May 22, 2024

യു.ഡി.എഫ് ധാരണ: ടി. ഉഷാകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയുന്നു

0
കല്‍പറ്റ- വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിലെ ടി. ഉഷാകുമാരി ഒഴിയുന്നു. ഈ മാസം 18നോ 19നോ ഇവര്‍ രാജിവയ്ക്കുമെന്നാണ് അറിയുന്നത്. വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ പി.കെ. അസ്മത്തിന്റെ രാജിയും അടുത്തയാഴ്ച ഉണ്ടാകും. ഭരണം രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് പദവികള്‍ വച്ചുമാറണമെന്ന യു.ഡി.എഫ് ധാരണയനുസരിച്ചാണ് ഇരുവരും  രാജിവയ്ക്കുന്നത്. 
വനിതയ്ക്ക് സംവരണം ചെയ്തതാണ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പദവി. മുസ്‌ലിംലീഗിനാണ് അടുത്ത ഊഴം. ഭരണസമിതിയില്‍ മുസ്‌ലിം ലീഗിനു രണ്ടു വനിതാ അംഗങ്ങളുണ്ട്. വെള്ളമുണ്ട പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍നിന്നുള്ള എ. ദേവകിയും പടിഞ്ഞാറത്തറ ഡിവിഷനില്‍നിന്നുള്ള കെ.ബി. നസീമയും. ഇവരില്‍ ദേവകി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമാണ്. 
കെ.ബി. നസീമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കണമെന്ന താത്പര്യത്തിലാണ് മുസ്‌ലിംലീഗ് ജില്ലാ നേതൃത്വത്തില്‍ ഒരു വിഭാഗം. ഭരണരംഗത്ത് പരിചയമുള്ള ദേവകിയെ പ്രസിഡന്റാക്കണമെന്ന അഭിപ്രായവും നേതാക്കളില്‍ ചിലര്‍ക്കുണ്ട്. കസേര ഉറപ്പിക്കാന്‍ നസീമയും ദേവകിയും പാര്‍ട്ടിക്കുള്ളില്‍ നീക്കം നടത്തിവരുന്നതായാണ് വിവരം. 
16 അംഗങ്ങളാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍. കോണ്‍ഗ്രസ്-ആറ്, സി.പി.എം-അഞ്ച്, മുസ്‌ലിം ലീഗ്-നാല്, ജെ.ഡി.യു-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ എ. പ്രഭാകരന്‍(തവിഞ്ഞാല്‍ ഡിവിഷന്‍), വര്‍ഗീസ് മുരിയന്‍കാവില്‍(മുള്ളന്‍കൊല്ലി), പി.കെ. അനില്‍കുമാര്‍(തോമാട്ടുചാല്‍), ഒ.ആര്‍. രഘു(പുല്‍പള്ളി) എന്നിവരാണ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ പരിഗണനയില്‍ വരിക. ഇവരില്‍  മുതിര്‍ന്ന നേതാവുമായ എ. പ്രഭാകരനാണ് കൂടുതല്‍ സാധ്യത.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *