May 16, 2024

കുറുവദ്വീപിൽ സഞ്ചാരികൾക്ക് സുരക്ഷിത യാത്രയൊരുക്കി വിഎസ്എസ് ഗൈഡുകൾ

0
20230510 100818.jpg
പുൽപള്ളി : കബനിപ്പുഴയിലെ തുരുത്തുകളായ കുറുവദ്വീപിൽ സഞ്ചാരികൾക്ക് സുരക്ഷിത യാത്രയൊരുക്കി വിഎസ്എസ് ഗൈഡുകൾ. ആഴമേറിയ കയങ്ങളും വഴുക്കലുള്ള പാറക്കെട്ടുകളും പുഴയിലേക്ക് ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന മരങ്ങളും പാറക്കെട്ടുകളിൽ വിശ്രമിക്കാനെത്തുന്ന ചീങ്കണ്ണികളുമെല്ലാം അപകട ഭീഷണി ഉയർത്തുമ്പോഴും ഓരോ സഞ്ചാരിയുടെയും സുരക്ഷ പൂർണതോതിൽ നിറവേറ്റാൻ ഇവർ സുസജ്ജരാണ്. 40 വോളന്റിയർമാരാണ് കുറുവ ടൂറിസം നിയന്ത്രിക്കുന്നത്.
വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് വിവിധ തലങ്ങളിലുള്ള പരിശീലനം ലഭിച്ചവർ. എല്ലാവർക്കും നീന്തലറിയാം. അപകടമുണ്ടായാൽ നടത്തേണ്ട പ്രാഥമിക പരിശീലനം അഗ്നിരക്ഷാ സേന ഇവർക്കു നൽകിയിട്ടുണ്ട്. സ്ട്രെച്ചറും ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും ദ്വീപിലുണ്ട്. മുളച്ചങ്ങാടത്തിലാണ് സഞ്ചാരികളെ ദ്വീപിലെത്തിക്കുന്നത്. പല തട്ടുകളിൽ കല്ലൻമുളകൊണ്ട് നിർമിച്ച ചങ്ങാടം മറിയില്ല. അക്കരെയിക്കരെ വലിച്ചുകെട്ടുന്ന വടവുമായി ബന്ധിച്ചാണ് ചങ്ങാടത്തിന്റെ നീക്കം.60 പേർക്ക് യാത്രചെയ്യാവുന്ന ചങ്ങാടത്തിൽ 35 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. 25 പേർ കയറുന്ന ചങ്ങാടത്തിലും പുഴയിൽ കറങ്ങുന്ന ചെറുചങ്ങാടത്തിലും യാത്ര ചെയ്യുന്നവർക്കു ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. 75 ലൈഫ് ജാക്കറ്റ് ഇവിടെയുണ്ട്. കാറ്റുണ്ടെങ്കിലും ഇല്ലെങ്കിലും ചങ്ങാടങ്ങളിൽ ആരെയും നിർത്തി യാത്ര ചെയ്യിക്കില്ല. ഇപ്പോൾ കുറുവയിലേക്ക് 1150 പേർക്കാണ് പ്രവേശനം. മുഴുവൻ പേരും ചങ്ങാടത്തിൽ യാത്രചെയ്യുന്നുണ്ട്.
ഇരട്ടിയാളുകളെത്തിയ സമയത്തും ഇവിടെ സവാരി സുരക്ഷിതമായിരുന്നു. അനധികൃതമായി പുഴയിലിറങ്ങിയ പലരും കബനിയുടെ കയങ്ങളിൽ അകപ്പെട്ടിരുന്നു. ദ്വീപിലെത്തുന്ന ഓരോരുത്തരുടെയും മേൽ വോളന്റിയർമാരുടെ കണ്ണുണ്ട്. സഞ്ചാരപഥത്തിൽ 150 മീറ്റർ ഇടവിട്ട് രണ്ടു പേർ വീതം കാവലുണ്ട്. പുഴയിലിറങ്ങുന്നവരെ അവർ കയറ്റിവിടും. സഞ്ചാരികൾക്ക് കുളിക്കാൻ അനുവദിച്ച സ്ഥലത്തും അപകടമൊഴിവാക്കാൻ വനിതകളടങ്ങിയ സുരക്ഷാ ജീവനക്കാരുണ്ട്. കുറുവ ദ്വീപ് സന്ദർശിക്കാനും പഠിക്കാനുമെത്തുന്നവരിൽ ഭൂരിഭാഗം വിദ്യാർഥികളാണ്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണധികവും. അപകട സാധ്യതയൊന്നുമറിയാത്തവരുടെ സുരക്ഷയുറപ്പാക്കുന്നത് ഇവിടെ ജനിച്ച് പുഴയിൽ നീന്തിക്കളിച്ചു വളർന്ന ഗോത്രസമൂഹമാണ്. പ്രദേശത്തിന്റെ മുക്കും മൂലയും കൃത്യമായി അറിയുന്നവർ. പാക്കം–കുറുവ വനസംരക്ഷണ സമിതി കുറുവയുടെ നിയന്ത്രണമേറ്റ ശേഷം അപകടമൊന്നുമുണ്ടായിട്ടില്ലെന്ന് സമിതി ഭാരവാഹികൾ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *