മലബാർ വന്യ ജീവി സങ്കേതം : ജനങ്ങളുടെ ആശങ്ക അകറ്റണം:ശാസ്ത്ര സാഹിത്യ പരിഷത്ത്
മലബാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിച്ചു കൊണ്ട് 2020 ആഗസ്റ്റ് അഞ്ചാം തീയതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകളാണ് പ്രചരിക്കുന്നത്.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം പ്രകാരമാണ് ഇന്ത്യയിലെ എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമായി പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നത്. മനുഷ്യരാശിയുടെ തുടർന്നുള്ള നിലനിൽപ്പിന് അത്യന്താപേക്ഷിതവും അമൂല്യവുമായ പ്രകൃതി വിഭവങ്ങളും ജൈവ സമ്പത്തുമുള്ള പ്രദേശങ്ങളെയാണ് വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിക്കുന്നത്. വന്യജീവി സങ്കേതങ്ങളോട് തൊട്ടു കിടക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമികളിൽ സങ്കേതങ്ങളിലേയ്ക്ക് ആഘാതം ഉണ്ടാക്കുന്നതും മൃഗങ്ങളുടെയും സസ്യജാലങ്ങളുടേയും ആവാസ വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുന്നതുമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായിട്ടാണ് ESZ കൾ പ്രഖ്യാപിക്കുന്നത്.
ഇതിൽ നിയന്ത്രിച്ചിട്ടുള്ളത് വലിയ ഖനനങ്ങൾ, വലിയ നിർമ്മാണങ്ങൾ, ഓറഞ്ച് ചുവപ്പ് വിഭാഗങ്ങളിൽ പ്പെടുന്നതും മലിനീകരണം ഉണ്ടാക്കുന്നവയുമായ വ്യവസായങ്ങൾ എന്നിവയാണ്. വിജ്ഞാപന പ്രകാരമുള്ള മറൈല്ലാ നിയന്ത്രണങ്ങളും പൊതുവിൽ നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾക്കനുസരിച്ചാണ്.
ESZ ന്റെ ദൂരപരിധി നിർണ്ണയിച്ചു കൊണ്ടുള്ള കരട് ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.
ഇതിൽ 60 ദിവസത്തിനകം പൊതുജന ഹിതം അറിയിക്കാനുള്ള സമയമാണ്. ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട നിർദ്ദേശപ്രകാരം വന്യമൃഗസങ്കേതങ്ങളുടെ 10 km ചുറ്റളവ് ആണ് പരിസ്ഥിതി ലോല പ്രദേശം. എന്നാൽ കേരളത്തിന്റെ ജനസാന്ദ്രത പരിഗണിച്ച് ഇത് പരമാവധി 2.5 കിലോമീറ്റർ ആയി ചുരുക്കണം എന്ന കേരള സർക്കാരിന്റെ നിർദ്ദേശം മാനിച്ചു കൊണ്ടാണ് ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വയനാട്ടിലെ പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ വടക്ക് കിഴക്കൻ ജില്ലാ അതിർത്തി മുതൽ ഒരു കിലോ മീറ്റർ വീതിയിൽ 4 കിലോ മീറ്റർ വനഭൂമിയും പിന്നീട് 2.5 കിലോമീറ്റർ സ്വകാര്യ എസ്റ്റേറ്റും , 8.7 കിലോമീറ്റർ ജില്ലാ അതിർത്തിയുടെ കിഴക്കുവശത്ത് താമരശേരി താലൂക്ക് അതിർത്തി വരെയുമാണ് ഇതിന്റെ അതിരുകൾ. വിജ്ഞാപനം ഇറങ്ങി ഒരു വർഷത്തിനകം ഇതിന്റെ പരിപാലന മാനദണ്ഡങ്ങൾ, വികസന മാസ്റ്റർ പ്ലാൻ അടക്കം തയ്യാറാക്കി സമർപ്പിക്കേണ്ട ഉത്തരവാദിത്ത്വം സംസ്ഥാന സർക്കാരിനാണ്. ഇതിനായി ജനങ്ങളുമായി ചർച്ച നടത്തി മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ ജനപ്രതിനിധികളേയും ഉയർന്ന ഉദ്യോഗസ്ഥരയും ചുമതലപ്പെടുത്തിയിരിക്കുന്നു. ഇത് തയ്യാറാക്കുന്നതിന് വിപുലമായ ചർച്ചകൾക്ക് സാധ്യതയും ബാക്കിനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ഇംഗ്ലീഷിലും കേരള വനം വകുപ്പ് മലയാളത്തിലും പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനങ്ങളിലും നിയമത്തിലും ഇല്ലാത്തതും ആശങ്ക ജനിപ്പിക്കുന്നതുമായ കാര്യങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കപ്പെടുന്നത്. സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭങ്ങളിലേക്ക് തള്ളിവിടുന്നതിന് പിന്നിൽ നിക്ഷിപ്ത താൽപ്പര്യക്കാരുടെ പങ്ക് സംശയിക്കണം. സ്വാഭാവികമായി തന്നെ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള ഈ മേഖലകളിൽ കൂടുതൽ കരുതലോടെ ഇടപെട്ടാൽ മാത്രമേ ഇനിയും സുരക്ഷിതമായി മനുഷ്യർക്ക് അവിടെ ജീവിക്കാനാവൂ എന്ന സാഹചര്യം നിലനിൽക്കുമ്പോളാണ് വലിയ നിർമ്മാണങ്ങളേയും കോറികളേയും നിയന്ത്രിക്കുന്നതിനായുള്ള ഈ നിയമപരമായ ഇടപെടലിനെ എതിർക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് എന്നത് ആശങ്ക ഉണ്ടാക്കുന്നു. ഈ എതിർപ്പ് യഥാർത്ഥത്തിൽ സഹായിക്കുക പ്രകൃതിയെ കൊള്ളയടിക്കാൻ ആ ഗ്രഹിക്കുന്ന ശക്തികളെ മാത്രമാണ്. സുസ്ഥിരമായ വികസനത്തിന് പ്രകൃതി സംരക്ഷണത്തിലും അതിന്റെ മെച്ചപ്പെടുത്തലിലും അടിസ്ഥാനമാക്കിയിട്ടുള്ള വികസനമാണ് വേണ്ടതെന്ന് ശാസ്ത്രീയ മനോഭാവം ആധാരമാക്കിയിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്. സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റാൻ യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ട് വരണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
എം കെ ദേവസ്യ
സെക്രട്ടറി
മാഗി വിൻസന്റ്
പ്രസിഡന്റ്




Leave a Reply