May 16, 2026

തൊണ്ടാര്‍ പദ്ധതിക്കെതിരെ സമരസംഗമം: ഞായറാഴ്ച എടവക-മൂളിത്തോടില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: മാനന്തവാടി താലൂക്കിലെ എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളെ ബാധിക്കുന്ന നിര്‍ദ്ദിഷ്ട തൊണ്ടാര്‍ ഡാം പദ്ധതിക്കെതിരെ പ്രദേശത്തെ ജനങ്ങള്‍ സമരരംഗത്തേക്ക്. പദ്ധതി ഉപേക്ഷിക്കും വരെയും ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തൊണ്ടാര്‍ ഡാം ഞങ്ങള്‍ക്ക് വേണ്ട എന്ന മുദ്രാവാക്യവുമായി ജനുവരി 17 ഞായറാഴ്ച മൂളിത്തോട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമരസംഗമത്തില്‍ മൂന്നു പഞ്ചായത്തുകളിലെയും പദ്ധതി പ്രദേശത്തെയും നൂറു കണക്കിനാളുകള്‍ പങ്കാളികളാവും. സമരസംഗമം ഉച്ചക്ക് 2 മണിക്ക് നര്‍മ്മദാ ബച്ചാവോ ആന്തോളാനിലെ മുന്‍നിര പോരാളിയും ഇന്ത്യയിലെ പരിസ്ഥിതി സമരങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനുമായ കെ സഹദേവന്‍ ഉദ്ഘാടനം ചെയ്യും. എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത-സാമൂഹിക രംഗത്തെ പ്രമുഖര്‍ സമരസംഗമത്തില്‍ പങ്കെടുക്കും.
450 കോടി രൂപ മുടക്കി 0.30 ടി എം സി വെള്ളം ശേഖരിക്കാന്‍ നൂറു കണക്കിന് ജനങ്ങളെ കുടിയിറക്കിയും കൃഷി ഭൂമി നശിപ്പിച്ചും ഒരു വന്‍കിട അണക്കെട്ടിന്റെ ആവശ്യമെന്തെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. കബനിയിലെ ഒഴുകുന്ന തോടുകളില്‍ പറ്റാവുന്നിടങ്ങളിലെല്ലാം ചെക്ക് ഡാമുകള്‍ നിര്‍മിച്ച് ജലം സംഭരിച്ചുകൂടേ എന്ന ചോദ്യത്തിനും യുക്തിഭദ്രമായ മറുപടികളില്ല. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ വികസനത്തിനെതിരല്ല. പക്ഷേ, പരിസ്ഥിതിയെ സംരക്ഷിച്ചും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ് ഉറപ്പുവരുത്തിയുമാകണം വികസനം കൊണ്ടുവരേണ്ടത്. വയനാട് ജില്ലയില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ വില്ലേജുകളിലൊന്നായ എടവക വില്ലേജിലാണ് പദ്ധതി വരുന്നത് (2011 ലെ സെന്‍സസ് പ്രകാരം 744 ആണ് ജനസാന്ദ്രത).

ഇതുവരെ പ്രളയം ബാധിക്കാത്ത, കുടിവെള്ളത്തിന് ബുദ്ധിമുട്ടില്ലാത്ത, വന്യജീവികളുടെ അക്രമങ്ങളില്ലാത്ത വയനാടിലെ അപൂര്‍വം സ്ഥലങ്ങളില്‍ പെട്ടതാണ് ഈ വില്ലേജുകള്‍. തൊണ്ടാര്‍ ഡാമിനെ സംബന്ധിച്ച് 2018ല്‍ സമര്‍പ്പിച്ച പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ട് പദ്ധതി പ്രദേശത്തെക്കുറിച്ച് സാമാന്യ വിവരം പോലും ശേഖരിക്കാതെ തയാറാക്കിയതാണ്. ഇനിയും 450 കോടി മുടക്കി  എട്ടു വര്‍ഷം കൊണ്ട് പുതിയൊരു ഡാമിന് ഇറിഗേഷന്‍ വകുപ്പ് ഒരു ശാസ്ത്രീയാടിത്തറയുമില്ലാതെ മുന്നിട്ടിറങ്ങുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ജനാധിപത്യപരമായി അവകാശമുണ്ട്. 7.6 കോടിയില്‍ തുടങ്ങി 42 വര്‍ഷം പൂര്‍ത്തിയാക്കുന്ന കാരാപ്പുഴ പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. 338 കോടി രൂപ ചിലവായെന്നാണ് ഔദ്യോഗിക കണക്ക്. ഒന്നോ രണ്ടോ സ്ഥലങ്ങളിലൊഴിച്ചാല്‍ കൃഷിക്കോ കുടിക്കാനോ വെള്ളം കൊടുക്കുന്നില്ല. കൃഷിക്ക് നല്‍കാമെന്നായിരുന്നു സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനോടുള്ള വ്യവസ്ഥ. ഈ വാഗ്ദാനം ഇന്നുവരെ പാലിക്കപ്പെട്ടിട്ടില്ല. ഈ രണ്ടു വന്‍കിട പദ്ധതികളും സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാകണം. ഇനിയും ഒരു വന്‍കിട അണക്കെട്ട് വയനാടിന്റെ ഭൂമിക്ക് താങ്ങാന്‍ കഴിയില്ലെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ വാക്കുകള്‍ അധികൃതര്‍ മുഖവിലക്കെടുക്കണം. വന്‍കിട പദ്ധതികളില്‍ നിന്ന് മാറി ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നില്ല. ജനങ്ങള്‍ക്കാവശ്യമില്ലാത്ത തൊണ്ടാര്‍ പദ്ധതിയില്‍ നിന്ന് അധികൃതര്‍ പിന്‍മാറണം. സുരക്ഷിതമായി ജീവിക്കാനും ജീവനും സ്വത്തും സംരക്ഷിക്കപ്പെടാനുമുള്ള ഭരണഘടനാപരമായ അവകാശം പ്രദേശത്തെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടരുത്. ഉദ്യോഗസ്ഥരുടെ ശാഠ്യങ്ങള്‍ക്ക് ജനഹിതം മാനിക്കാന്‍ ബാധ്യതപ്പട്ട സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കരുത്.
തൊണ്ടാര്‍ ഡാം പ്രദേശത്ത് സര്‍വേയടക്കമുള്ള പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും അനുവദിക്കില്ല എന്നാണ് സമരസമിതിയുടെ തീരുമാനം. സാധ്യമായ ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തങ്ങള്‍ പ്രതിരോധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍:
വി അബ്ദുല്ല ഹാജി (ചെയര്‍മാന്‍)
ആര്‍ രവീന്ദ്രന്‍ (കണ്‍വീനര്‍)
എസ് ശറഫുദ്ധീന്‍ (കോഡിനേറ്റര്‍) 97444 99226
കെ.എം കേളു (വൈസ് ചെയര്‍മാന്‍)
ജോയി കൂറാനയില്‍ (ജോ. കണ്‍വീനര്‍)


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *