April 24, 2024

850 കോടിയുടെ അനധികൃത അടയ്ക്ക കച്ചവടം: 42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

0
കൽപ്പറ്റ: 850 കോടിയുടെ അനധികൃത അടയ്ക്ക കച്ചവടവും  42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും നടത്തിയ  മുഖ്യപ്രതി അറസ്റ്റിൽ .
വയനാട്, കർണാടക, തമിഴ്‌ നാട്, ഡൽഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ചു വൻതോതിൽ ജി.എസ്.ടി വെട്ടിപ്പ് നടത്തിയിരുന്ന അടയ്ക്ക കച്ചവട സംഘത്തെ സംസ്‌ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം (IB) കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പിടികൂടി മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ജി.എസ്.ടി. വന്നതിനു ശേഷം സംസ്‌ഥാന നികുതി വകുപ്പ് നടത്തുന്ന ആദ്യ അറസ്റ്റ് ആണിത്. വിവിധ സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ചു കുടുംബാംഗങ്ങളുടെ പേരിൽ രജിസ്‌ട്രേഷൻ എടുത്ത് കേരളത്തിലേക്ക് വൻതോതിൽ അടയ്ക്ക കൊണ്ടുവരുന്നതായി കാണിച്ചു ഇൻപുട്ട്‌ ടാക്‌സ് എടുത്തു നികുതി വെട്ടിക്കുകയായിരുന്നു സംഘത്തിന്റെ പരിപാടി.
മുരിക്കാഞ്ചേരി സുലൈമാൻ, മകനായ അലി അക്ബർ മറ്റു ബന്ധുക്കൾ എന്നിവരുടെ പേരിലാണ് ജി.എസ്.ടി. രജിസ്ട്രേഷനുകൾ എടുത്തിരുന്നത്. ജി.എസ്.ടി വന്നതിനു ശേഷം സുലൈമാനും മകൻ അലി അക്ബറും ചേർന്നു തമിഴ് നാട്ടിലും ഡൽഹിയിലും രജിസ്ട്രേഷനുകൾ സംഘടിപ്പിച്ചു കേരളത്തിലെ ഇവരുടെ തന്നെ സ്‌ഥാപനങ്ങളിലേക്കു അടയ്ക്ക വിറ്റതായി കാണിച്ചു രേഖയുണ്ടാക്കി. ഈ രേഖകൾ ഉപയോഗിച്ചു ഇവർ ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് എടുത്ത് നികുതി വെട്ടിപ്പ് നടത്തി. ജി.എസ്.ടി. വന്നതിനു ശേഷം ഈ സംഘം 850 കോടിയോളം രൂപയുടെ കച്ചവടം നടത്തിയതായാണ് കണക്കാക്കുന്നത്. ഇതിലൂടെ 42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി  പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ധനകാര്യ മന്തിയുടെ പ്രത്യേക നിർദേശമനുസരിച്ചു സംസ്‌ഥാന ജി.എസ്.ടി. കമ്മീഷണറുടെ നേതൃത്വത്തിൽ ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ ഉദ്യോഗസ്‌ഥരുടെ സംഘമാണ് വയനാട് കേന്ദ്രീകരിച്ചുള്ള ഈ വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് മൂന്നു വ്യാപാര സ്‌ഥാപനങ്ങളിലും വീടുകളിലും ഒരേസമയം നടത്തിയ റെയ്ഡിൽ നികുതി വെട്ടിപ്പു സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തു. ഇതേതുടർന്ന് വെട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അലി അക്ബറിനെ (കേരളാ സ്പൈസസ് പനമരം), കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്നിൽ സമ്മതിക്കുകയായിരുന്നു. ഇതേതുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ (IB)  കെ. വിജയകുമാർ, അസിസ്റ്റന്റ് കമീഷണർ (IB)  ബി. ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നാളെ എറണാകുളം ഏക്കണോമിക് ഒഫൻസസ് കോടതിയിൽ ഹാജരാക്കും. വീട്ടിലും വ്യാപാര സ്‌ഥാപാനങ്ങളിലും നടത്തിയ പരിശോധനയിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *