IMG-20220719-WA00593.jpg

കൃഷിമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കർഷകരുമായി സംവദിക്കാൻ കൃഷിയിടങ്ങളിലേക്ക്


AdAd

തിരുവനന്തപുരം : മന്ത്രി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇനിമുതൽ കൃത്യമായ ഇടവേളകളിൽ നേരിട്ട് കർഷകരുമായി സംവദിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതായിരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. 
കൃഷിമന്ത്രി, കാർഷികോൽപാദന കമ്മീഷണർ, കൃഷി സെക്രട്ടറി, കൃഷി ഡയറക്ടർ എന്നിവർ രണ്ട് മാസത്തിലൊരിക്കലും അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവർ മാസത്തിലൊരിക്കലും , ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ആഴ്ചയിലൊരിക്കലും ഇത്തരം സന്ദർശന പരിപാടി നടത്തും. നടപ്പ് വർഷത്തെ കാർഷിക വികസനങ്ങൾക്കായുള്ള ധനാഭ്യർത്ഥന നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കാർഷിക മേഖലയിലടിസ്ഥാനമാക്കിയ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും. ഭക്ഷ്യസ്വയം പര്യാപ്തത, ഭക്ഷ്യ സുരക്ഷ, കർഷകരുടെ വരുമാന വർദ്ധനവ്, കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ, എന്നിവ ഉറപ്പാക്കുമെന്നും പാരിസ്ഥിതിക മേഖല ആധാരമാക്കി നൂതന കൃഷി രീതികളും ആധുനിക സാങ്കേതിക വിദ്യകളും പാരമ്പര്യ കൃഷിവിജ്ഞാനവും സംയോജിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതികൾ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിനായി ലഭ്യമാകുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഫലപ്രദമായി സംയോജിപ്പിക്കുമെന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും കാർഷിക സേവനങ്ങളും ത്വരിതപ്പെടുത്തുമെന്നും ഇതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കി സുസ്ഥിരവും കാലാവസ്ഥ അനുപൂരകവുമായ കാർഷിക മേഖല സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. 
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷികമേഖലയിൽ വിഷൻ 2026 നു രൂപം നൽകിയിട്ടുണ്ടെന്നും ഇതു രാജ്യത്തിനുതന്നെ മാതൃകയാണെന്നും കൃഷിമന്ത്രി സൂചിപ്പിച്ചു. ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം, വരുമാന വർധനവ്, തൊഴിലവസരങ്ങൾ എന്നീ നാല് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വിഷൻ 2026 രൂപകല്പന ചെയ്തിട്ടുള്ളത്. .
ഭക്ഷ്യോത്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനം നല്ലരീതിയിൽ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇത് നിലനിർത്തിക്കൊണ്ട് സംഭരണം, സംസ്കരണം, വിപണനം എന്നീ മേഖലകളിൽ കൂടി ഇടപെടലുകൾ നടത്തുവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. വാങ്ങൽ ശേഷിക്കു പ്രാധാന്യം കൊടുത്തത് കൊണ്ടുതന്നെ സുരക്ഷിത ഭക്ഷണ ഉത്പാദനത്തിന്റെ കാര്യത്തിൽ നാം പിന്നിലേക്ക് പോകുകയുണ്ടായി. ഇത് പരിഹരിക്കപ്പെടണം. 35 മുതൽ 45 ശതമാനം വരെ കാൻസർ രോഗങ്ങൾക്കും കാരണം നമ്മുടെ ഭക്ഷണ ശൈലി തന്നെയാണ്. സുരക്ഷിത ഭക്ഷണ ഉത്പാദനം എന്ന ആശയം മുൻനിർത്തി കൊണ്ട് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. 10000 കൃഷി കൂട്ടങ്ങളാണ് പദ്ധതിയിൽ ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ 24500 കൃഷി കൂട്ടങ്ങൾ രൂപീകരിക്കുവാൻ കഴിഞ്ഞു. ഈ കൃഷി കൂട്ടങ്ങളിൽ 80 ശതമാനം ഉത്പാദന മേഖലയിലും ശേഷിക്കുന്ന 20% സംഭരണ-സംസ്കരണ-വിപണന മേഖലകളിലുമായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ പഴം- പച്ചക്കറി- കിഴങ്ങുവർഗങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ സംസ്ഥാനത്തിന് സ്വയംപര്യാപ്തത എത്താൻ കഴിയും.
വിള അടിസ്ഥാനത്തിലുള്ള കൃഷി ആസൂത്രണം എന്നതിൽ നിന്നുമാറി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷി ആസൂത്രണം എന്ന രീതിയിൽ ഫാം പ്ലാൻ ബേസ്ഡ് പ്രൊജക്റ്റ് എന്ന ഒരു പുതിയ പദ്ധതി ഈ വർഷം മുതൽ നടപ്പിലാക്കുകയാണ്. 10760 കൃഷിയിടങ്ങൾ ആദ്യഘട്ടത്തിൽ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓരോ പ്രദേശത്തിനും ഒരു ഉത്പാദന വിലനിർണയ വിപണന കലണ്ടർ ഉണ്ടാകും. ഉൽപ്പാദനചെലവിന് അനുസരിച്ച് ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കർഷകന് ആയിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൃഷി ഒരു കാർഷിക കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം ആക്കുകയാണ് ലക്ഷ്യം. നാഷണൽ സാമ്പിൾ സർവേ പ്രകാരം കാർഷിക കുടുംബത്തിന്റെ ശരാശരി പ്രതിമാസ പ്രതിവർഷ വരുമാന കണക്കിൽ സംസ്ഥാനം രാജ്യത്ത് മൂന്നാം സ്ഥാനത്തു നിൽക്കുകയാണ്. ഭക്ഷ്യ ഉൽപ്പാദനത്തിൽ ഉണ്ടായ പുരോഗതിയാണ് ഈ നേട്ടത്തിനു കാരണം.
പ്രകൃതി സൗഹൃദമായ കൃഷിക്ക് വിഷൻ 2026 പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി കാർബൺ തുലിതാ കൃഷി നടപ്പിലാക്കുന്ന സംസ്ഥാനം ആയി മാറിയിരിക്കുകയാണ് കേരളം. സംസ്ഥാനത്തെ പതിനാല് ഫാമുകളിൽ ആദ്യഘട്ടമെന്ന നിലയിൽ കാർബൺ തുലിതാ കൃഷി നടപ്പിലാക്കും. രാജ്യത്തെ തന്നെ ആദ്യ കാർബൺ തുലിത ഫാം ആയി ആലുവ ഫാം മാറിയിട്ടുണ്ട്. ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനം മറ്റൊരു പ്രധാന അജണ്ടയാണ്. അട്ടപ്പാടിയിലെ 72 ഊരുകളിൽ ആയി 600 ഹെക്ടർ ചെറുധാന്യ കൃഷി നടപ്പിലാക്കി. ചെറുധാന്യങ്ങളുടെ മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണത്തിനായി ഒരു സംസ്കരണ യൂണിറ്റ് ഈ മാസം അട്ടപ്പാടിയിൽ പൂർത്തിയാകും. 140 കൃഷിഭവനുകൾ സ്മാർട്ട് കൃഷിഭവനുകൾ ആകുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ നടന്നുവരികയാണ്. 
2021- 22 കാലഘട്ടത്തിൽ 8000 ഏക്കർ തരിശുനിലങ്ങളിൽ കൃഷി നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. നെല്ലിന്റെ സംഭരണ വിലയായ 28. 20/- എന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ സംഭരണവിലയാണ്. നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി 2000 രൂപയിൽ നിന്നും 3000 രൂപയായി വർധിപ്പിച്ചു. 2015 -16 ൽ പച്ചക്കറി ഉത്പാദനം 6.18 ലക്ഷം മെട്രിക് ടൺ ആയിരുന്നുവെങ്കിൽ 20 -21ൽ അത് 16.01 ലക്ഷം മെട്രിക് ടൺ ആയി വർദ്ധിച്ചു . കൃഷിവകുപ്പിൽ സോഷ്യൽ ഓഡിറ്റിംഗ് സംവിധാനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇൻഷുറൻസിന്റെ കാര്യത്തിൽ കർഷകർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സ്മാർട്ട് ഇൻഷുറൻസ് എന്ന ഒരു പുതിയ പദ്ധതി ആലോചനയിലുണ്ട്. കേന്ദ്ര ത്തിന്റെ പിന്തിരിപ്പൻ നയം ഒന്നുകൊണ്ടുമാത്രമാണ് നാളികേര സംഭരണത്തിൽ ചില തടസ്സങ്ങൾ നിലനിൽക്കുന്നത്. വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്ന സംഘങ്ങൾക്ക് സംഭരണം അനുവദിക്കില്ല എന്ന കേന്ദ്രത്തിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും മന്ത്രി സൂചിപ്പിച്ചു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഉല്പാദന വിള നിർണ്ണയ വിപണന രേഖയെ അടിസ്ഥാനമാക്കി വിളയിടാധിഷ്ഠിത ആസൂത്രണവും ഫാം പ്ലാനും ഉല്പാദന കലണ്ടറും തയ്യാറാക്കും. വാർഡ് അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഫാം പ്ലാൻ യഥാക്രമം പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ ക്രോഡീകരിക്കുമെന്നും. ഇങ്ങനെ ഓരോ കൃഷിയിടത്തിലും എന്തെല്ലാം കൃഷി ചെയ്യാമെന്നും എത്രത്തോളം കാർഷികോല്പന്നങ്ങൾ ഉല്പാദിപ്പിക്കാനാവുമെന്നും വ്യക്തത ലഭിക്കും. ഓരോ കൃഷിയിടത്തിലെയും ഉല്പാദന ക്ഷമത പരമാവധി വർദ്ദിപ്പിക്കാനും കർഷകർക്ക് വരുമാനം വർദ്ദിപ്പിക്കുന്നതിനുമുള്ള സമഗ്ര പദ്ധതികൾ ഇതിലൂടെ സാക്ഷാത്കരിക്കാനാവും. ഭക്ഷ്യോൽപന്നങ്ങളെല്ലാം വാങ്ങി ഉപയോഗിക്കാനുള്ളതാണെന്ന ധാരണ തിരുത്തപ്പെടണമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ തന്നെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കാർഷിക മേഖലയിലെ ഇടപെടലുകളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വിപണിയിൽ നിന്നുള്ള കാർഷികോല്പന്നങ്ങളിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള പരിശോധനകളിൽ തെളിയുന്നത് ഇപ്പോഴും പല ഉല്പന്നങ്ങളിലും വിഷാംശം കണ്ടെത്തുന്നു എന്നുള്ളതാണ്. സ്വന്തമായി കൃഷി ചെയ്യാതെ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാവില്ല. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനും കൂടിയാണ്.
കാര്യക്ഷമമായ പദ്ധതി ആസൂത്രണം ലക്ഷ്യ പ്രാപ്തിക്ക് അനിവാര്യമാണ്. അതിനായി കൃഷി വകുപ്പിൽ സോഷ്യൽ ഓഡിറ്റിങ് ആരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാർഷിക മേഖലയെയാണ്. ഇത് അവഗണിച്ചുകൊണ്ട് പോകാനാവില്ല. അടിയന്തിര സാഹചര്യങ്ങളിൽ ഇടപെടൽ നടത്താൻ കോർപ്പസ് ഫണ്ട് പോലുള്ള സംവിധാനങ്ങൾ അനിവാര്യമാണ്. ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് ഇതിനായി നടപടികൾ സ്വീകരിക്കും. ഹോർട്ടികോർപ്പ് മുഖേന കർഷകർക്ക് വിതരണം ചെയ്ത തീർക്കാനുള്ള കുടിശിഖ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. നാളിതുവരെ ഹോർട്ടികോർപ്പ് മുഖേന കർഷകർക്ക് കൊടുത്തു തീർത്തതിൽ വച്ച് ഏറ്റവും കൂടുതൽ തുകയാണ് ഈ വർഷം വിതരണം ചെയ്തിട്ടുള്ളത്. കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു പദ്ധതിയാണ് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി. ഈ പദ്ധതിയെ ശാസ്ത്രീയമായി പുനഃക്രമീകരിച്ചുകൊണ്ട് സ്മാർട്ട് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.