April 25, 2024

സംസ്ഥാന നേതൃത്വത്തിന് മുമ്പേ എല്‍.ഡി.എഫിനൊപ്പം നടന്ന് കേരള കോണ്‍ഗ്രസ്(എം)വയനാട് ഘടകം

0
കൽപ്പറ്റ:
-ജോസ് കെ.മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ്(എം)ഇടതുമുന്നിയുടെ ഭാഗമാകുന്നതിനു സാധ്യത വര്‍ധിച്ചിരിക്കെ ആഹഌദത്തിന്റെ അമിട്ടുപൊട്ടുകയാണ് പാര്‍ട്ടി വയനാട് ഘടകത്തില്‍.തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ എല്‍.ഡി.എഫ് ബാനറിനുകീഴില്‍ അന്തസോടെ നേരിടാമെന്ന പ്രതീക്ഷ തുടികൊട്ടുകയാണ് കേരള കോണ്‍ഗ്രസ്(എം) ജില്ലാ നേതാക്കളിലും പ്രവര്‍ത്തകരിലും.കഴിഞ്ഞ അഞ്ചു വര്‍ഷമായി ജില്ലയില്‍ ഇടത്തോട്ടു ചാഞ്ഞാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ നടപ്പ്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വൈകാതെ അതിനു ഔദ്യോഗിക പരിവേഷമാകും. 2015 നവംബറില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്(എം)ജില്ലാ നേതൃയോഗത്തിലായിരുന്നു യു.ഡി.എഫ് വിടാനുള്ള തീരുമാനം.സംസ്ഥാനത്തു ആദ്യമായി യു.ഡി.എഫില്‍നിന്നു മാറിയ പാര്‍ട്ടി ജില്ലാ ഘടകവും വയനാട്ടിലേതാണ്. 
കേരള കോണ്‍ഗ്രസ്(എം)ടിക്കറ്റില്‍ മുനിസിപ്പല്‍ കൗണ്‍സിലെത്തിയ ടി.എല്‍.സാബുവാണ്  നിലവിലെ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍.മുനിസിപ്പല്‍ കൗണ്‍സിലിലെ സി.പി.എം അംഗങ്ങളുടെ പിന്തുണയോടെയും കേരള കോണ്‍ഗ്രസ്(എം) ജില്ലാ നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയുമാണ് സാബു നഗരസഭാധ്യക്ഷനായത്. 
ജില്ലയില്‍ കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസുമായി മുഷിഞ്ഞു യു.ഡി.എഫുമായി അകന്നതാണ് കേരള കോണ്‍ഗ്രസ്(എം).തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിക്താനുഭവമാണ് കേരള കോണ്‍ഗ്രസിനുണ്ടായത്.ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചവരെല്ലാം തോറ്റു.ജില്ലയിലെ നാല് ബ്ലോക്കുകളിലുമായി പാടിച്ചിറ,നടവയല്‍,എടവക ഡിവിഷനുകളാണ് ജനവിധി തേടുന്നതിനു യു.ഡി.എഫ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയത്.മൂന്നിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിച്ചവരെയും കോണ്‍ഗ്രസ് കാലുവാരി. ബത്തേരി നഗരസഭയില്‍ യുഡിഎഫിനു വ്യക്തമായ മേല്‍ക്കൈയുള്ള  കട്ടയാട് വാര്‍ഡില്‍ ടി.എല്‍. സാബു നറുക്കെടുപ്പിലൂടെയാണ് രക്ഷപെട്ടത്.ഇതില്‍ കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതാക്കളുടെയും അണികളുടെയും മനസ്സിലുണ്ടായ കലക്കമാണ് ബത്തേരി നഗരസഭയില്‍ സി.പി.എമ്മുമായുള്ള കൂട്ടിനു വഴി തുറന്നത്. 
ബത്തേരി നഗരസഭയില്‍ ആകെയുള്ള 35 സീറ്റുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും 17 വീതം സീറ്റുകളാണ് നേടിയത്. ഒരു സീറ്റില്‍ ബി.ജെ.പി വിജയിച്ചു. ഈ ഘട്ടത്തിലാണ് യു.ഡി.എഫ് ടിക്കറ്റില്‍ വിജയിച്ച ടി.എല്‍. സാബുവിന്റെ പിന്തുണയോടെ  സി.പി.എം മുനിസിപ്പല്‍ ഭരണം പിടിച്ചത്. ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം എന്ന ഉറപ്പിലാണ് കേരള കോണ്‍ഗ്രസ്-എം ഇടതു മുന്നണിക്കൊപ്പം നിന്നത്. ധാരണയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിലെ സി.കെ.സഹദേവന്‍ രാജിവച്ച ഒഴിവിലാണ് ടി.എല്‍.സാബു 2018 ഏപ്രില്‍ 26നു നഗരസഭാധ്യക്ഷനായത്. 
ബത്തേരി നഗരസഭാഭരണവുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷം പ്രാബല്യമുള്ള ധാരണയാണ് സി.പി.എം,കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃത്വം ഉണ്ടാക്കിയത്.സംസ്ഥാനതലത്തില്‍ കേരള കോണ്‍ഗ്രസ്(എം)യു.ഡി.എഫിന്റെ ഭാഗമായിരിക്കെയായിരുന്നു ഇത്. 
സി.പി.എമ്മുമായുള്ള  ബന്ധം അവസാനിപ്പിക്കണമെന്ന യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ  ആവശ്യത്തിനു കേരള കോണ്‍ഗ്രസ്(എം)ജില്ലാ ഘടകം ചെവികൊടുത്തില്ല.
ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മിനെ യു.ഡി.എഫ് ജില്ലാ നേതൃത്വം 2018  സെപ്റ്റംബര്‍ 12നു മുന്നണിയില്‍നിന്നു പുറത്താക്കിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ ടി.എല്‍.സാബുവിനെ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പിന്‍വലിക്കണമെന്നു കേരള കോണ്‍ഗ്രസ്-എം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കുകയുണ്ടായി.യു.ഡി.എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്നു ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്നതിനു സന്നദ്ധത അറിയിച്ച ടി.എല്‍.സാബു പിന്നീടു നിലപാടു മാറ്റുകയാണുണ്ടായത്.പാര്‍ട്ടി ജില്ലാ നേതൃത്വവും സാബുവും ഇപ്പോള്‍ നല്ല രസത്തിലല്ല.പാര്‍ട്ടി തീരുമാനത്തിന്റെ ലംഘനത്തിനു സാബുവിനെ അയോഗ്യനാക്കണമെന്നു ആവശ്യപ്പെട്ടു  കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ നല്‍കിയ കേസില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീര്‍പ്പുകല്‍പ്പിക്കാനിരിക്കയാണ്. ഏതാനും ദിവസമായി ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു അവധിയെടുത്തിരിക്കയാണ് ടി.എല്‍.സാബു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ മോശം പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം  അവധിയില്‍ പ്രവേശിച്ചത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news