April 16, 2024

ബാണാസുര സാഗര്‍ അണക്കെട്ടിലെ കൂട് മത്സ്യകൃഷി സന്ദര്‍ശിച്ച് മന്ത്രി

0
Img 20220405 211103.jpg
പടിഞ്ഞാറത്തറ : ബാണാസുര സാഗര്‍ അണക്കെട്ടിലെ കൂട് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന വിവിധ ഹാച്ചറികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ചൊവ്വാഴ്ച്ച രാവിലെ ബാണാസുരയില്‍ എത്തിയത്. സംസ്ഥാനത്ത് മത്സ്യകൃഷി വ്യാപകമാക്കാനുളള വിവിധ പദ്ധതികള്‍ സര്‍ക്കാറിന്റെ പരിഗണയിലുണ്ടെന്ന് മന്ത്രി സന്ദര്‍ശന വേളയില്‍ പറഞ്ഞു. ഉള്‍നാടന്‍ മത്സ്യകൃഷിയും അലങ്കാരമത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടികളും ഉണ്ടാകും. നിലവില്‍ വനംവകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുളള 6 ഡാമുകളില്‍ കൂട് മത്സ്യകൃഷി നടത്തുന്നുണ്ട്. മൂന്ന് ഡാമുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടക്കുകയാണ്. ബാണാസുര ഡാമിലെ കൂട് മത്സ്യകൃഷി വന്‍വിജയമാണ്. 200 ടണ്‍ മത്സ്യം ഇവിടെ നിന്നും ഉല്‍പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രദേശത്തെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 191 പേരാണ് കൂട് കൃഷി മുന്നോട്ട് കൊണ്ടു പോകുന്നത്. ആദിവാസി വിഭാഗത്തിന്റെ സാമ്പത്തിക പിന്നോക്ക അവസ്ഥ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള തീരുമാനം എടുത്തത്. വിളവെടുക്കുന്ന മത്സ്യങ്ങള്‍ കേരളത്തിലെ എല്ലാ മാര്‍ക്കറ്റുകളിലും എത്തിക്കാന്‍ അനുസൃതമായ സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ട്. ന്യായവില ഉറപ്പാക്കിയാല്‍ ഗുണഭോക്താക്കള്‍ക്ക് വരുമാന സ്രോതസ് ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
റീ ബില്‍ഡ് കേരളയുടെ ഭാഗമായിട്ടാണ് ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൂട് മത്സ്യകൃഷി ആരംഭിച്ചത്. തദ്ദേശീയ പട്ടികവര്‍ഗ അംഗങ്ങളെ സംഘടിപ്പിച്ചു കൊണ്ടുള്ള പങ്കാളിത്ത പദ്ധതി ഏജന്‍സി ഫോര്‍ ഡവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (അഡാക്) വഴിയാണ് നടപ്പാക്കുന്നത്. ജലാശയത്തില്‍ പ്രത്യേകം കൂടുകള്‍ സ്ഥാപിച്ച് അതില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തുന്നതാണ് രീതി. ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി, മത്സ്യ സമൃദ്ധി പദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ബാണാസുര സാഗര്‍ പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളി റിസര്‍വോയര്‍ സഹകരണ സംഘത്തിലെ അംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, ജലകൃഷി വികസന ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ഇഗ്നേഷ്യസ് മണ്‍റോ, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എം. താജുദ്ധീന്‍, ബി.കെ. സുധീര്‍ കിഷന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ജുഗുനു, കെ. റഫീക് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ബാണാസുര സന്ദര്‍ശനത്തിനു ശേഷം തളിപ്പുഴ ഹാച്ചറിയും പൂക്കോട് തടാകവും മന്ത്രി സന്ദര്‍ശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *