May 20, 2024

ഗ്രാമഹൃദയങ്ങളിലേക്ക് ഡബിള്‍ ബെല്ലടിച്ച് ഗ്രാമവണ്ടി;സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിട്ട് ഗ്രാമവണ്ടി

0
Img 20240123 172319

 

മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് യാത്രാ ദുരിതം നേരിടുന്ന ഗ്രാമങ്ങളില്‍ ഗതാഗത സൗകര്യമൊരുക്കുന്ന കെ.എസ്.ആര്‍.ടിസിയുടെ ഗ്രാമവണ്ടി പദ്ധതി ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ജനുവരി 6 നാണ് ഗ്രാമവണ്ടി സര്‍വ്വീസ് ആരംഭിച്ചത്. ജില്ലയില്‍ ആദ്യമായി തുടങ്ങിയ സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാനന്തവാടിയില്‍ നിന്നും രണ്ടേനാല്‍- എടവക പഞ്ചായത്ത്-കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മിനി ക്യാമ്പസ് കാരക്കുനി – വഴി-അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്ററിലേക്കാണ് ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുന്നത്. രാവിലെ 7.45ന് മാനന്തവാടിയില്‍ നിന്നും യാത്ര തുടങ്ങി രാത്രി 7.10ന് മാനന്തവാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

 

ഒരു ദിവസം 13 ട്രിപ്പുകളാണ് ഗ്രാമവണ്ടി നടത്തുന്നത്. ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമായതോടെ അംബേദ്ക്കര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മിനി കാമ്പസ് എന്നിവിടങ്ങളിലേക്കുള്ള ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും യാത്രാദുരിതത്തിനാണ് പരിഹാരമായത്. ചികിത്സക്കായി ക്യാന്‍സര്‍ സെന്ററിലേക്ക് പോകുന്ന രോഗികള്‍ക്കും രോഗികളുടെ ബന്ധുക്കള്‍ക്കും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്ക് യൂണിവേഴ്സ്റ്റി മിനി ക്യാമ്പസിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏറെ അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ് ഗ്രാമവണ്ടിയുടെ സര്‍വ്വീസ്. ഹയര്‍ സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കിലും ഗ്രാമവണ്ടിയില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യമുണ്ട്. നിലവില്‍ 60 ഓളം വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമവണ്ടിയുടെ സര്‍വീസ് സഞ്ചാരപാതയില്‍ ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഗ്രാമവണ്ടി സംവിധാനത്തെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ദിവസേന മികച്ച കളക്ഷനോടെയാണ് ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *