October 10, 2024

കാര്‍ഷിക നിയമം കര്‍ഷക രക്ഷക്ക്: കിസാൻ മോര്‍ച്ച

0
കല്‍പ്പറ്റ:  കാര്‍ഷിക നിയമം കര്‍ഷകരുടെ വളര്‍ച്ചക്ക് വേണ്ടിയാണെന്ന് 
കിസാൻ മോര്‍ച്ച ജില്ല അധ്യക്ഷന്‍ ആരോട  രാമചന്ദ്രന്‍. കര്‍ഷക മോര്‍ച്ച ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ വസ്തുത മനസിലാക്കേണ്ടതുണ്ട്. വയനാട്ടില്‍ തന്നെ ഇതിന് മുമ്പ് ഇഞ്ചി മുതലായ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കര്‍ണാടകയിലേക്ക് കയറ്റി അയക്കുമ്പോള്‍ ചാക്കൊന്നിന് പത്ത് രൂപ വയനാട്ടിലൊരാള്‍ക്ക് കമ്മീഷന്‍ കൊടുക്കേണ്ടിയിരുന്നു. അധിക വില ലഭിക്കുന്നതിനായി കുരുമുളക് കശുവണ്ടി തുടങ്ങിയവ രാത്രികാലങ്ങളില്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തികൊണ്ടു പോവുകയും ചെയ്തിരുന്നു. എന്നാല്‍ കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന് സ്വാതന്ത്രം ലഭിച്ചു. ബിട്ടീഷ് കാരുടെ കാലം മുതല്‍ നിലവിലുണ്ടായിരുന്ന സമ്പ്രദായം പരിഷ്‌ക്കരിച്ചതിലൂടെ കര്‍ഷകനെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്തുകയാണ.് കര്‍ഷകന് തന്റെ ഉല്‍പന്നങ്ങള്‍ അധികവില ലഭ്യമാകുന്ന സ്ഥലത്ത് സംസ്ഥാനത്തിനകത്തോ പുറത്തോ കൊണ്ടുപോയി വില്‍ക്കാനും മുന്‍കൂട്ടി വിലനിശ്ചയിച്ച് ഉറപ്പിച്ച് വില്‍പ്പന നടത്താനും സാധിക്കും. കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇത് ഗുണകരമാണ്. എഗ്രിമെന്റ് വ്യവസ്ഥയില്‍ കര്‍ഷകന് തന്റെ ഉത്പ്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി വിലനിശ്ചയിച്ച് തന്നെ ഗുണഭോക്താവിന്റെ മുതല്‍ മുടക്കില്‍ കൃഷി ചെയ്യാനാകും. അധിക വില ലഭ്യമാകുന്ന സാഹചര്യമുണ്ടെങ്കില്‍ ആ വില കര്‍ഷകന് കിട്ടുകയും ചെയ്യും. പ്രതികൂല കാലവസ്ഥകളില്‍ കൃഷിനാശം സംഭവിച്ചാല്‍ പണം തിരിച്ചു നല്‍കേണ്ടതുമില്ല. മുമ്പ് കൊള്ള പലിശക്ക് കടം വാങ്ങി കൃഷിചെയ്തതാണെങ്കിലും കൃഷി നാശം സംഭവിച്ചാലും പണം തിരിച്ചടക്കേണ്ടി വന്നിരുന്നു. ഇവിടെയാണ് കുത്തകകള്‍ കടന്നു വരുമെന്ന് പറഞ്ഞ് ഇടത് വലത് മുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് എഫ്പിഒ കള്‍ (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ഓര്‍ഗനൈസേഷന്‍) രൂപീകരിക്കുക മാത്രമാണ്. ഇത്‌വഴി അതാത് കര്‍ഷകരുടെ കൂട്ടായ്മയിലൂടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടത്താനും സാധിക്കും. അത് മാര്‍ക്കറ്റിംഗ് സംവിധാനത്തിലാക്കി സൂക്ഷിച്ച് അന്താരാഷ്ട്ര വിപണിയലടക്കം വിലപേശല്‍ നടത്തി കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ക്ക് ഇരട്ടി വില ലഭ്യമാക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഫ്പിഒകളുടെ രൂപീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തന്നെ കേരളത്തിന് 4600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കേരള സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടില്ല. ഇന്ന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ ആരും വാങ്ങാന്‍ തയ്യാറല്ല. അതുകൊണ്ട് ആരും കൂടുതല്‍ സ്‌റ്റോക്ക് ചെയ്ത് വെക്കുവാന്‍ തയ്യാറാവുകയുമില്ല. ആതിനാലാണ് ഉത്പ്പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യുന്നതിനുള്ള പരിധി ഒഴിവാക്കിയത്. തന്നെയുമല്ല യുദ്ധം  പ്രകൃതിക്ഷോഭം തുടങ്ങി എത് ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാവുന്നതാണെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഹരിയാന, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങളില്‍ എപിഎംസി  (അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) കളിലൂടെ മാത്രമേ കര്‍ഷകന് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുകയുള്ളൂ. ഉത്തരേന്ത്യയില്‍ ഇതിന് മണ്ടി എന്നാണ് പറയുന്നത്. ഈ സമ്പ്രദായത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് രണ്ട് ശതമാനവും മണ്ടി ഭരണാധികാരിക്ക് നാല് ശതമാനവും ഏജന്റ് മാര്‍ക്ക് ആറു ശതമാനവും ഉള്‍പ്പെടെ പന്ത്രണ്ട് ശതമാനം തുക കര്‍ഷകന്‍ നല്‍കണം. ഇതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായിരിക്കുന്നത്. ഇനി മണ്ടിയില്‍ നല്‍കണമെന്നുള്ളവര്‍ക്ക് അത് തുടരുകയും ചെയ്യാം. 2019 ജനവരിയില്‍ ജോയിന്റ് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മണ്ടി സമ്പ്രദായത്തില്‍ വന്‍ അഴിമതിയാണെന്നും ഇത് നിര്‍ത്തലാക്കണമെന്നും പറയുന്നുണ്ട്. അതിനാല്‍ തന്നെ ഇത് ഇവരുടെ കര്‍ഷക സ്‌നേഹമല്ല മറിച്ച് മോദി സര്‍ക്കാരിനോടുള്ള രാഷ്ടീയ വിരോധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *