ആയിരക്കണക്കിന് ഭൂവുടമകളുടെ റീസര്‍വ്വെ അപാകതകള്‍ പരിഹരിക്കല്‍ നടപടി അനിശ്ചിതത്വത്തിലായി
സര്‍വ്വെയര്‍മാരെ പിന്‍വലിച്ചു-വെള്ളമുണ്ടയില്‍ ആയിരക്കണക്കിന് ഭൂവുടമകളുടെ റീസര്‍വ്വെ അപാകതകള്‍ പരിഹരിക്കല്‍ നടപടി അനിശ്ചിതത്വത്തിലായി.
വെള്ളമുണ്ട; മൂന്ന് വര്‍ഷമായിട്ടും റീസര്‍വ്വെയിലെ അപാകതകള്‍ പരിഹരിക്കപ്പെടാത്ത വെള്ളമുണ്ട വില്ലേജില്‍ നിന്നും ആറ് സര്‍വ്വെയര്‍മാരെ പിന്‍വലിച്ചു.ഇതോടെ പരാതി നല്‍കി കാത്തിരിക്കുന്ന രണ്ടായിരത്തോളം ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുന്ന പ്രവൃത്തി അനിശ്ചിതത്വത്തിലായി.
2017 ല്‍ റീസര്‍വ്വെ പൂര്‍ത്തിയാക്കിയ വെള്ളമുണ്ട വില്ലേജില്‍ മുവ്വായിരത്തിലധികം പരാതികളാണ് ഉണ്ടായിരുന്നത്.റീസര്‍വ്വെക്ക് ശേഷം കൈവശം വെച്ചു വരുന്ന ഭൂമിയുടെ നികുതി പോലും സ്വീകരിക്കപ്പെടാത്തതിനാല്‍ പ്രതസന്ധിയിലായ ഭൂവുടമകളാണ് പരാതികളുമായി റീസര്‍വ്വെ വിഭാഗത്തെ സമീപിച്ചത്.പരാതികള്‍ പരിഹരിക്കാനായി 8 സര്‍വ്വെയര്‍മാരെ നിയോഗിച്ചെങ്കിലും വര്‍ഷങ്ങളായിട്ടും ഭരിഭാഗം പരാതികളും പരിഹരിക്കപ്പെട്ടില്ല.സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസടച്ച് സ്ഥലം അളന്ന് പരാതികള്‍ പരിഹരിക്കുന്നതിന് പകരം വ്യാപകമായതോതില്‍ പണം കൈപ്പറ്റുന്നുവെന്ന ആക്ഷേപം സര്‍വ്വെയര്‍മാര്‍ക്കെതിരെയും ഉയര്‍ന്നിരുന്നു.സ്വകാര്യ അളവുകാരെ വിളിച്ചാണ് അളവ് നടത്തുന്നതെന്നും അവര്‍ക്കുള്ള കൂലി നല്‍കണമെന്നും ഭൂവുടമകളെ ധരിപ്പിച്ചാണ് പ്രശ്‌നപരിഹാരത്തിനായി കാത്തിരിക്കുന്നവരില്‍ നിന്നും സര്‍വ്വെയര്‍മാര്‍ പണം വാങ്ങിയത്.എന്നാല്‍ ഇത്തരത്തില്‍ ഏഴായിരത്തോളം രൂപ നല്‍കിയിട്ടും ഏഴുമാസമായിട്ടും ഭൂമിയുടെ രേഖ ലഭിച്ചില്ലെന്ന് ഓഫീസുകള്‍ കയറിയിറങ്ങുന്ന മഞ്ഞോട് ചന്തുവെന്ന കര്‍ഷകന്‍ റഞ്ഞു.ഇതിനിടെയാണ് വെള്ളമുണ്ടയില്‍ അപാകതകള്‍ പരിഹരിക്കാനായി നിയോഗിച്ച സര്‍വ്വെയര്‍മാരില്‍ ആറ് പേരെയും കഴിഞ്ഞ ദിവസം ബത്തേരി നെന്മേനിയിലേക്ക് റീസര്‍വ്വക്കായി നിയോഗിച്ചിരിക്കുന്നത്.നെന്മേനിയില്‍ റീസര്‍വ്വെ പൂര്‍ത്തിയാക്കിയതാണെങ്കിലും വ്യാപക പരാതിയെതുടര്‍ന്ന് വീണ്ടും സര്‍വ്വെ നടത്താനാണ് നീക്കം.ഇതോടെ ഭൂമിയുടെ നികുതിയടക്കാനാവാത്തതിനാല്‍ കാര്‍ഷിക വായ്പയും വിദ്യാഭ്യാസ വായ്പകളുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സൗജന്യ സഹായങ്ങളും ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് നൂറുകണക്കിന് കര്‍ഷക കുടുംബങ്ങള്‍.



Leave a Reply