September 28, 2026

മഴ മാറി : കാലാവസ്ഥയിൽ മാറ്റം: മണ്ണിരകൾ ചത്തൊടുങ്ങുന്നു.

0
IMG-20200901-WA0109.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  മഴ മാറി  ദിവസങ്ങൾ കഴിയുംതോറും   മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മുൻ വർഷങ്ങളിൽ മഴ മാറി ആഴ്ചകൾക്ക് ശേഷമാണു മണ്ണിര ചത്തിരുന്നത് എങ്കിൽ ഇക്കുറി മഴ പൂർണമായും മാറും മുൻപേ കഴിഞ്ഞ വർഷത്തേതിനു സമാനമായി തന്നെ മണ്ണിരകൾ ചത്തു തുടങ്ങി. തുടർച്ചയായ വർഷങ്ങളിൽ മണ്ണിരകൾ കൂട്ടത്തോടെ പിടഞ്ഞ് ചാകുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ജില്ലയിൽ നടവയൽ, കായക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണു കഴിഞ്ഞ അഞ്ച്  ദിവസമായി മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു കർഷകരുടെ ശ്രദ്ധയിൽപെട്ടത്.

കനത്ത മഴ മാറി നാലാം ദിവസം തന്നെ ഒന്നും രണ്ടുമായി മണ്ണിരകൾ ചത്തു തുടങ്ങിയിരുന്നു. . ദിവസം കഴിയുന്തോറും ചാകുന്ന മണ്ണിരകളുടെ എണ്ണം പെരുകുകയാണ്. നീളം കൂടി ആരോഗ്യമുള്ള മണ്ണിരകളാണ് ചാകുന്നതിൽ കൂടുതലും. റോഡുകളിലും വീട്ടുമുറ്റത്തുമാണു മണ്ണിര കൂട്ടത്തോടെ ചത്തുവീഴുന്നത്. മണ്ണിര ചാകുന്നതിനു കാരണം മണ്ണിലെ ഊഷ്മാവിന്റെ വ്യതിയാനം മൂലമാണെന്നു പറയപ്പെടുന്നു.
സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരയുടെ കൂട്ടമരണങ്ങളുണ്ടാകുന്നത് എന്ന് 3 വർഷം മുൻപ് എംജി സർവകലാശാലയിലെ സീനിയർ റിസർച് അസോഷ്യേറ്റ് ഡോ.പ്രശാന്ത് നാരായണൻ പറഞ്ഞിരുന്നു. മണ്ണ് ചുട്ടുപൊള്ളുന്നതാണു മണ്ണിര ചാകുന്നതിനു കാരണമെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു.
മണ്ണിര ചത്തൊടുങ്ങുന്നത് കൊടുംവരൾച്ചയുടെ സൂചനയാണെന്നു കർഷകർ പറയുന്നു. കഴിഞ്ഞ വർഷം മണ്ണിര ചത്തൊടുങ്ങിയ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച മണ്ണ്, ജൈവഘടകങ്ങളാലും പോഷകഗുണങ്ങളാലും സമ്പുഷ്ടമാണെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. അമ്ലഗുണത്തിന്റെ അളവും ആരോഗ്യമുള്ള മണ്ണിന്റേതു തന്നെ. ഇതോടെ ചൂടു തന്നെയാണ് മണ്ണിരകളെ കൊന്നതെന്ന നിഗമനത്തിൽ കൃഷി ശാസ്ത്രജ്ഞരും എത്തിയിരുന്നു.
ചൂടിൽ വ്യത്യാസം വരുന്നതിനനുസരിച്ച്  വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാൻ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണ് വിണ്ടുകീറും. മേൽമണ്ണിന്റെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പുതേടി മണ്ണിനടിയിലേക്ക് നീങ്ങുകയാണു മണ്ണിരകളുടെ പതിവ്. ഇതിനു വിപരീതമായി മുകളിലേക്ക് വരുമ്പോഴാണ് കൊടുംചൂടേറ്റ് ചത്തൊടുങ്ങുന്നത്. 10 മുതൽ 30 സെന്റിമീറ്റർ വരെ താഴ്ച്ചയിലാണ് മണ്ണിരകളുടെ വാസം.
കനത്ത മഴയിൽ മണ്ണിലെ ജൈവാംശം ഒലിച്ച് പോയി ജലാംശം പിടിച്ച് നിർത്താനുള്ള മണ്ണിന്റെ ശേഷി കുറയും. 15 മുതൽ 28 ഡിഗ്രി ചൂടിൽ വരെയെ മണ്ണിരകൾക്കു വസിക്കാൻ സാധിക്കു. ഇതിലധികം ചൂടാണ് മണ്ണിര പുറത്ത് വരാനും ചാകാനും മറ്റൊരു കാരണമെന്നു പറയപ്പെടുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന 30 ഡിഗ്രിക്ക് മേലെയുള്ള ചൂടാണ് മഴ മാറി ദിവസങ്ങൾക്കുള്ളിൽ ജില്ലയിൽ പലയിടങ്ങളിലും അനുഭവപ്പെടുന്നത്. എന്നാൽ മണ്ണിര ചാകുന്നതിൽ ആശങ്കപ്പെടാനില്ലെന്ന് കാർഷിക മേഖലയിലെ വിദഗ്ധർ  പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *