May 16, 2024

പുലിപ്പേടിയില്‍ വിറങ്ങലിച്ച് കല്‍പ്പറ്റ നഗരം ഭീതിയോടെ ജനങ്ങള്‍

0
പുലിപ്പേടിയില്‍ വിറങ്ങലിച്ച് കല്‍പ്പറ്റ നഗരം:  ഭീതിയോടെ ജനങ്ങള്‍
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ മൈലാടിപാറയില്‍ നിന്നും ഇറങ്ങിയ പുലിയും രണ്ടു പുലികുട്ടികളും ജനവാസ കേന്ദ്രമായ എമിലിയിലേക്ക് കടന്നതായി വനംവകുപ്പ് സ്ഥിരീകരണം.  
എമിലിയില്‍ പരിശോധന നടത്തി പുലിയുടെ കാല്‍പാടുകള്‍ സ്ഥിരീകരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 ഒരാഴ്ച്ചയായി ആലന്തട്ട, വെള്ളമ്പാടി, മടക്കിമല, പരിയാരം, എമിലി, മുണ്ടേരി, മണിയങ്ങോട് എന്നീ സ്ഥലങ്ങളിലാണ് പുള്ളിപ്പുലിയും, രണ്ടു പുലി കുട്ടികളും ഭീതിപരത്തുന്നതായി പൊതുവെയുള്ള ജനസംസാരം.
സ്ഥിരമായി ഒരിടത്തും നിലയുറപ്പിക്കാതെ പുലികള്‍ അലഞ്ഞു നടക്കുകയാണ്. ആലന്തട്ട പ്രദേശത്ത് സ്വകാര്യ എസ്റ്റേറ്ററിന് സമീപം പുലിക്കുട്ടികളെ നാട്ടുകാര്‍ കണ്ടിരുന്നു. ഈ പുലികള്‍ തന്നെയാണ് കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപം എത്തിയതെന്നും പറയപ്പെടുന്നു. 
മുണ്ടേരി, മണിയങ്കോട് എന്നീ സ്ഥലങ്ങളില്‍ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടതോടെയാണ് പുലിയിറങ്ങിയതായി ജനങ്ങളില്‍ ഭീതി പടര്‍ന്നിരിക്കുന്നത്. പാറക്കെട്ടുകളും വനവും നിറഞ്ഞ പ്രദേശമായതിനാല്‍ പുലിയുടെ സാന്നിധ്യം തള്ളികളയാനും സാധിക്കുകയില്ല.
ഏക്കറു കണക്കിന് കാപ്പിത്തോട്ടമുള്ള ഈ മേഖലയില്‍ പുലികള്‍ക്ക് സഞ്ചരിക്കാനും, തങ്ങാനും വലിയ പ്രയാസവുമില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ പുലിയും രണ്ടു പുലികുട്ടികളും ഒട്ടോറിക്ഷയുടെ മുന്നില്‍ ചാടിയിരുന്നു. തലനാരിഴക്കാണ് ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ടത്. 
കഴിഞ്ഞ മാസം ഗൂഡലായിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടന്ന സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും, തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പുലിയെ കണ്ടെത്താനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തുകയും, പിന്നീട് വനംവകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുകയും ചെയ്തിരുന്നു. ഈ പുലിയോടൊപ്പം ഉണ്ടായിരുന്ന രണ്ടു പുലികുട്ടികളും ഒരു ആണ്‍ പുലിയുമാണ് ഇപ്പോള്‍ ഭീതി പരത്തുന്നത്. ഏതാനും ചില ആളുകള്‍ പുലിയെ കണ്ടതായും പറയുന്നുണ്ട്. സമീപദിവസങ്ങളിലെല്ലാം രാത്രിക്കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വലിയരീതിയില്‍ പട്ടികള്‍ കുരക്കുന്നുണ്ടായിരുന്നെന്നും, കാല്‍പാടുകള്‍ കണ്ടെതില്‍ ആശങ്കയുണ്ടെന്നും ജനങ്ങള്‍ പറയുന്നു. വനത്തോട് ചേര്‍ന്നുള്ള ചെറിയ വഴികളാണ് ഇവിടെ സഞ്ചാരത്തിനായി ഉള്ളത്. പകല്‍ സമയത്തും പുറത്തിറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കും എന്ന അവസ്ഥയാണ് നിലിവില്‍. കുട്ടികളെ സ്‌കൂള്‍, മദ്രസ എന്നിവിടങ്ങളിലേക്കയക്കാനും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. പുലിയെ നിരീക്ഷിക്കുന്നുണ്ടെന്നും, ആശങ്ക വേണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും സന്ധ്യയായി കഴിഞ്ഞാല്‍ പിന്നെ പുറത്തേക്കിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിഞ്ഞുകൂടുന്നത്. രാത്രികാലങ്ങളില്‍ ഈ പ്രദേശത്ത് കൂടി സഞ്ചരിക്കാനും ജനങ്ങള്‍ക്ക് ഭീതിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *