April 20, 2024

ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത് വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് തട്ടാനുള്ള ബജറ്റ്: യു ഡി എഫ്

0
കല്‍പ്പറ്റ: സംസ്ഥാന ബജറ്റ് കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നതും, തൊഴിലാളികളും, സാധാരണക്കാരായ കര്‍ഷകരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന അവസ്ഥയില്‍ ജനവിരുദ്ധ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ക്ക് ഇത്തവണയും ഒട്ടും കുറവില്ല. കഴിഞ്ഞ നാല് വര്‍ഷമായി ബജറ്റില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടുമില്ല. വയനാട് ഒരു കാര്‍ഷികജില്ലയാണ്. കാര്‍ഷികവിളകളുടെ  ഏറ്റവും വലിയ ഉല്പാദനം കാപ്പിയാണ്. ഈ പരമ്പരാഗത ഉല്പാദനത്തില്‍ അമ്പതിനായിരത്തിലധികം ചെറുകിട കര്‍ഷക കുടുംബങ്ങളാണ്. 1,20000 ത്തോളം കാപ്പിത്തോട്ടം ജില്ലയിലുണ്ട്. 90000 ടണ്‍ ആണ് കാപ്പിയുടെ ശരാശരി ഉല്പാദനം. നിലവില്‍ ഉണ്ടക്കാപ്പിക്ക് 65 രൂപയാണ് വില. ബജറ്റില്‍ 90 രൂപ തറവില നിശ്ചയിച്ച് കാപ്പിയെടുക്കുമെന്നാണ് പറയുന്നത്. അതിനാണ് ബജറ്റില്‍ അഞ്ച് കോടി നീക്കിവെച്ചിരിക്കുന്നത്. 90 രൂപ വെച്ച് എടുക്കാനാണെങ്കില്‍ തന്നെ പരമാവധി ഇത്രയും രൂപ ഉപയോഗിച്ച് എടുക്കാനാവുന്നത് 2000 ടണ്‍ മാത്രമാണ്. അതല്ല, മൊത്തമാളുകള്‍ക്കാണ് ഗുണം കിട്ടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 200 കോടി രൂപയെങ്കിലും മാറ്റിവെക്കണമായിരുന്നുവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ബ്രാന്റഡ് കോഫി ബ്രഹ്മഗിരി സൊസൈറ്റിക്ക് വേണ്ടി മാത്രമായാണ് പറയുന്നത്. മാത്രമല്ല, കോഫി ബ്രാന്റിംഗ് പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി അഞ്ച് ബജറ്റില്‍ പറഞ്ഞിട്ടും നടന്നിട്ടുമില്ല. ബ്രഹ്മഗിരി സൊസൈറ്റിയില്‍ 95 ശതമാനം പേരും സി പി എം അംഗങ്ങളാണ്. ഈ സൊസൈറ്റിയെ വളര്‍ത്താനാണ് ഇത്തരത്തില്‍ ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്. പാവപ്പെട്ട കൃഷിക്കാര്‍ക്ക് ഗുണം കിട്ടാനല്ല. ഒരു ഏക്കറില്‍ ശരാശരി കാപ്പിയുടെ ഉല്പാദനം ശരാശരി 325 കിലോയാണ്. ഇതില്‍ 25 ശതമാനം കാപ്പി മഴ കാരണം കൊഴിഞ്ഞുപോകുകയും, പറിച്ചിട്ടത് പൂത്തുപോകുകയും ചെയ്ത അവസ്ഥയിലാണ്. സാധാരണ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പി പൂക്കാറുള്ളത്. ഇത്തവണ വയനാട്ടിലെ മഴ കൃഷിക്കാരന് ഇരുട്ടടിയായി മാറുകയും ചെയ്തു. ഈ കാലാവസ്ഥ അടുത്ത വര്‍ഷത്തെ ഉല്പാദനത്തെ സാരമായി ബാധിക്കും. ചെറുകിട കൃഷിക്കാരെയാണ് സഹായിക്കാനുദ്ദേശിക്കുന്നതെങ്കില്‍ രണ്ടരയേക്കര്‍ വരെയുള്ള കാപ്പികര്‍ഷകര്‍ക്ക് ഏക്കറിന് പതിനായിരം രൂപ വെച്ച് ഇന്‍സന്റീവ് കൊടുക്കാനാണ് തയ്യാറാകേണ്ടത്. ഈ പണം നേരിട്ട് ബാങ്ക് വഴി അതാത് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറുകയാണ് വേണ്ടത്. ഒരു കിലോ കാപ്പിപരിപ്പിന് 150 രൂപ കിട്ടുന്നത് വരെ ഇത്തരത്തില്‍ ഇന്‍സന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംഭരണവിലയാണെങ്കില്‍ തുച്ഛമായാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ അവതരിപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ്. വയനാട്ടിലെ മെഡിക്കല്‍ കോളജിനായി 300 കോടി വകയിരുത്തിയിട്ടുണ്ട്. എവിടെ സ്ഥലമെടുക്കുമെന്നത് സംബന്ധിച്ച് യാതൊരു നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല. സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ സ്വഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമിയില്‍ അത്യാധുനീക സൗകര്യമുള്ള 950 കോടി രൂപ മുതല്‍മുടക്കുള്ള മെഡിക്കല്‍ കോളജ് നിര്‍മ്മിക്കാനായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിനായി നബാര്‍ഡില്‍ നിന്നും അദ്യഘട്ടത്തില്‍ 41 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതേ ഭൂമിയില്‍ മന്ത്രി കെ കെ ശൈലജ എട്ടുകോടി രൂപ മുതല്‍മുടക്കി റോഡിന് തറക്കല്ലിട്ട സംഭവവും നാട്ടുകാര്‍ക്കറിയാം. എന്ത് കൊണ്ട് ഈ സ്ഥലം സര്‍ക്കാരിന് പറ്റുന്നില്ലെന്ന് വിശദീകരിക്കാന്‍ സ്ഥലം എം എല്‍ എക്കും സര്‍ക്കാരും ഉത്തവാദിത്വമുണ്ടെന്നും ഇരുവരും പറഞ്ഞു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന അവസ്ഥയാണ്. സ്വര്‍ണക്കടത്തും, ലഹരിക്കടത്തുമെല്ലാമാണ് സര്‍ക്കാരിന്റെ നേട്ടം. യു ഡി എഫ് സര്‍ക്കാര്‍ പാവപ്പെട്ടരോഗികള്‍ക്ക് ലോട്ടറി വിറ്റ് കിട്ടുന്ന പണത്തില്‍ നിന്നും 20 ശതമാനം തുക വകയിരുത്തി കാരുണ്യ ബെനഫലന്റ് സ്‌കീം നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി യാതൊന്നും നല്‍കാതെ മതിയായ ചികിത്സ കിട്ടാതെ മരിച്ചുപോയ നിരവധി പേര്‍ കേരളത്തിലുണ്ട്. നാലരവര്‍ഷത്തിന് ശേഷം കാരുണ്യ സ്‌കീം തിരിച്ചുകൊണ്ടുവരാന്‍ ധനകാര്യമന്ത്രിക്ക് തോന്നിയത് എന്താണെന്ന് മനസിലാകുന്നില്ല. അതിന്റെ ലക്ഷ്യവും തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രമാണ്. നിത്യേന വന്യമൃഗശല്യം വര്‍ധിച്ചുവരികയാണ്. എത്രയോകാലം കാത്തിരുന്നാലാണ് നഷ്ടപരിഹാരം വരെ ലഭിക്കുന്നത്. വന്യമൃഗശല്യം തടയുന്നതില്‍ ഈ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും ഇരുവരും പറഞ്ഞു. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ മടക്കിമലയിലെ ഭൂമിയില്‍ തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. സമൂഹത്തില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കുന്ന ന്യായ് പദ്ധതിയടക്കം യു ഡി എഫ് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്നും ഇരുവരും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *