March 29, 2024

അച്ചടിമാധ്യമങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് ഐ.എൻ.എസ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ

0
Img 20220705 Wa00002.jpg
കോഴിക്കോട്: കോവിഡ് പ്രതിസന്ധിയും നീണ്ടുനിൽക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം അച്ചടിമാധ്യമങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) കേരള റീജനൽ കമ്മിറ്റി ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടു.

പത്രവ്യവസായത്തിന്റെ ഉൽപാദനച്ചെലവിന്റെ 50 ശതമാനത്തിലധികം പത്രക്കടലാസാണ്. കോവിഡ് മൂലം ആഗോളതലത്തിൽ പത്രവ്യവസായം പ്രതിസന്ധിയിലായതോടെ വിദേശ രാജ്യങ്ങളിലെ ഫാക്ടറികൾ പലതും അടച്ചുപൂട്ടിയതിനാൽ പത്രക്കടലാസ് ലഭ്യതയിൽ വൻ ഇടിവുണ്ടായി. ഇതുമൂലം കടലാസ് വില കഴിഞ്ഞ ഒന്നര വർഷമായ കുതിച്ചുയരുകയാണ്.
ഇന്ത്യയിലേക്കാവശ്യമായ പത്രക്കടലാസിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽനിന്നാണ്. യു.എസും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയിൽനിന്നുള്ള പത്രക്കടലാസ് ഇറക്കുമതി നിലച്ചു. അതോടെ വില കൂടി. ടണ്ണിന് 450 യു.എസ് ഡോളറായിരുന്ന പത്രക്കടലാസിന്റെ വില ഇപ്പോൾ 1000 ഡോളർ കടന്നിരിക്കുന്നു. ചരക്കുനീക്കം തടസ്സപ്പെട്ടതുകൊണ്ട് കണ്ടെയ്നറുകളുടെ ലഭ്യത പ്രതിസന്ധിയിലായിട്ടുണ്ടെന്നും ശ്രേയാംസ്കുമാർ പത്രക്കുറിപ്പിൽ പറഞ്ഞു. വിതരണശൃംഖലയിൽ സമ്മർദമേറിയതോടെ ഷിപ്പിങ് കമ്പനികൾ നിരക്കുകൾ നാലും അഞ്ചും ഇരട്ടിയാക്കി.
അടിക്കടിയുണ്ടാവുന്ന ഇന്ധനവില വർധന കാരണം പത്രവ്യവസായത്തിനാവശ്യമായ അംസ്കൃത വസ്തുക്കൾക്കും മഷി മുതലായ രാസപദാർഥങ്ങൾക്കും 50 ശതമാനം വിലവർധനയാണ് ഉണ്ടായിട്ടുള്ളത്. അച്ചടിമാധ്യമങ്ങൾക്കാവശ്യമായ അലൂമിനിയം പ്ലേറ്റുകൾക്ക് 40 ശതമാനത്തോളം വിലവർധനയുണ്ടായി. റഷ്യ കൂടാതെ പത്രക്കടലാസിന് ഇന്ത്യ ആശ്രയിക്കുന്ന കാനഡയിലും ഫിൻലൻഡിലും തൊഴിൽ സമരങ്ങൾ കാരണം മില്ലുകൾ അടച്ചിട്ടതുമൂലം ഇറക്കുമതി സാധ്യമാവാതെ വന്നു. ഇറക്കുമതി ചെയ്യുന്ന കടലാസിന് അഞ്ചു ശതമാനം തീരുവയും ചുമത്തുന്നുണ്ട്.
കൂടാതെ, കേരളത്തിൽ ഈയടുത്ത കാലത്ത് വൈദ്യുതി നിരക്ക് 10 ശതമാനത്തിലധികം വർധിപ്പിച്ചതും അച്ചടിവ്യവസായത്തെ സാരമായി ബാധിച്ചു. പത്രവ്യവസായത്തിന്റെ നിലനിൽപുതന്നെ ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുള്ളത്.
ജനങ്ങൾക്ക് അറിയാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ് ഇങ്ങനെ സംഭവിച്ചാൽ ഉണ്ടാവുക. ഇക്കാരണങ്ങളാൽ അച്ചടിമാധ്യമങ്ങളെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് ശ്രേയാംസ് കുമാർ അഭ്യർഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *