

മാനന്തവാടി: കടബാധ്യത മൂലം കഴിഞ്ഞ ദിവസം തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരില്‍ ആത്മഹത്യചെയ്ത യുവകര്‍ഷകന്‍ കെ വി രാജേഷിന്റെ കുടുംബത്തെ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ സന്ദര്‍ശിച്ചു. കര്‍ഷകസമൂഹത്തിനായി ഒന്നും ചെയ്യാത്ത കേന്ദ്ര-കേരളാ സര്‍ക്കാരുകളുടെ അവഗണനയുടെ ഇരയാണ് രാജേഷെന്ന് അദ്ദേഹം പറഞ്ഞു. കൃഷി ചെയ്ത് കുടുംബം പോറ്റിയിരുന്ന രാജേഷിന്റെ ആത്മഹത്യ നാടിനെ നടുക്കിയിരിക്കുകയാണ്. രാജേഷിന്റെ മരണത്തോടെ ഭാര്യയും മൂന്നു കുട്ടികളും അനാഥമായിരിക്കുകയാണ്. വീടിന്റെ സ്ഥിതി പോലും പരിതാപകരമായ അവസ്ഥയിലാണ്. ചോര്‍ന്നൊലിക്കുന്ന ഒരു കൂരയിലാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരോടുള്ള അവഗണന തുടരുന്നതാണ് ഈ മേഖലയിലുള്ളവരുടെ ആത്മഹത്യ വര്‍ധിച്ചു വരാന്‍ കാരണം. ജനകീയ വിഷയങ്ങളില്‍ ഇടപ്പെടാതെ നടക്കാന്‍ പോകാത്ത കെ.റെയിലിന്റെ പിറകില്‍ പോകാനാണ് സര്‍ക്കാരിന് താല്‍പര്യം. കെ റെയില്‍ നടപ്പിലാക്കി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വരുത്തിവെക്കുന്നതിന് പകരം കര്‍ഷകരുടെയും പാവപ്പെട്ടവരുടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസം മുമ്പ് കുറുക്കന്‍മൂലയില്‍ കടുവ പിടിച്ച കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കാന്‍ നാളിതുവരെയായിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. രണ്ടാം ഘട്ടത്തില്‍ അധികാരം കിട്ടിയ ധാര്‍ഷ്ട്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത്. വയനാട്ടില്‍ കാര്‍ഷിക പ്രതിസന്ധികള്‍ ആളികത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയിരക്കണക്കിന് കര്‍ഷകര്‍ ജപ്തിഭീഷണിയുടെ നിഴലിലാണ്. കാലാവസ്ഥ വ്യതിയാനവും കോവിഡ് സാഹചര്യവുമൂലവും കാര്‍ഷികോല്‍പ്പന്ന വില തകര്‍ച്ചയും മൂലം കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. ജീവനൊടുക്കിയ രാജേഷിന് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്ലസ്ടു വരെ പഠിച്ച ഭാര്യ പ്രീതക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. കുടുംബത്തിന്റെ മൂന്ന് ലക്ഷത്തോളം രൂപയുടെ കടം സര്‍ക്കാര്‍ ഏറ്റെടുത്ത് കുടുംബത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.കെ.ജയലക്ഷ്മി, സതീശന്‍ പുളിമൂട്, സുശോഭ് ചെറുകുമ്പം, അബ്ദുള്ള പാണ്ടിക്കടവ്, ദിനേശന്‍ കോട്ടിയൂര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുടുംബത്തിന് അടിയന്തര സഹായമായി 10000 രൂപ നല്‍കാനും തീരുമാനിച്ചു.



Leave a Reply