May 19, 2024

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളുണ്ടായില്ല: വയനാട് അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: രാഹുല്‍ഗാന്ധി

0
Img 20240403 180937

കല്‍പ്പറ്റ: വയനാട് അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് രാഹുല്‍ഗാന്ധി. കല്‍പ്പറ്റയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ ഭാഗമായി നടന്ന റോഡ്‌ഷോയുടെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനഷ്യ-വന്യമൃഗ സംഘര്‍ഷം, രാത്രിയാത്രാ നിരോധനം, മെഡിക്കല്‍ കോളജ് എന്നീ മൂന്ന് സുപ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പോരാട്ടത്തില്‍ വയനാട്ടിലെ ജനങ്ങളോടൊപ്പമുണ്ടാകും. വയനാടിന്റെ ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി നിരന്തരമായി കേന്ദ്ര-കേരള സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നിര്‍ഭാഗ്യവശാല്‍ നടപടികളൊന്നുമുണ്ടായില്ലെന്നും രാഹുല്‍ പറഞ്ഞു.

കേന്ദ്രത്തിലും, കേരളത്തിലും നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചുകൊണ്ടേയിരിക്കും. വയനാടിന്റെ എം പിയാകുകയെന്നത് ഏറ്റവും വലിയ ബഹുമതിയായാണ് കാണുന്നത്. എം പിയായതിന് ശേഷം വയനാട് നേരിട്ട നിരവധിയായ പ്രതിസന്ധികള്‍ കാണാന്‍ സാധിച്ചു.

പ്രളയത്തില്‍ പലര്‍ക്കും കുടുംബാംഗങ്ങളെയും, വീടും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടു. ആ സമയത്തെല്ലാം വയനാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് കാണാനായതെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ കുടുംബാംഗമായാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യെ തിരഞ്ഞെടുത്തത്. സ്വന്തം സഹോദരിയെ സ്‌നേഹിക്കുന്നത് പോലെ വയനാട്ടിലെ ഓരോ വീടുകളിലും തനിക്ക് സഹോദരിയും സഹോദരന്മാരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *