May 19, 2024

ഉത്തരവുകൾ മാറി മാറി വരുന്നു. :നിരീക്ഷണമൊരുക്കാൻ പാടുപെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

0
 മീനങ്ങാടി:
മാറി മാറി വരുന്ന ഓർഡറുകൾ കോവിഡ് കെയർ സെൻ്ററുകളുടെ നടത്തിപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും വിദേശത്ത് നിന്നും എത്തുന്ന ആളുകൾക്ക് ഇൻസ്റ്റിറ്റ്യൂഷൻ കോറൻ്റെയ്നും ഹോം കോറൻ്റെയ്നും ഉൾപ്പെടെ സൗകര്യം ഒരുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കോറൻ്റെയ്ൻ സെൻ്ററുകളുടെ നടത്തിപ്പ് മൂന്നോട്ടു കൊണ്ടുപോവുന്നതിലാണ് പ്രതിസന്ധി നേരിടുന്നത്. കോറൻ്റയ്ൻ ഹോമുകളായി തെരഞ്ഞെടുത്ത റിസോർട്ടുകളും കെട്ടിടങ്ങളും അണു മുക്തമാക്കി സംരക്ഷിച്ച് പോരുന്നതോടൊപ്പം കെട്ടിട ഉടമകൾക്ക് വരുന്ന അധിക ചിലവ് എങ്ങനെ പരിഹരിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് കൊവിഡ് നിരീക്ഷണ സെൻ്ററുകളുടെ പൂർണ ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലിലേക്ക് ജില്ലാ ഭരണകൂടം ഏൽപ്പിക്കുന്നത്. 10- 6-2020 ന് ഹോം കെയർ സെൻ്ററുകളായി ഏറ്റെടുത്ത റിസോർട്ടുകളും കെട്ടിടങ്ങളും ഹോട്ടലുകളും നിലവിലെ നിരീക്ഷണം പൂർത്തീകരിക്കുന്ന മുറയ്ക്ക് കെട്ടിട ഉടമകൾക്ക് തിരിച്ച് ഏൽപ്പിക്കണമെന്ന ഉത്തരവ് നൽകിയിരുന്നു. എന്നാൽ അതിർത്തി ചെക്ക് പോസ്റ്റ് വഴിയും,എയർപോട്ട് വഴിയും അന്യസംസ്ഥാനത്ത് നിന്നുള്ളവരും,വിദേശ മലയാളികളും,പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന നിരവധി ആളുകളുമാണ് സ്വന്തം നാടുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ അധികമാളുകൾക്കും സ്വന്തമായി കോറൻ്റയ്ൻ സൗകര്യം ഒരുക്കാൻ കഴിയാത്തവരാണ്.ഇത്തരക്കാരെ എങ്ങനെ സംരക്ഷിക്കണം എന്നത് പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു. ഈ ഒരു സാഹചര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ 11-6-2020 ന് ഇത്തരം സ്ഥാപനങ്ങളുടെ 50 % റൂമുകൾ കോറൻ്റയ്ൻ സൗകര്യത്തിന് ഉപയോഗപ്പെടുത്തണമെന്ന പുതുക്കിയ ഉത്തരവും ജില്ലാ ഭരണകൂടം നൽകുകയും ചെയ്തു.  എന്നാൽ കോറൻ്റയ്നിൽ 24 മണിക്കൂർ സേവനത്തിനായി സന്നദ്ധ പ്രവർത്തകരെ കിട്ടാത്തതും ശമ്പളത്തിന്മേൽ ആളുകളെ നിശ്ചയിച്ചിട്ടും മഹാമാരിയിൽ ഇത്തരം ജോലി ചെയ്യാൻ ആളുകൾ മടിച്ച് നിൽക്കുന്നതും ക്വാറൻ്റയ്ൻ പ്രവർത്തനം താറുമാറാക്കുകയാണെന്ന പരാതി വ്യാപകമായി.ഇതോടെ കോവിഡ് കെയർ സെൻ്ററുകളായി പ്രവർത്തിച്ച കെട്ടിടങ്ങളുടെ ശുചീകരണമടക്കമുള്ള പ്രവൃത്തികൾ ഗ്രാമപ്പഞ്ചായത്തുകൾക്ക് കൂടുതൽ തലവേദനയായി. 
വേതനത്തിന് പോലും ആളെ കിട്ടാത്ത സാഹചര്യത്തിൽ പൾസ് എമർജൻസി ടീം കേരളയുടെയും അതത് സ്ഥലങ്ങളിലെ ഏതാനും ചില സന്നദ്ധ പ്രവർത്തകരും കുടുംബശ്രീ വിജിലൻറ് ഗ്രൂപ്പ് അംഗങ്ങളുടെയും പ്രവർത്തി മാത്രമാണ് ഇപ്പോൾ ഈ മേഖലയിലുള്ളത്. ക്വാറൻ്റയ്ൻ സെൻ്ററുകളിൽ കഴിയുന്ന ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ സേവനത്തിനുണ്ടായിരുന്ന വളണ്ടിയർമാരും ബന്ധപ്പെട്ട ആളുകൾ മുഴുവനും നിരീക്ഷണത്തിൽ പോവേണ്ട സാഹചര്യവും ഉണ്ടാക്കുന്ന പ്രതിസന്ധിയും ചെറുതല്ല.  കൊവിഡ് കെയർ സെൻ്ററുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണ ചിലവ് മാത്രമാണ് ഇപ്പോൾ ദുരന്തനിവാരണ ഫണ്ടിൽ നിന്നും അനുവദിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. തനത് ഫണ്ട് നാമമാത്രമായുള്ള പഞ്ചായത്തുകൾക്ക് കൊവിഡ് കെയർ സെൻ്റർ നടത്തിപ്പ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.  പ്രവാസികളായ ആളുകൾക്ക് വീടുകളിൽ ക്വാറൻ്റയ്ൻ സൗകര്യം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ഹോം ക്വാറൻ്റയ്നിൽ കഴിയണമെന്നാണ് നിർദ്ദേശം. എന്നാൽ ഇക്കാര്യം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർ ഉറപ്പു വരുത്തേണ്ടതാണെന്നും വീട്ടിൽ സൗകര്യം ഇല്ലാത്തവർക്ക് പെയ്ഡ് ക്വാറൻ്റ്റയ്ൻ സൗകര്യം ഒരുക്കണമെന്നും ഇതിനും കഴിയാത്തവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ സൗകര്യം ഒരുക്കണമെന്നും 29- 6 -2020 ലെ ഉത്തരവിൽ പറയുന്നു.  ഹോം ക്വാറൻ്റയ്നോ, പെയ്ഡ് ക്വാറൻ്റയ്നോ സാധ്യമല്ലാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിർദ്ദേശിച്ച പ്രത്യേക മാതൃകയിലുള്ള സാക്ഷ്യപത്രം അപേക്ഷകൻ നൽകേണ്ടതാണ്.  സാക്ഷ്യപത്രം ഹാജരാക്കുന്ന പ്രവാസികൾക്ക് മാത്രമേ ജില്ലാ ഭരണകൂടം സജ്ജമാക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റയ്നിൽ സൗകര്യം ഒരുക്കുകയുള്ളൂ എന്നതാണ് പുതിയ നിർദ്ദേശം.  ഈ ഒരു സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിലവിലെ സാഹചര്യത്തിൽ ക്വാറൻ്റയ്ൻ സംവിധാനം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന പ്രതിസന്ധി നേരിടുന്നത്. ഇതിന് പുറമെ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിവിധ ആവശ്യങ്ങളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കയറി ഇറങ്ങുന്നത് നിരവധി ആളുകളാണ്. ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട ജീവനക്കാർ വരെ അതിഥി തൊഴിലാളികളുടെയും ക്വാറൻ്റയ്ൻ നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ചും ആവശ്യങ്ങൾ നിറവേറ്റിയും പ്രവർത്തിക്കുന്നത് കാരണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത വിധം വർദ്ധിക്കുകയാണ്. ക്വാറൻ്റയ്ൻ പ്രവർത്തനവും പൊതുജനങ്ങളുടെ ആവശ്യവും ഒരു പോലെ നിർവ്വഹിക്കുമ്പോഴുണ്ടാകുന്ന പരാതികൾക്ക് പരിഹാരമായി മറ്റു സർക്കാർ മേഖലകളിലെ ജീവനക്കാരെ ഈ യൊരു വേളയിൽ ഉപയോഗിച്ച് കൂടെ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചില പഞ്ചായത്തുകളിൽ ജീവനക്കാർ തന്നെ ക്വാറൻ്റയ്ൻ സെൻറർ അണുമുക്തമാക്കേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റയ്ൻ സെൻ്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരാതികൾക്ക് പരിഹാരം കാണാൻ കഴിയാത്തത് ചിലയിടങ്ങളിൽ വാക്കേറ്റത്തിന് ഇടയാക്കിയതും ഈയിടെയാണ്. പ്രതിസന്ധികൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ജില്ലയിലെ ക്വാറൻ്റയ്ൻ കേന്ദ്രങ്ങളുടെ പ്രവർത്തനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിരന്തര പരാതികൾക്കിടയാക്കുമെന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *