അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ജനസേവന തല്പരരായ യുവാക്കളെ നിയമിക്കണം : പനമരം പൗരസമിതി
പനമരം : അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ട് ജനസേവന തല്പരരായ യുവാക്കളെ പകരം നിയമിക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ സർവീസിൽ ജോലി എടുക്കുന്ന 60 ശതമാനത്തോളം ഉദ്യോഗസ്ഥരും അഴിമതിയുടെയും കൈക്കൂലിയുടെയും കാവൽക്കാരാണ്. ഇത് സത്യസന്ധമായി ജോലിയെടുക്കുന്നവരെ പോലും കുറ്റക്കാരാക്കി മാറ്റുകയാണ്. സർക്കാർ ഓഫീസുകളിൽ നടക്കുന്ന ഇത്തരം കൊള്ളരുതായ്മയുടെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സബ് ആർ.ടി.ഒ ജീവനക്കാരി സിന്ധു.
സത്യസന്ധമായി തൊഴിലെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. ആവശ്യത്തിലധികം ശമ്പളവും അലവൻസും സാമ്പത്തിക ഭദ്രതയും കൈപ്പറ്റിപ്പോരുന്ന ഇക്കൂട്ടർ നിസ്സാര കാര്യവുമായെത്തുന്ന പാവപ്പെട്ട ഗുണഭോക്താക്കളെ പോലും ചൂഷണം ചെയ്യുകയാണ്. തൊഴിൽ സംഘടനകളിൽ അംഗങ്ങളായാൽ ഏത് അഴിമതി നടത്തിയാലും പിടിക്കപ്പെട്ടാൽ സംഘടനകളുടെ സംരക്ഷണം കിട്ടും എന്ന തോന്നലാണ് ഇത്തരത്തിൽ അഴിമതിയും കൈക്കൂലിയും വർധിക്കാൻ കാരണമായത്. നിയമപരമായി രാഷ്ട്രീയ പ്രവർത്തനം പാടില്ല എന്നിരിക്കെ ജോലി ചെയ്യാതെ മുഴുവൻ സമയ സംഘടനാ പ്രവർത്തനവും, രാഷ്ട്രീയ പ്രവർത്തനവും നടത്തുന്നവരാണ് സർക്കാർ ജോലിക്കാരിൽ പലരും.
ഇതിനിടയിലും വിദ്യാസമ്പന്നരായ യുവതലമുറ തൊഴിൽ രഹിതരായി 45 ലക്ഷത്തിലധികം ഇവിടെ അലഞ്ഞു തിരിയുന്നുണ്ട്. കേവലം അഞ്ചുലക്ഷം സർക്കാർ ജീവനക്കാർക്ക് വേണ്ടി മൂന്നരക്കോടി ജനങ്ങൾ ത്യാഗം ചെയ്യുകയാണ്. ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും വർധിപ്പിച്ചു നൽകുന്നതിനായി സർക്കാർ നികുതി അടിക്കടി വർധിപ്പിക്കുമ്പോൾ അതിന്റെ ഭാരം താങ്ങേണ്ടത് സാധാരണക്കാരായ ജനങ്ങളാണ്.
ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. ജോലി ചെയ്യാതെ ശമ്പളം വാങ്ങുകയും കൈക്കൂലിയും അഴിമതിയും നടത്തുകയും ചെയ്യുന്ന മുഴുവൻ സർക്കാർ ജോലിക്കാരെയും പിരിച്ചുവിട്ട് പുതിയ ഉദ്യോഗാർത്ഥികളെ ആ സ്ഥാനങ്ങളിൽ നിയമിക്കണം. ഇപ്പോൾ നൽകുന്നതു പോലെ വാരിക്കോരി ശമ്പളം നൽകാതെ അതാത് കാലത്തെ ജീവിത നിലവാരതോത് അനുസരിച്ച് മാത്രമേ ശമ്പളം നൽകാവൂ. ഈ വ്യവസ്ഥ അംഗീകരിച്ച് തൊഴിൽ ചെയ്യാൻ ആയിരങ്ങൾ നമ്മുടെ നാട്ടിൽ തയ്യാറുള്ളവർ ഉണ്ടെന്ന സത്യം ഭരണ കർത്താക്കൾ തിരിച്ചറിയണം. തൊഴിൽ രഹിതരായ യുവതലമുറ ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ രംഗത്തിറങ്ങണം. ” കൈകൂലി വാങ്ങില്ല എന്നും യാതൊരു അഴിമതിക്കും കൂട്ടു നിൽക്കില്ല ” എന്നുമുള്ള സത്യപ്രസ്താവന മുഴുവൻ സർക്കാർ ജോലിക്കാരിൽ നിന്നും ശേഖരിച്ച് അതാത് ഓഫീസുകളിൽ എങ്കിലും പരസ്യപ്പെടുത്തിയാൽ ഉദ്യോഗസ്ഥർക്ക് ഒരു ഉൾഭയം ഉണ്ടായേക്കും. കൂടാതെ മോട്ടോർ വാഹന വകുപ്പ് ജനങ്ങളെ കുടുക്കാൻ കോടിക്കണത്തിന് രൂപയുടെ ക്യാമറകൾ നിരത്തുകളിൽ സ്ഥാപിച്ചത് പോലെ എല്ലാ സർക്കാർ ഓഫീസുകളിലും ക്യാമറ സ്ഥാപിച്ച് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കണം.
പല വികസിത രാജ്യങ്ങളിലും ഉള്ളതുപോലെ നിശ്ചിത എണ്ണം ഫയലുകൾ ഓരോ ജീവനക്കാരനും പൂർത്തീകരിച്ചിരിക്കണം. ചെയ്തില്ലെങ്കിൽ ശമ്പളമില്ല എന്ന വ്യവസ്ഥ നമ്മുടെ രാജ്യത്തും നടപ്പാക്കണമെന്നും പനമരം പൗരസമിതി ഭാരവാകൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ചെയർമാൻ അഡ്വ.ജോർജ് വാത്തു പറമ്പിൽ, കൺവീനർ റസാഖ് സി. പച്ചിലക്കാട്, ജോ.കൺവീനർ കാദറുകുട്ടി കാര്യാട്ട് എന്നിവർ സംസാരിച്ചു.
Leave a Reply