March 19, 2024

പള്‍സ് പോളിയോ; വയനാട് ജില്ലയില്‍ 63546 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

0
കല്‍പ്പറ്റ: ജില്ലയിലെ അഞ്ച് വയസിന് താഴെ പ്രായമുളള 63546 കുട്ടികള്‍ക്ക് നാളെ (ജനു 31) പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സി കെ ശശീന്ദ്രന്‍ എം എല്‍ എ മുട്ടില്‍ ബസ് സറ്റാന്റില്‍ വെച്ച് നാളെ രാവിലെ എട്ട് മണിക്ക് നിര്‍വഹിക്കും. പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. ഇതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പടെ 904 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും തുള്ളിമരുന്ന് വിതരണം നടത്തുക. അങ്കണ്‍വാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്റ്, ആരോഗ്യ കേന്ദ്രങ്ങള്‍, വായനശാല തുടങ്ങിയ ഇടങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിക്കും. എന്തെങ്കിലും കാരണത്താല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ദിനത്തില്‍ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വീടുകളില്‍ എത്തിമരുന്ന് നല്‍കാനുള്ള സജ്ജീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1995 മുതലാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി തുടങ്ങിയത്. കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. അഞ്ച് വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഷിജിന്‍ ജോണ്‍, ഡോ. യശ്വന്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *