May 19, 2024

കേട്ടിട്ടുണ്ടോ “മകം കുളിപ്പിക്കൽ”? കണ്ടിട്ടുണ്ടോ?

0
Fb Img 1569563020621.jpg
സി.വി.ഷിബു.
"
മകം കുളിപ്പിക്കൽ. " ഒരു പക്ഷേ ഇങ്ങനെ ഒരു വാക്ക് അധികമാരും കേട്ടിട്ടുണ്ടാവില്ല. വയനാട്ടിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുറിച്യർ പരമ്പരാഗതമായി നടത്തി വരുന്ന ഒരു ചടങ്ങാണിത്. നെല്ലിനെ ദേവിയായി കണ്ട് തീർത്ഥജലം തളിച്ച് ,ചന്ദനം തൊടുവിച്ച് നടത്തുന്ന പൂജയാണിത്. തീർത്ഥജലം കൂടാതെ നിലവിളക്ക്, അടക്ക, വെറ്റില എന്നിവയാണ് പൂജക്കുപയോഗിക്കുന്നത്. രോഗ കീട ബാധകളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ  മറ്റ് ദോഷങ്ങളിൽ നിന്ന് നെല്ലിനെ സംരക്ഷിക്കുന്നതിന് ദേവപ്രീതിക്കായാണ് മകം കുളിപ്പിക്കൽ നടത്തുന്നത് .എടത്തന തറവാട്ടിൽ  തറവാട്  ഒടേക്കാരൻ ഇ.കെ. ചന്തുവിന്റെ കാർമ്മികത്വത്തിൽ അരമണിക്കൂർ ചടങ്ങ് നീണ്ടുനിന്നു. നെല്ല് കതിരാകുന്നതിന് മുമ്പ്   നെൽപ്പാടം പച്ചപ്പണിയുന്നതോടെയാണ്  കന്നിമാസത്തിലെ മകം നാളിലാണ്  എല്ലാ വർഷവും  ചടങ്ങ് നടത്തുന്നത്.തുടർന്ന് തറവാട്ടിലെത്തുന്ന എല്ലാവർക്കും സദ്യയും നൽകും. 
       
            മാനന്തവാടി  വാളാട്    എടത്തനയിൽ തറവാടിന്റെ സ്വന്തമായ 16 ഏക്കർ പാടശേഖരത്തിലാണ് ഇത്തവണ നെൽകൃഷി ചെയ്തത്.വയനാടിന്റെ തനത് നെൽവിത്തായ വെളിയനാണ് ഇതിനായി ഉപയോഗിച്ചത്.രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെ പൂർണ്ണമായും ജൈവ നെൽകൃഷിയാണ് ഇവരുടേത്.. ജൈവവളങ്ങളും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ചുള്ള കൃഷിരീതിയാണ് കാലങ്ങളായി ഇവിടെ തുടരുന്നത്.ഞാറ്റടി തയ്യാറാക്കുന്നത് മുതൽ കൊയ്തെടുക്കുന്നത് വരെ അതീവ ശ്രദ്ധയോടെ നെൽകൃഷിയെ പരിപാലിക്കുന്നു.ഇതുമായി ബന്ധപ്പെട്ട ദൈവീകമായ പൂജാ ചടങ്ങുകളും മുടക്കാറില്ല.കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇവിടെ ഏരുകളെ ഉപയോഗിച്ചാണ് നെൽകൃഷിയ്ക്കായി നിലം ഒരുക്കിയിരുന്നത്.എന്നാൽ ടില്ലർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിയതോടെ മനുഷ അദ്ധ്വാനം കുറയ്ക്കാനും വേഗത്തിൽ പണികൾ തീർക്കാനും കഴിഞ്ഞത് വലിയ ആശ്വാസമായി ഇവർ കാണുന്നു.നിലവിൽ എടത്തനയിൽ നഞ്ചയും പുഞ്ചയും മുടങ്ങാതെ കൃഷി ചെയ്യുന്നുണ്ട്.ജലക്ഷാമം പുഞ്ചകൃഷിയ്ക്ക് ചെറിയ തോതിൽ തടസം ഉണ്ടാക്കുന്നുണ്ടെങ്കിലും അതിനെയും ഇവരുടെ കൂട്ടായ്മ അതിജീവിയ്ക്കുന്നുണ്ട്.
      വയനാട്ടിലെ  കർഷക സമൂഹം സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വാഴയുൾപ്പെടെയുള്ള കൃഷികളിലേക്ക് ചുവടു മാറ്റിയപ്പോൾ എടത്തന തറവാട് അതിന് തയ്യാറായില്ല.തറവാടിന്റെ ഈ ഉദ്യമങ്ങൾക്ക് നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.നെൽകൃഷി നെഞ്ചോട് ചേർത്ത് ഇവർ ഭക്ഷ്യസുരക്ഷയിൽ സ്വയം പര്യാപ്‌ത നേടി.എടത്തന തറവാട്ടിൽ നടക്കുന്ന പുത്തരിയുത്സവം,വിവാഹം, തറവാട്ടിലെ അംഗങ്ങളുടെ മരണാന്തര ചടങ്ങുകൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും അരി ഒരു മണി പോലും ഇതുവരെ പുറമെ നിന്ന് വാങ്ങേണ്ടി വന്നിട്ടില്ല.ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള എടത്തന തറവാട്ടിലെ എല്ലാ കുടുംബാംഗങ്ങളും നാട്ടിയ്ക്കും വിളവെടുപ്പിനും ഒത്തുചേരുമെന്നതാണ് സവിശേഷത.
നെൽകൃഷി വരും തലമുറയ്ക്കായി സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന സന്ദേശമാണ് ഇവർ സമൂഹത്തിന് നൽകുന്നത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *