April 20, 2024

കാലവര്‍ഷക്കെടുതിയില്‍ പ്പെട്ടവര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20220714 Wa00362.jpg
 കല്‍പ്പറ്റ:കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കും, കൃഷി നാശം, വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 150 ഓളം ഏറെ ഹെക്ടറില്‍ കൃഷി നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള പ്രാഥമിക കണക്കു പ്രകാരം നൂറു കോടിയോളം രൂപയുടെ നാശനഷ്ടമാണ് ഈ കാലവര്‍ഷ ക്കെടുതിയിലുണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ രണ്ടരലക്ഷത്തോളം വാഴകളാണ് കനത്ത മഴയിലും, കാറ്റിലും നിലം പൊത്തിയത്. രണ്ടരലക്ഷത്തോളം കുലച്ചവാഴകളും, 45,000 ത്തോളം കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്. വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കൃഷി വകുപ്പിന്റെ തന്നെ കണ്ടെത്തല്‍. യഥാര്‍ത്ഥ നഷ്ടം ഇതിലും എത്രയോ വലുതാണ്. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയില്‍ നാശം നേരിട്ടിട്ടുണ്ട്. കാലം തെറ്റിയുള്ള കാലാവസ്ഥമൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. മിക്ക കര്‍ഷകരും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്.
    കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും, 53 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. 30 വീടുകളാണ് വൈത്തിരിയില്‍ ഭാഗികമായി തകര്‍ന്നിട്ടുള്ളത്. കൂടാതെ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളായ പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, വെങ്ങപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളില്‍ ഏഴോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സര്‍ഫാസി ഉള്‍പ്പെടെയുള്ള ജപ്തി നടപടികളും, വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുന്ന കര്‍ഷകന് മഴക്കെടുതി മൂലം ഉണ്ടായ കനത്ത നാശനഷ്ടം ഒരു ദുരന്ത സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് ഈ സാഹചര്യം പഠിച്ച് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്നും, മുഴുവന്‍ നഷ്ടവും നികത്തുവാനുള്ള നടപടി സ്വീകരിക്കണമെന്നും, കൃഷി നാശത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള എല്ലാവിധ ലോണുകളിലും പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുവാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് എം.എല്‍.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൃഷി നശിച്ച കര്‍ഷകര്‍ക്കും, വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും അടിയന്തിര ധനസഹായം ലഭ്യമാക്കുന്നതിനും, വെള്ളം കയറുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ പൂര്‍ണ്ണമായും മാറ്റി താമസിപ്പിക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *