May 17, 2024

ഒരു മാസത്തെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കമാകും: ആരാധകർ തമ്മിലും മത്സരം

0
            കാത്തിരിപ്പിനും കണക്കുകൂട്ടലുകള്‍ക്കും വിരാമം. റഷ്യയെയും യൂറോപ്പിനെയും തഴുകിയൊഴുകുന്ന വോള്‍ഗാനദിക്കരയില്‍ ഇനി 31 ദിനരാത്രങ്ങള്‍ ഫുട്‌ബോള്‍ വസന്തം. 21-ാമത് ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് വൈകിട്ട് ഇന്ത്യന്‍സമയം 8.30ന് തുടക്കമാകും. റഷ്യന്‍സമയം വൈകിട്ട് നാലു മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. 
വിവിധ രാഷ്ട്രത്തലവന്‍മാര്‍, ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെ, മറഡോണ, കലാ സാംസ്‌കാരിക പ്രതിഭകള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വഌദിമിര്‍ പുടിനാണ് ലോക നേതാക്കളെയും ഫുട്‌ബോള്‍ ഇതിഹാസങ്ങളേയും ക്ഷണിച്ചത്. 500 നര്‍ത്തകര്‍ ഉദ്ഘാടന ചടങ്ങില്‍ നൃത്തം അവതരിപ്പിക്കും.
റഷ്യന്‍ ജിംനാസ്റ്റുകളുടെ പ്രകടനവും അരങ്ങേറും. തുടര്‍ന്ന് പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ റോബീ വില്യംസണിന്റെ സംഗീതവിരുന്നും നടക്കും. 32 രാജ്യങ്ങളില്‍ നിന്നുള്ള 736 താരങ്ങളാണ് വിവിധ രാജ്യങ്ങള്‍ക്കു വേണ്ടി ബൂട്ടണിയുന്നത്. മോസ്‌കോ സിറ്റി സെന്ററില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ വോള്‍ഗയുടെ തീരത്തുള്ള ലുസിങ്കി സ്റ്റേഡിയത്തിലാണ് 2018 ലോകകപ്പിലെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും. മത്സരത്തില്‍ മാറ്റുരക്കുന്ന ടീമുകളെല്ലാം റഷ്യയില്‍ എത്തിക്കഴിഞ്ഞു. വിവിധ നഗരങ്ങളിലുള്ള 12 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 
65 മത്സരങ്ങള്‍ക്ക് ശേഷം ജൂലൈ 15ന് കാല്‍പ്പന്തുകളിയിലെ പുതിയ രാജാക്കന്‍മാരെ കാണാന്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നു. ഒരൊറ്റ സ്വപ്‌നവുമായാണ് 32 ടീമുകളും റഷ്യയിലെത്തിയിട്ടുള്ളത്. നാല്‍പ്പത്തിയഞ്ചുകാരനായ ഈജിപ്ത് ഗോള്‍കീപ്പര്‍ എസ്സാം അല്‍ഹദാരി മുതല്‍ 19 വയസുകാരനായ മൊറോക്കോ താരം അഷ്‌റഫ് ഹകീമി വരെ സ്വര്‍ണക്കപ്പിനായി അണിനിരക്കുന്നുണ്ട്. 
     ഫുട്ബോളിന് ഏറെ ആരാധകരുള്ള കേരളത്തിൽ ആരാധകർ തമ്മിലാണ് ടീമുകൾക്ക് വേണ്ടി പ്രചരണ മത്സരം നടത്തുന്നത്. വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റോഡ് ഷോകളും  ഗോളടി മത്സരങ്ങളും നടത്തി കഴിഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *