May 16, 2024

മീനങ്ങാടി രാജ്യാന്തര ശ്രദ്ധയിലേക്ക് : കാർബൺ തുലിതാവസ്ഥയുടെ കണക്കെടുക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്ത്.

0
Capture 20181024 112634

ആകെ ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തിന്റെയും കാര്‍ബണ്‍ ശേഖരത്തിന്റെയും കണക്കെടുക്കുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്തായി  മീനങ്ങാടി ഗ്രാമപഞ്ചായത്ത്.

ആകെ ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തിന്‍റെയും കാര്‍ബണ്‍ ശേഖരത്തിന്‍റെയും കണക്കെടുക്കുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്തായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ തുലിത പഞ്ചായത്തായി മാറാനുള്ള വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കണക്കെടുപ്പ് ദിശാബോധം നല്‍കും. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള തണല്‍ എന്ന പരിസ്ഥിതി സംഘടനയാണ് പഞ്ചായത്തിനു വേണ്ടി ഒരു വര്‍ഷം നീണ്ടു നിന്ന ഈ പഠനം നടത്തിയത്.  ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് പ്രാദേശിക ജനകീയ പങ്കാളിത്തത്തോടുകൂടി പ്രത്യേകിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തോടുകൂടി വിവരശേഖരണം നടത്തി കാര്‍ബണ്‍ തുലിത പഞ്ചായത്ത് പദ്ധതിക്കു വേണ്ട പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം ഏഴായിരം പേരില്‍ നിന്നും വിവിധയിനങ്ങളിലായി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒരു ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരമൊരു ഉദ്യമം ആദ്യമായിട്ടാണ്.

ഒക്ടോബര്‍ 23ന് ബഹുമാനപ്പെട്ട ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് കാര്‍ബണ്‍ തുലിത മീനങ്ങാടി – സാങ്കേതിക ശില്പശാലയില്‍ വെച്ച്, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന് നല്‍കിക്കൊണ്ട് Carbon Neutral Meenangadi – Assessment and Recommendations എന്ന പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ശില്പശാലയില്‍  ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് . ഉഷ ശശി, മീനങ്ങാടി  വൈസ് പ്രസിഡന്റ്  അസൈനാര്‍, നബാര്‍ഡ് എ.ജി.എം.    ജിഷ  വടക്കുംപറമ്പിൽ  അഡീഷണല്‍ പ്ലാനിംഗ് ഓഫീസര്‍  സുഭദ്ര തുടങ്ങിയവര്‍  പങ്കെടുത്തു. 

ആഗോളതാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക രാഷ്ട്രങ്ങള്‍ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ പരിധി നിശ്ചയിക്കുന്നതിനായി കണക്കെടുപ്പ് നടക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് പ്രത്യേകിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 410 പി. പി. എം കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.  ആഗോള കാലാവസ്ഥാ ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചകളെല്ലാം ഈ നിരക്ക് കുറച്ചു കൊണ്ടു വന്ന് ആഗോള താപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലും താഴെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളെ ചൊല്ലിയാണ്. ഹരിത ഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന കാര്യത്തില്‍ ഇന്ത്യ അമേരിക്കക്കു പുറകില്‍ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ചൈനയാണുള്ളത്.  ഊര്‍ജ്ജ – ഗതാഗത – വ്യവസായ മേഖലകളിലേര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെച്ചൊല്ലിയും പരിഷ്‌കാരങ്ങളെ ചൊല്ലിയും അന്താരാഷ്ട്രാ തലത്തില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്.

രാജ്യത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് കാര്‍ബണ്‍ തുലിത വികസനം ലാക്കാക്കി ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആകെ ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തിന്‍റെയും കാര്‍ബണ്‍ ശേഖരത്തിന്റെയും കണക്കെടുക്കുന്നത്.  2017-18 സാമ്പത്തിക വര്‍ഷം ആധാരമാക്കിയുള്ള കണക്കെടുപ്പില്‍ പഞ്ചായത്തിലെ കാര്‍ബണ്‍ ശേഖരം ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തേക്കാള്‍ ഏകദേശം 11452 ടണ്‍ കുറവാണെന്ന തണല്‍ നടത്തിയ പഠനം കണ്ടെത്തി. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ 2020 ല്‍ ഇത് 15000 ടണ്‍ കടക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആഗോളതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുന്ന പാരിസ്ഥിതിക സംരക്ഷണ ഇടപെടല്‍ മാത്രമല്ല വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കികൊണ്ട് സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്ന പദ്ധതിയാണ് കാര്‍ബണ്‍ തുലിത മീനങ്ങാടി പദ്ധതിയെന്നും വയനാട് ജില്ലയെ കാര്‍ബണ്‍ തുലിത ജില്ലയാക്കി മാറ്റുന്നതിന് മുന്നോടിയായുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പഠനവും കാര്‍ബണ്‍ കണക്കെടുപ്പുമാണ് മീനങ്ങടിയില്‍ പൂര്‍ത്തിയായതെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

കാര്‍ബണ്‍ തുലിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് 2016 മുതല്‍ തന്നെ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനങ്ങളാവിഷ്‌കരിച്ച് നടപ്പിലാക്കി തുടങ്ങിയിരുന്നു. ഇതിനുള്ള അംഗീകാരമെന്നോണം സംസ്ഥാന സര്‍ക്കാര്‍ ട്രീ ബാങ്കിംഗ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരുതല്‍ ധനമായി പത്ത് കോടി രൂപ പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട്. മീനങ്ങാടി ഗ്രാമ പഞ്ചായത്തും മീനങ്ങാടി സഹകരണ ബാങ്കും സംയോജിതമായി നടപ്പിലാക്കുന്ന ട്രീ ബാങ്കിംഗ് എന്ന പദ്ധതി രാജ്യത്ത് തന്നെ ആദ്യത്തേതായിരിക്കും.

പഞ്ചായത്തില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന ആകെ ഹരിതഗൃഹവാതകങ്ങളുടെ 45 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണ്.  39 ശതമാനമാണ് ഊര്‍ജ്ജ ഉപഭോഗ മേഖലയുടെ സംഭാവന. നെല്‍കൃഷി, കുന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ നിന്നും 13 ശതമാനമേ ഉള്ളൂ.

“പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പഞ്ചായത്തിലെ ആകെ കാര്‍ബണ്‍ സ്വാംശീകര

ണത്തിന്‍റെ 38 ശതമാനവും പഞ്ചായത്തിനുള്ളിലുള്ള വനമേഖലയില്‍ നടക്കുമ്പോള്‍ 34 ശതമാനം വീട്ടു വളപ്പുകളിലെ മരങ്ങളിലും 23 ശതമാനം വീട്ടു വളപ്പുകളിലെത്തന്നെ കാപ്പിത്തോട്ടങ്ങളിലും നടക്കുന്നു. വീട്ടു വളപ്പുകളിലെ മരങ്ങളെ സംരക്ഷിക്കുതിനും കൂടുതല്‍ മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിനും വേണ്ട പ്രോത്സാഹനം നല്‍കുന്നതിനുമാണ് പഞ്ചായത്ത് ട്രീ ബാങ്കിംഗ് പദ്ധതി മുന്നോട്ടു വെച്ചിരിക്കുന്നത്.”

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ബീനാ വിജയന്‍ അഭിപ്രായപ്പെട്ടു.

“അധികമായി ബഹിര്‍ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോതു കുറച്ചു കൊണ്ടു വരികയും അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ മണ്ണിലേക്കും വൃക്ഷങ്ങളിലേക്കും ശേഖരിക്കുകയുമാണ് കാര്‍ബണ്‍ തുലിതമാകാനുള്ള വഴി.  പഠന റിപ്പോര്‍ട്ട് പ്രകാരം മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കൃഷിയിടങ്ങളിലെ മണ്ണിലെ കാര്‍ബണിന്റെ അളവ് വളരെ കുറവാണ് ഭൂരിഭാഗം സ്ഥലങ്ങളിലും അത് 2 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത് വിളവിനെ സാരമായി ബാധിക്കുന്നുണ്ട്. മാത്രമല്ല വെള്ളത്തെ പിടിച്ചു വെക്കാനുള്ള മണ്ണിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.  മണ്ണ് സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന കൃഷി- ഉല്പാദന പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജ സംരക്ഷണം, ജല സംരക്ഷണം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ പരമാധികാരം, ശേഷീവല്‍ക്കരണം തുടങ്ങിയ നിരവധി പരിപാടികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.”

പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അസൈനാര്‍ അഭിപ്രായപ്പെട്ടു.

“മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഇതുവരെ 80000 മരത്തൈകള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ തൊഴില്‍ – വരുമാന സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരത്തില്‍ ഗുണപരമായ മാറ്റം വരുത്താനും അതു വഴി കാര്‍ബണ്‍ തുലിത വികസനം സാധ്യമാക്കാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മാലിന്യ സംസ്‌കരണം, സാമൂഹ്യ വനവല്‍ക്കരണം ജൈവ കൃഷി എന്നീ മേഖലകളില്‍ പഞ്ചായത്ത് ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്.” ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

“ആഗോള താപനം ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് നമുക്കരികിലെത്തിയെന്നും മഹാ പ്രളയം നമ്മെ പഠിപ്പിച്ചു. പ്രാദേശികമായ ചെറിയ ചെറിയ ഇടപെടലുകള്‍ക്ക് പോലും വലിയ പ്രസക്തിയുള്ള ഒരു കാലഘട്ടമാണിത്. മാനവരാശിയുടെ നിലനില്‍പു തന്നെ അപകടത്തിലാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ ലോകത്തിനു തന്നെ മാതൃകയായിട്ടാണ് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു പ്രാദേശിക സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര വികസനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇത് ഒരു ചെറിയകാര്യമല്ല. പ്രശ്‌നങ്ങളെ ആഗോളതലത്തില്‍ വിശകലനം ചെയ്യുകയും പ്രാദേശിക തലത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ തേടുകയും ചെയ്യുകയാണ് ശരിയായ രീതി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ലോകത്തിന് കാണിച്ചു കൊടുക്കുന്നത് അതാണ്.” തണല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ രാജു എസ് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷത്തോടെ കാര്‍ബണ്‍ തുലിത സുസ്ഥിര വികസനമാതൃകയ്ക്കുള്ള അടിസ്ഥാനമിടാന്‍ ഗ്രാമ പഞ്ചായത്തിന് കഴിയുമെന്ന് രാജു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *