May 19, 2024

കാര്‍ഷിക മേഖല പുതിയ വിപണികള്‍ ലക്ഷ്യമിടണം :മന്ത്രി തോമസ് ഐസക്

0
Img 20190916 Wa0391.jpg
കൽപ്പറ്റ:
     കാര്‍ഷിക മേഖല കാലാനുസൃതമായി പുതിയ വിപണി കണ്ടെത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിന്റ ഉദ്ഘാടനം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷത്തിനകം കര്‍ഷകരുടെ പ്രതീശീര്‍ഷ വരുമാനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാര്‍ഷികവിളകളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണം ചെയ്താല്‍ മാത്രമേ ഇതിന് സാധിക്കുകയുളളു. ആന്ധ്രയിലെ അരക്കുവാലി ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. അതിനാല്‍ വിദേശ വിപണികളില്‍ വയനാടന്‍ കാപ്പിയടക്കമുളള തനത് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വില ലഭിക്കാന്‍ കാര്‍ഷിക രീതിയിലടക്കം മാറ്റങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
    പരിസ്ഥിതി സംരക്ഷണവും കാര്‍ഷിക വരുമാനവര്‍ദ്ധനവുമെന്ന ലക്ഷ്യം കൈവരിക്കാന്‍ കര്‍ഷകരെ  പ്രാപ്തരാക്കാനുളള വെല്ലുവിളി ഏറ്റെടുക്കാന്‍ അധ്യാപക, വിദ്യാര്‍ഥി സമൂഹം മുന്നോട്ട് വരണം. വയനാടിനെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റുന്ന കാര്യത്തില്‍ ഏവരുടെയും പിന്തുണ അനിവാര്യമാണ്. കാലവസ്ഥ വ്യതിയാനത്തിനനുസരിച്ചുള്ള കാര്‍ഷിക രീതികള്‍ അവലംഭിക്കേണ്ടതുണ്ട്. മീനങ്ങാടി പഞ്ചായത്ത് നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി മാതൃകയാക്കാന്‍ എല്ലാ പഞ്ചായത്തുകളും മുന്നോട്ട് വരണമെന്നും ധനകാര്യമന്ത്രി പറഞ്ഞു.
     
    ചടങ്ങില്‍ പെണ്‍കുട്ടികള്‍ക്കുളള  ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മന്ത്രി തോമസ് ഐസക്ക് നിര്‍വ്വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് മൂന്ന് കാര്‍ഷിക കോളേജുകള്‍ കൂടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുമരകം, പാലക്കാട്. കോഴിക്കോട് എന്നിവടങ്ങളിലാണ് കോളേജുകള്‍ സ്ഥാപിക്കുക. അമ്പലവയലില്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ 2020 ജനുവരിയില്‍ പൂപ്പൊലി നടത്തുമെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.  തുറമുഖ – മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ആര്‍. ചന്ദ്രബാബു,രജിസ്ട്രാര്‍ ഡോ.ഡി. ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. 

   സീറോകാര്‍ബണ്‍ ക്യാമ്പെയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കലും പഠന സഹായികളുടെ വിതരണവും നടന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലെ നാലാമത്തെ കാര്‍ഷിക കോളേജാണ് അമ്പലവയലിലേത്. ആദ്യവര്‍ഷം 60 സീറ്റുകളിലാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *