December 8, 2023

ട്രെയിനിൽ മാധ്യമ പ്രവർത്തകയ്‌ക്കും ഭർത്താവിനും മർദനം; രണ്ട്‌ പേർ പിടിയിൽ

0
Img 20211103 113801.jpg
കൊല്ലം:ട്രെയിനിൽ മാധ്യമ പ്രവർത്തകയ്‌ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ആക്രമണം. രണ്ടു യുവാക്കളെ റെയിൽവേ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ദമ്പതികളെ രക്ഷിക്കുന്നതിനിടെ പൊലീസുകാരെയും യുവാക്കൾ ആക്രമിച്ചു. 
 
കോഴിക്കോട് പുതിയ തിരുത്തിയാട് കാട്ടുപറമ്പത്ത് വീട്ടിൽ കെ അജൽ (23), ചേവായൂർ നെടുലിപറമ്പിൽ അതുൽ (23) എന്നിവരാണു പിടിയിലായത്. ചൊവ്വാഴ്‌ച വൈകിട്ട്‌ മലബാർ എക്‌സ്‌പ്രസിലെ ബി 3 എസി കമ്പാർട്ട്‌മെന്റിലായിരുന്നു സംഭവം.
  
ജോലി കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് വർക്കലയിലുള്ള വീട്ടിലേക്ക്‌ വരികയായിരുന്നു ദമ്പതികൾ. ട്രെയിൻ ചിറയിൻകീഴിൽ എത്തിയപ്പോൾ ഭർത്താവ് പ്ലാറ്റ്ഫോമിൽ ഇറങ്ങി. ഇതിനിടെ മാധ്യമ പ്രവർത്തകയുടെ അടുത്തെത്തിയ യുവാക്കൾ മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്‌തപ്പോൾ കൈയേറ്റത്തിനു ശ്രമിച്ചു. വിവരം യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച്‌ അറിയിച്ചു.  
ഭർത്താവ്‌ എത്തി കാര്യം തിരക്കുന്നതിനിടെ യുവാക്കൾ അദ്ദേഹത്തെ മർദിച്ച്‌ സീറ്റിനിടയിലേക്ക്‌ തള്ളിയിട്ടു. തടയാൻ ശ്രമിച്ച മാധ്യമപ്രവർത്തകയുടെ മുടിക്കു ചുറ്റി വലിച്ച്‌ നിലത്തിട്ടു. സ്ഥലത്തെത്തിയ റെയിൽവേ പൊലീസിനെയും ആക്രമിച്ചു.
 
റെയിൽവേ പൊലീസ്‌ ബലപ്രയോഗത്തിലൂടെ യുവാക്കളെ കീഴ്പ്പെടുത്തി. ട്രെയിൻ കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികളെ സ്റ്റേഷനിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ലിഫ്‌റ്റ്‌ ടെക്‌നോളജി വിദ്യാർഥികളായ യുവാക്കൾ കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു. കൊല്ലം റെയിൽവേ പൊലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *