May 19, 2024

കാടിനുള്ളിലൊരു വോട്ടുദിനം: മഷിപുരട്ടി വനഗ്രാമങ്ങള്‍

0
Img 20240426 165406

കൽപ്പറ്റ: കാടിനുള്ളില്‍ കനത്ത കാവലില്‍ ചെട്ട്യാലത്തൂരിനും കുറിച്യാടിനും വോട്ടുദിനം. നേരം പുലരുന്നതിന് മുമ്പേ തന്നെ കാടിനുള്ളിലെ പോളിങ്ങ് ബൂത്ത് ഉണര്‍ന്നിരുന്നു. ഇത്തവണ യൂത്ത് ബൂത്ത് എന്ന പ്രത്യേകത കൂടിയുള്ളതിനാല്‍ പോളിങ്ങ് ഉദ്യോഗസ്ഥരെല്ലാം യുവാക്കള്‍. സംശയങ്ങള്‍ ഒന്നുമില്ല. എല്ലാം കൃത്യം. അതിരാവിലെ തന്നെ മോക്ക് പോളിങ്ങ്. അതിന് ശേഷം രാവിലെ ഏഴിന് പോളിങ്ങ് ബൂത്ത് വോട്ടിങ്ങിനായി സുസജ്ജം.

ആകുലതകളും ആശങ്കകളുമില്ലാതെ എല്ലാം പതിവ് പോലെ തന്നെയായിരുന്നു. വോട്ടിങ്ങ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിമ്പോഴും ചെട്ട്യാലത്തൂരില്‍ വലിയ തിരക്കുകളോ വോട്ടര്‍മാരുടെ നീണ്ട നിരകളോ കാണാനില്ല.

വിളിപ്പാടകലെയുള്ള വീടുകളില്‍ നിന്നും സാധാരണ ഒരു ദിനം പോലെ വീട്ടുകാരെല്ലാം പതിവ് ജോലികളില്‍. കാടിനുള്ളിലും കത്തുന്ന ചൂടില്‍ വീടിന്റെ ഇറയത്തിരുന്ന് കഥപറയുന്നവര്‍. വെയില് ഒന്ന് കുറയട്ടെ എന്നിട്ടാകാം വോട്ട് എന്നായിരുന്നു മിക്കവരുടെ മറുപടി.

ഇതിനിടയിലും തിരക്കിട്ട് കോളനിയിലെ എഴുപതുകാരിയായ വെള്ളച്ചി ഒറ്റക്കെത്തി വോട്ട് ചെയ്ത് മടങ്ങി. സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ പ്രതീക്ഷകളില്‍ പകുതിയിലധികം പേരും കാടിറങ്ങി. ശേഷിച്ചവര്‍ക്ക് മാത്രമായാണ് ഇവിടെ ഈ തെരഞ്ഞെടുപ്പ് കാലത്തും ചെട്ട്യാലത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ഒരു പോളിങ്ങ് ബൂത്തൊരുങ്ങിയത്.

ഓരോരുത്തരായി ഇതിനിടയില്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി തുടങ്ങുമ്പോള്‍ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളെല്ലാം നല്‍കാന്‍ പോളിങ്ങ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വരാന്തയില്‍ കാത്തുനിന്നു.

ചെട്ട്യാലത്തൂരില്‍ ആകെ വോട്ട് 139 പേര്‍ക്കാണുളളത്. കാടിറങ്ങി പുറത്ത് പോയ ചിലര്‍ക്കും വോട്ട് കാടിനുളളിലുണ്ട്. ബത്തേരിക്കടുത്ത് വാടക വീട്ടിലേക്ക് തല്‍ക്കാലം താമസം മാറ്റിയ നിഖില്‍ അമ്മ നാരായണിക്കും വല്യമ്മ വെള്ളിച്ചിക്കും ഒപ്പമാണ് കാടിനുള്ളിലൂടെ ചെട്ട്യാലത്തൂരിലേക്ക് രണ്ടരകിലോമീറ്ററോളം നടന്നെത്തിയത്.

കാട്ടാനയും കാട്ടുപോത്തുമെല്ലാമുള്ള വഴിയാണ് എങ്കിലും വോട്ട് ചെയ്യണം. കാടിറങ്ങിപ്പോയ ജീവിതവഴിയിലും കാടിനുള്ളിലേക്ക് ഈ തെരഞ്ഞെടുപ്പ് കാലം ഇവരെ തിരികെ വിളിക്കുന്നു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ 83 ാം നമ്പര്‍ പോളിങ്ങ് ബൂത്താണ് കാടിനുള്ള കുറിച്യാട് ഏകാധ്യാപക വിദ്യാലയം.

34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇവിടെ വോട്ടവകാശമുളളത്. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട കാട്ടുനായ്ക്ക കുടുംബങ്ങള്‍ അധിവസിക്കുന്ന കുറിച്യാട് വനഗ്രാമത്തില്‍ തെരഞ്ഞെടുപ്പും കുറ്റമറ്റതായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ച് ഒരുക്കങ്ങളെല്ലാം മുന്‍കൂട്ടി വിലയിരുത്തിയിരുന്നു.

ചെതലയം ഫോറസ്റ്റ് റെയിഞ്ചില്‍പ്പെട്ട ഈ വനഗ്രാമത്തില്‍ പുനരധിവാസ പദ്ധതിയില്‍ കാടിറങ്ങാന്‍ തയ്യാറാകാതിരുന്ന ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. കര്‍ഷകരായ ചെട്ടിസമുദായങ്ങളും കാട്ടുനായ്ക്ക കുടുംബങ്ങളുമായിരുന്നു കുറിച്യാട് ഗ്രാമത്തിലെ അന്തേവാസികള്‍. കാടുമായി പൊരുത്തപ്പെട്ട് നെല്‍കൃഷിയും മറ്റുമായി കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ചെട്ടിസമുദായം തുടങ്ങി പകുതിയോളം കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയില്‍ കാടിന് പുറത്തേക്ക് ജീവിതം പറിച്ചുനട്ടു. ശേഷിക്കുന്ന കുടുംബങ്ങള്‍ കാടിനുളളില്‍ തുടരുകയാണ്. ഇവര്‍ക്കായി വോട്ട് ചെയ്യാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് വിഭാഗം കാടിനുള്ളില്‍ ഒരുക്കിയിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *