October 10, 2024

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറി: നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്.

0
Img 20210116 Wa0089.jpg
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്. മുടങ്ങിപ്പോയ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.  ഇതിന്റെ തുടക്കമായി ജനുവരി 20 ബുധനാഴ്ച കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ ആക്ഷന്‍ കമ്മറ്റി വയനാട്ടിലെ സിവില്‍ സൊസൈറ്റിയുടെ ബഹുജനധര്‍ണ്ണ സംഘടിപ്പിക്കും.  എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, വിവിധ കൃസ്ത്യന്‍ സഭകള്‍, മുസ്ലീം സമുദായ സംഘടനകള്‍, ആദിവാസി സംഘടനകള്‍, വ്യാപാരി വ്യവസായികള്‍, ചേംബര്‍ ഓഫ് കോമേഴ്‌സ്, മലബാര്‍ ഡവലപ്‌മെന്റ് ഫോറം, വിവിധ കര്‍ഷക സംഘടനകള്‍, ക്ലബ്ബുകള്‍, തൊഴിലാളി സംഘടനകള്‍ മുതലായവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാര്‍ തോമസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.  100 വര്‍ഷത്തിലധികം നീണ്ടുനിന്ന നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങളേയും സമരങ്ങളേയും തുടര്‍ന്നാണ് 2016 ഫെബ്രുവരി 25 ലെ റയില്‍വേ ബഡ്ജറ്റില്‍ നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റയില്‍പാതക്ക് അനുമതി ലഭിക്കുന്നതും നിര്‍മ്മാണം തുടങ്ങാനായി പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുന്നതും.  ഈ പാത നിര്‍മ്മിക്കാന്‍ കേന്ദ്രവും കേരളവും തമ്മില്‍ സംയുക്ത കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് 6-5-2016 ന് കേന്ദ്ര സര്‍ക്കാര്‍ 30 സംയുക്ത സംരഭ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചു.  24-6-2016 ന് പാതയുടെ ഡി.പി.ആറും അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും നടത്താനായി കേരള സര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കി.  10-8-2016 ന് റയില്‍വേ ബോര്‍ഡ് ഈ നടപടികള്‍ക്ക് അംഗീകാരം നല്‍കി.  9-1-2017 ന് ഇ.ശ്രീധരന്‍ കല്‍പ്പറ്റയില്‍ എത്തി ജനപ്രതിനിധികളുടെ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് പാതയുടെ നിര്‍മ്മാണം സംബന്ധിച്ച വിശദീകരണം നല്‍കി.  5 വര്‍ഷം കൊണ്ട് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത പൂര്‍ത്തിയാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.  കൊച്ചി മെട്രോ മാതൃകയില്‍ പാതക്ക് ഫണ്ട് കണ്ടെത്താമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  വയനാട് എം.പിയും എം.എല്‍.എമാരുമടങ്ങിയ കോര്‍ഡിനേഷന്‍ കമ്മറ്റിയും രൂപീകരിച്ചു.  തുടര്‍ന്ന് 6-2-2017 ന് മന്ത്രി ജി.സുധാകരന്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ജനകീയ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു.  ടി.പി.ആര്‍ തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിക്ക് നല്‍കേണ്ട 8 കോടി രൂപയില്‍ 2 കോടി രൂപ ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുകൊണ്ട് 11-2-2017 ന് കേരള സര്‍ക്കാര്‍ ഉത്തരവുമിറക്കി.  എന്നാല്‍ അന്ന് രാവിലെ 11 മണിക്കിറങ്ങിയ ഉത്തരവ് ഉന്നതങ്ങളിലെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 3 മണിയോടെ മരവിപ്പിച്ചു നിര്‍ത്തി.  തുടര്‍ന്ന് മുഖ്യമന്ത്രി ഇ.ശ്രീധരനോട് തലശ്ശേരി-മൈസൂര്‍ റയില്‍പാതയുടെ സാധ്യതാപഠനം നടത്താന്‍ നിര്‍ദ്ദേശിച്ചു.  തലശ്ശേരി-മൈസൂര്‍ റയില്‍പാത സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാവില്ല എന്നാണ് ഇ.ശ്രീധരന്‍ നല്‍കിയ പഠന റിപ്പോര്‍ട്ട്.  തലശ്ശേരി-മൈസൂര്‍ പാതയില്‍ ചരക്കുഗതാഗതമോ കാര്യമായ യാത്രാഗതാഗതമോ ഉണ്ടാവില്ല.  മാത്രവുമല്ല സമുദ്രനിരപ്പിലുള്ള തലശ്ശേരിയില്‍നിന്ന് കണ്ണൂര്‍ ജില്ലയിലെ വയനാടിന്റെ അതിര്‍ത്തിയിലെത്തുമ്പോള്‍ ഏകദേശം 100 മീറ്റര്‍ മാത്രമേ റയില്‍പാത ഉയര്‍ത്താനാവൂ.  അവിടെനിന്നും 15 കി.മീ അകലെ വയനാട് ഏകദേശം 860 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.  ഇത്രയും ഉയരത്തില്‍ ഇത്രയും ചെറിയ ദൂരത്തില്‍ പേരിയ വനത്തിലൂടെ റയില്‍പാത ഉയര്‍ത്തുന്നതിന് സാങ്കേതികമായി നിരവധി തടസ്സങ്ങളും വന്‍സാമ്പത്തിക ചെലവും പാരിസ്ഥിതക ആഘാതവുമുണ്ടാവും.  എന്നാല്‍ ചില കുബുദ്ധികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ അടക്കമുള്ള എല്ലാ കേരള സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും ഇ.ശ്രീധരനെ പുകച്ചു പുറത്താക്കല്‍ നടപടിയാണ് പിന്നീടുണ്ടായത്.  നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് പ്രഖ്യാപിച്ചിരുന്ന മന്ത്രി ജി.സുധാകരന്‍ നിമസഭയില്‍ റയില്‍പാതക്കുവേണ്ടി വയനാട്ടുകാര്‍ ചാടിയിട്ടു കാര്യമില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി.  കര്‍ണ്ണാടക അനുമതി നല്‍കുന്നില്ല എന്നും കര്‍ണ്ണാടകയാണ് കേരളത്തിന്റെ ശത്രു എന്നും അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു.  എന്നാല്‍ 17-3-2017 ന് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഉന്നത ഉദേ്യാഗസ്ഥര്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായും മുഖ്യമന്ത്രിയുമായും നടത്തിയ ചര്‍ച്ചയില്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ ടണല്‍ വഴിയുള്ള റയില്‍പാതക്ക് അനുമതി നല്‍കാമെന്ന് സമ്മതിച്ചിരുന്നു.  ടണലുകള്‍ വഴിയുള്ള പാതക്ക് തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്നും ബന്ധപ്പെട്ട ഏജന്‍സി (ഡി.എം.ആര്‍.സി) വഴി അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണ്ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി 8-11-2017 ന് കേരള സര്‍ക്കാറിന് കത്തു നല്‍കുകയും ചെയ്തിരുന്നു.  ഇതെല്ലാം മറച്ചുവെച്ചാണ് ഫണ്ട് നല്‍കാതെ കേരള സര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ പുറത്താക്കി പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടി അധികാരദുര്‍വിനിയോഗം നടത്തി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയും ചെയ്തിരിക്കുന്നു.    ഡി.പി.ആര്‍ തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തിയിട്ട് നാലര വര്‍ഷം കഴിഞ്ഞിരിക്കുന്നു.  നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പണി ഏറെക്കുറെ പൂര്‍ത്തിയാവുകയും വയനാട്ടിലൂടെ തീവണ്ടികള്‍ ഓടുകയും ചെയ്യേണ്ട സമയമാണിത്.  ഒരു ലോബി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും സ്വാധിനം ചൂണ്ടിക്കാട്ടി ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവൃത്തികള്‍ മുടങ്ങിപ്പോയത്.  മുഖ്യമന്ത്രിയുടെ മുമ്പാകെ ആര്‍ജവത്തോടെ ഈ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ വയനാട്ടിലെ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നുമില്ല.  ഈയൊരു സാഹചര്യത്തിലാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത വയനാടിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായി ആക്ഷന്‍ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്.  എല്ലാ ബഹുജനങ്ങളുടേയും സംഘടനകളുടേയും പിന്തുണ ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.  
പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ.മത്തായി, മോഹന്‍ നവരംഗ് എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *