April 24, 2024

ഐശ്വര്യ കേരളയാത്രക്ക് വന്‍വരവേല്‍പ്പ്‌ നല്‍കാന്‍ വയനാടൊരുങ്ങി.

0
കല്‍പ്പറ്റ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രക്ക് വന്‍വരവേല്‍പ്പ്‌ നല്‍കാന്‍ വയനാട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യാത്രക്ക് സ്വീകരണം നല്‍കുന്ന മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ യു ഡി ഫ് യോഗം ചേര്‍ന്നു. വയനാട് ജില്ല അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളെല്ലാം തന്നെ ഐശ്വര്യ കേരളയാത്രയില്‍ ചര്‍ച്ചയാകുമെന്ന് ജില്ലാചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. വയനാട് ഗവ. മെഡിക്കല്‍ കോളജ്, നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത, ചുരം ബദല്‍പാത എന്നിങ്ങനെയുള്ള ജില്ലയുടെ സ്വപ്നപദ്ധതികളെല്ലാം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. കാര്‍ഷികമേഖല ഒരുകാലത്തുമില്ലാത്ത വിധത്തില്‍ പ്രതിസന്ധി അനുഭവിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം നിശ്ചലമായിരിക്കുന്നു. ഗോത്രവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വയനാട്ടില്‍ ആദിവാസിമേഖലയില്‍ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത് ഹൃദയഭേദകമായ വാര്‍ത്തകളാണ്. ഭവനരഹിതരും, രോഗികളുമടങ്ങുന്ന ഒരു വിഭാഗമാളുകള്‍ നരകയാതന അനുഭവിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളൊന്നുമുണ്ടാകുന്നില്ല. കേരളത്തില്‍ നടക്കുന്നത് അഴിമതി ഭരണമാണ്. ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കിയ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനത്തിലൂടെ ലക്ഷകണക്കിന് സ്വന്തക്കാരെയാണ് തിരുകി കയറ്റിയത്. വികസനം പറഞ്ഞ് വോട്ട് ലഭിക്കില്ലെന്നറിഞ്ഞ് സി പി എം ഇപ്പോള്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. ഇടതുമുന്നണിയുടെയും, സര്‍ക്കാരിന്റെയും ഇത്തരത്തിലുള്ള എല്ലാ പൊള്ളത്തരങ്ങളും അഴിമതിയും, സ്വജനപക്ഷപാതവും തുറന്നുകാട്ടിയാവും യാത്ര ജില്ലയിലൂടെ കടന്നുപോകുക. മൂന്ന് നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും ഗംഭീരവരവേല്‍പ്പാണ് യാത്രക്ക് നല്‍കുകയെന്നും ഇരുവരും വ്യക്തമാക്കി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *