംരക്ഷണ സമിതിയും കുമിഴി ആദിവാസി ഗ്രാമ പ്രതിനിധികളും ആവശ്യപ്പെടുന്നു. ജില്ലാ കലക്ടർ , ട്രൈബൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി, വന്യ ജീവി കേന്ദ്രം വാർഡൻ , ബാലാവകാശക്കമ്മീഷൻ എന്നിവർക്ക് നിവേദനം നൽകി. അടിയന്തിര നടപടികൾ ഉണ്ടാകാത്ത പക്ഷം പ്രക്ഷോഭങ്ങൾ സംസാപ്പിക്കാൻ ഗ്രാമ സമിതി തീരുമാനിച്ചു. പത്ര സമ്മേളനത്തിൽ 
      എൻ.ബാദുഷ ,.ചുക്കാലിക്കുനി ചന്ദ്രിക. കുമിഴി ഷീബ .കെ.എസ്.അനൂപ് ,ചുക്കാലിയ്ക്കുനി വസന്ത , തോമസ്സ് അമ്പലവയൽ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *