April 24, 2024

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിസി ഫണ്ടും സര്‍ക്കാര്‍ ടെന്‍ഡറുകളും പരിഗണനയില്‍: മുഖ്യമന്ത്രി

0
Ksum Logo.jpg


തിരുവനന്തപുരം: കേരള ബാങ്ക്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പോലുള്ള പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്തിന്‍റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് (വിസി) രൂപീകരിക്കുന്നതിനുള്ള  സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. സംസ്ഥാനത്ത് സര്‍ക്കാര്‍-സ്റ്റാര്‍ട്ടപ്പ് ബന്ധം കാര്യക്ഷമമായി നടപ്പിലാക്കിയതായും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച ആശയവിനിമയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യം മാതൃകകളെ സര്‍ക്കാന്‍ ടെന്‍ഡറുകള്‍ പിന്തുണയ്ക്കും. അപ്രകാരം വന്‍കിട സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാനാകും. സര്‍ക്കാരിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് ലഭ്യമാക്കുന്നതിനുള്ള നൂതന മാതൃകയാണിത്. സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ സോണുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിരവധി പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ഇത് പ്രയോജനകരമാകും.

സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ  സാമ്പത്തിക പിന്തുണ നല്‍കുകയെന്നത് സര്‍ക്കാര്‍ നയമാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന് പ്രത്യേക ഫണ്ട് വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും. കൂടാതെ, സംരംഭകരുടെ നിലവിലെ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും  നൂതന കഴിവുകള്‍ ആര്‍ജ്ജിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ ഉടനെ നടപ്പിലാക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വിപണനത്തിന് കൂടുതല്‍ ഫണ്ട് നീക്കിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും.  പ്രദര്‍ശനങ്ങളിലൂടേയും വ്യാവസായിക സഹകരണത്തിലൂടേയും  ദേശീയ രാജ്യാന്തര പ്രതിച്ഛായ നേടിയെടുക്കാനാകും. ഈ വര്‍ഷം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രാജ്യാന്തര ലോഞ്ചിംഗ് പാഡുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ട് വിതരണം വേഗത്തിലാക്കുന്നതിന് ഉത്തരവ് 
ഇറക്കിയിട്ടുണ്ട്. വനിതാ സംരംഭകര്‍ക്ക് 15 ലക്ഷം രൂപവരെ വായ്പ ലഭ്യമാണ്. വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎമ്മിന്‍റെ ധനസഹായത്തിന് രണ്ടു വര്‍ഷത്തേയ്ക്ക് മൊറോട്ടോറിയം നല്‍കിയിട്ടുണ്ട്.  പ്രവാസികള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപിക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ സീഡിംഗ് കേരളയും മാസംതോറും ഇന്‍വെസ്റ്റര്‍ കഫേയും നടത്തുന്നുണ്ടെന്നും  കെഎസ് യുഎമ്മിന്‍റെ വിവിധ പദ്ധതികളേയും പരിപാടികളേയും മുന്‍നിര്‍ത്തി മുഖ്യമന്ത്രി വ്യക്തമാക്കി.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നാല് മാസത്തെ വാടക ഒഴിവാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തേയ്ക്ക് വാടകയില്‍ ഭാഗികമായ ഇളവുനല്‍കും. രാജ്യത്ത് ആദ്യമായി കെഎസ് യുഎമ്മിന്‍റെ ഫണ്ട് ഓഫ് ഫണ്ട് സ്കീം പ്രകാരം കേരളത്തിന്‍റെ പ്രത്യേക എയ്ഞ്ചല്‍ ഫണ്ടിലൂടെ 11 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ആശയവിനിമയ പരിപാടിയില്‍ നൂറോളം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നിര്‍ദേശങ്ങളും ആവശ്യങ്ങളും പങ്കുവച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *