March 28, 2024

വയനാട് മെഡിക്കൽ കോളേജ് ആദ്യം ഉപകാരപ്പെടണ്ടത് വയനാട്ടുകാർക്കെന്ന് കർമ്മസമിതി: കലക്ടർക്ക് നിവേദനം നൽകി.

0
Img 20210129 Wa0131.jpg
                                                                                                     കൽപ്പറ്റ:ജീവൻ രക്ഷിക്കാനായി വൈദ്യശാസ്ത്രം പറയുന്ന ഗോൾഡൻ ഹവറിനുള്ളിൽ രോഗിക്ക് എത്തിച്ചേരാൻ സാധ്യമാവുന്ന വിധത്തിൽ വയനാട് മെഡിക്കൽ കോളേജിന് സ്ഥലം കണ്ടെത്തണമെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.ഇതിന് ജില്ലയുടെ മധ്യഭാഗത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെടണം.ഹൃദയാഘാതം, അപകടം തുടങ്ങിയവ മൂലം അത്യാസന്ന നിലയിലായവർക്ക് ജീവൻ നിലനിർത്താൻ ആസ്പത്രിയിലെത്താനായി വൈദ്യശാസ്ത്രം പറയുന്ന ഒരു മണിക്കൂറാണ് ഗോൾഡൻ ഹവർ.ഗോൾഡൻ ഹവറിൽ ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിലേക്ക് തള്ളിവിടപ്പെടുന്ന കേരളത്തിലെ ഒരേയൊരു വിഭാഗം വയനാട്ടുകാർ മാത്രമാണ്. നൂറു കണക്കിന് ആളുകളാണ് വർഷം തോറും പെട്ടെന്നുള്ള ചികിത്സ കിട്ടാതെ കോഴിക്കോടേക്കുള്ള യാത്രയിൽ പിടഞ്ഞു മരിക്കുന്നത്. സർക്കാരുകളുടെ വിഭവശേഷി എല്ലാ മേഖലയിലും എന്ന പോലെ ആധുനീക ചികിത്സ രംഗത്തും തുല്യമായി വിഭജിക്കപ്പെടണം.വയനാടിൻ്റെ കാര്യത്തിൽ മാത്രം ആരോഗ്യമേഖലയിൽ നടക്കുന്ന അവഗണന പ്രതിഷേധാർഹമാണ്.നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് 2015ൽ വയനാടിന് മെഡിക്കൽ കോളേജ് പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ 5 വർഷമായി ജില്ലയിലുള്ളവർക്ക് ബോധ്യപ്പെടാത്ത കാരണങ്ങളാൽ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം ആരംഭിക്കുന്നത് നീണ്ടുപോവുകയാണ്. മുൻ സർക്കാരിൻ്റെ കാലത്ത് മടക്കിമലയിൽ ലഭ്യമായ ഭൂമിയിൽ റോഡ് വെട്ടുന്നതിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചത് ഈ സർക്കാരിലെ ആരോഗ്യമന്ത്രിയാണ്. പിന്നീട് ഇതേ സർക്കാർ തന്നെ ഈ ഭൂമിയിൽ മെഡിക്കൽ കോളേജ് സാധ്യമല്ല എന്ന കണ്ടെത്തലും നടത്തി.എന്നാൽ അത് സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ പുറം ലോകം കണ്ടിട്ടുമില്ല. പിന്നീട് ചുണ്ടേലിലെ എസ്‌റ്റേറ്റ് ഏറ്റെടുക്കാൻ ശ്രമം നടന്നു. അന്തിമഘട്ടത്തിൽ അതും ഉപേക്ഷിച്ച് മേപ്പാടിയിലെ സ്വകാര്യമെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ടു പോയി. ഇപ്പോൾ അതും ഉപേക്ഷിച്ച് ജില്ലയുടെ ഒരു മൂലയിൽ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള ശ്രമമാണ്. ബോയ്സ് ടൗണിലോ മാനന്തവാടിയിലോ മെഡിക്കൽ കോളേജ് ആരംഭിച്ചാൽ ദക്ഷിണ വയനാടിൽ നിന്ന് രണ്ട് മണിക്കൂർ സഞ്ചരിക്കേണ്ടി വരും ഇവിടെയെത്താൻ.വയനാട്ടിലെ 28 ശതമാനം ആളുകൾക്ക് മാത്രമാണ് പെട്ടെന്ന് ചികിത്സ ലഭ്യമാകേണ്ട ഗോൾഡൻ ഹവറിനുള്ളിൽ ബോയ്സ് ടൗണിൽ എത്താനാവൂ. പല ഭാഗങ്ങളിൽ നിന്നും ആദിവാസികൾ അടക്കമുള്ളവർ മൂന്നും നാലും ബസ് മാറിക്കയറിയാലാണ് ഇവിടേക്കെത്തുക. അനുവദിക്കുന്ന മെഡിക്കൽ കോളേജ് ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കി മധ്യഭാഗത്ത് സ്ഥാപിക്കാനുള്ള ആത്മാത്ഥത സർക്കാർ കാണിക്കണം. എല്ലാ പ്രദേശത്ത് നിന്നും എളുപ്പത്തിൽ എത്താവുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ സ്ഥലങ്ങൾ നിരവധി  ലഭ്യമായിട്ടും ഇത്തരമൊരു നീക്കം നടത്തുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. മടക്കി മലയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വയനാടിൻ്റെ മധ്യഭാഗമായ മുട്ടിലിൽ ദേശീയ പാതയിൽ നിന്നും വെറും 500 മീറ്റർ ദൂരത്തുള്ള സർക്കാരിൻ്റെ 65 ഏക്കർ ഭൂമിയിൽ മെഡിക്കൽ കോളേജ് ആരംഭിക്കണം. മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത കമലമന്ദിരം എസ്‌റ്റേറ്റ് എന്ന ഈ ഭൂമി ഏറ്റവും അനുയോജ്യമാണ്. വയനാട്ടിലെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ ഈ സ്ഥലത്ത് എത്താനാവും.സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് ഒരു രൂപ പോലും ചിലവാകുകയുമില്ല. വയനാട്ടുകാരെക്കാൾ കൂടുതൽ കണ്ണൂർ ജില്ലക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള പുതിയ നീക്കത്തിനെതിരെ കൽപ്പറ്റ,സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിൽ നിന്ന് വലിയ എതിർപ്പാണ് രൂപപ്പെടുന്നത്.ചെറു ടൗണുകൾ കേന്ദ്രീകരിച്ചു പോലും ഇതിനെതിരെയുള്ള ആക്ഷൻ കമ്മറ്റികൾ രൂപപ്പെട്ടു തുടങ്ങി. ആദ്യഘട്ട പ്രവർത്തനമായി ജനപ്രതിനിധികളെയും  ഈ മേഖലയിലെ വിദഗ്ദരെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി ജനകീയ കമ്മീഷൻ രൂപീകരിക്കും. സ്ഥലപരിശോധന നടത്തിയും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിച്ചും കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് നൽകും. തീരുമാനം പുനപരിശോധിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ എല്ലാവരും യോജിച്ചുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾക്കുള്ള തീരുമാനത്തിലാണ് ആക്ഷൻ കമ്മറ്റികൾ. സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാതിരിക്കരുതെന്നും വിംസ് മെഡിക്കൽ കോളേജ് അടക്കമുള്ള അനുയോജ്യമായ ഏതെങ്കിലും ആസ്പത്രിയിൽ താൽക്കാലികമായി കോളേജ് ഉടൻ ആരംഭിക്കാനും സർക്കാർ തയ്യാറാവണം.അഡ്വ.റ്റി എം റഷീദ്,റ്റിജി ചെറുതോട്ടിൽ, ജോണി പാറ്റാനി,ബാബു പഴുപ്പത്തൂർ,ഇ ഹൈദ്രു എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *