May 19, 2024

വനസംരംക്ഷണം വനരോദനം മാത്രമാകരുത് വനങ്ങൾ നമ്മുടെ പ്രാണനാണ്

0
Newswayanad Copy 2602.jpg
റിപ്പോർട്ട്‌ : ഡി.ഡി. സുനീഷ്…
കൽപ്പറ്റ : ഒരു വന ദിനം കൂടി ഇന്നലെ കടന്ന് പോയി. കേവലം വനരോദനമായി മാറുന്ന വന സംരംക്ഷണം നമ്മുടെ നിലനില്പിൻ്റെ കണ്ണികൾ തന്നെ ഇല്ലാതാക്കും. ശുദ്ധവായു ,ശുദ്ധജലം ,ശുദ്ധ ഭക്ഷണം ,കാർഷിക വിളകളിലെ പരാഗണം അങ്ങിനെ നമ്മുടെ പ്രാണൻ നില നിർത്തുന്നതിൽ ശ്വാസ കോശങ്ങളായി ആണ് വനങ്ങൾ പ്രവർത്തിക്കുന്നത്. പരസ്പര പൂരകങ്ങളായി നിൽക്കേണ്ട വനങ്ങൾ നാം പലപ്പോഴും ശത്രു പക്ഷത്താണ് നിർത്തുന്നത്. ആവാസവ്യവസ്ഥയിലെ ശോഷണം മൂലം വനങ്ങളിൽ നിന്നും പുറത്തു വരുന്ന മ്യഗങ്ങളുടെ മനുഷ്യാ വാസ വ്യവസ്ഥയിലേക്ക് ഉള്ള കടന്നു് വരവാണ് വനങ്ങളേയും മൃഗങ്ങളേയും നാം ശത്രു പക്ഷത്ത് നിർത്തുന്നത്.
വന സംരംക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പരിസ്ഥിതി പ്രവർത്തകർ തയ്യാറാക്കിയ ഈ കുറിപ്പ് ഏറെ പ്രാധാന്യം അർഹിക്കുന്നു.
*പരിസ്ഥിതി പ്രവർത്തകർ
തയ്യാറാക്കിയ കുറിപ്പ്*
വനങ്ങളുടെ സംരക്ഷണം എന്നാൽ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് വേണ്ടിയുള്ള പരിശ്രമമാണ്. ജീവവായു, ജീവജലം എന്നിവയുടെ ലഭ്യത നമ്മുടെ വനങ്ങളുടെ ആരോഗ്യാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ജീവഭക്ഷണം, ജീവവസ്ത്രം, ജീവപാർപ്പിടം എന്നൊന്നും പ്രയോഗിച്ചു കേൾക്കാറില്ല എന്നതു കൊണ്ട് തന്നെ, ജീവന്റെ നിലനിൽപ്പിന് വായു, വെള്ളം എന്നിവ എത്രത്തോളം അനിവാര്യമാണ് എന്നത് വളരെ സ്പഷ്ടമാണ്. 
വനസംരക്ഷണത്തിൽ അതീവപ്രാധാന്യമുള്ള ഭാഗമാണ് കാട്ടുതീ പ്രതിരോധ, നിവാരണ പ്രവർത്തനങ്ങൾ. കേരളത്തിലെ സാഹചര്യത്തിൽ കാട്ടുതീ ഉണ്ടാകാൻ ഒരു കാരണമേയുള്ളൂ- മനുഷ്യൻ: ഒന്നുകിൽ മനുഷ്യന്റെ അശ്രദ്ധ മൂലം കാട്ടുതീ ഉണ്ടാകുന്നു, അല്ലെങ്കിൽ ആരോടൊക്കെയോ ഉള്ള വൈരാഗ്യം തീർക്കാൻ അവൻ മനപൂർവം കാടിന് തീയിടുന്നു. 
വനങ്ങളിൽ മഴ പെയ്യുമ്പോൾ, ഇലകളിൽ തട്ടി ചിതറി വേഗത കുറഞ്ഞ് നിലത്തെത്തുന്ന ജലകണങ്ങളെ വനഭൂമിയിൽ വർഷങ്ങളോളം കരിയിലയും ചുള്ളിക്കമ്പുകളും വീണടിഞ്ഞ് രൂപപ്പെടുന്ന സ്പോഞ്ച് പോലുള്ള ഹ്യൂമസ് പാളി വലിച്ചെടുത്ത് മണ്ണിലേക്ക് ആവാഹിക്കുന്നു, അത് ഉറവകളായി പരിണമിച്ച് പുഴകളും നദികളുമായി ഒഴുകി പശ്ചിമ ഘട്ടത്തിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ജലസുരക്ഷ ഉറപ്പാക്കുന്നു. കാട് കത്തുമ്പോൾ വനഭൂമിയിൽ അനേകവർഷങ്ങൾ കൊണ്ട് രൂപപ്പെട്ടു വരുന്ന ഹ്യൂമസ് പാളി പൂർണ്ണമായും കത്തി നശിക്കുന്നു. മണ്ണിന് മുകളിലെ ഹ്യൂമസ് പാളി ഇല്ലാതായാൽ തീ കയറി ഇലച്ചാർത്ത് കുറഞ്ഞ വനത്തിൽ പെയ്യുന്ന മഴത്തുള്ളികൾ ശക്തിയോടെ മണ്ണിൽ പതിക്കുകയും, മണ്ണിളകി ഒഴുകി മണ്ണൊലിപ്പോടെ ജലമൊഴുകി പോകുകയും, ജലം മണ്ണിലേക്കാഴ്ന്ന് ഉറവകളായി പരിണമിക്കുന്ന പ്രക്രിയ സംഭവിക്കാതിരിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ മാത്രമല്ല, പശ്ചിമ ഘട്ടത്തിന് പടിഞ്ഞാറുള്ള മനുഷ്യരുടെയും ജലസുരക്ഷ നഷ്ടപ്പെടുന്നു. ഹ്യൂമസ് പാളി കത്തി നശിച്ചാൽ വീണ്ടും രൂപപ്പെട്ടു വരാൻ അനേക വർഷങ്ങളെടുക്കും. 
അത്യപൂർവ്വമായ ഇനം വനസസ്യങ്ങൾ മാത്രമല്ല, അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള അനേക ജന്തുജാലങ്ങളും കാട്ടുതീയെ അതിജീവിക്കാൻ കഴിയാതെ നശിച്ചു പോകുന്നു. ചിലയിനം സസ്യങ്ങളും ജീവികളും ചില പ്രത്യേക ആവാസവ്യവസ്ഥകളിൽ മാത്രം കാണപ്പെടുന്നവയാണ്, അത്തരം അതീവപ്രാധാന്യമുള്ള ആവാസവ്യവസ്ഥകളിൽ ഉണ്ടാകുന്ന കാട്ടുതീ പല സസ്യ- ജീവി വർഗങ്ങളെത്തന്നെ ശാശ്വതമായി ഭൂമിയിൽ നിന്നും ഉൻമൂലനം ചെയ്തേക്കാം. 
പക്ഷികൾ, വിവിധയിനം ജന്തുക്കൾ, ഉരഗങ്ങൾ എന്നിവയുടെ പ്രജനനകാലം കൂടിയാണ് കാട്ടുതീക്കാലം. ഓമനത്തമുള്ള വിവിധയിനം ചെറിയ കുഞ്ഞുങ്ങളെ വനത്തിൽ പരക്കെ കാണപ്പെടുന്ന കാലം. കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ചെറുജീവികൾക്കും, വലിയ ജീവികളുടെ ചെറുകുഞ്ഞുങ്ങൾക്കും കഴിയാറില്ല. കത്തുന്ന കൂട്ടിനുള്ളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയാതെ നിലവിളിച്ചു ചിറകുകൾ കരിഞ്ഞ് കൂടിനു ചുറ്റും പറന്ന് ഒടുവിൽ തീയിലേക്ക് പതിക്കുന്ന അമ്മക്കിളിയെ നിസ്സഹായനായി കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. പകുതി വെന്ത ശരീരം കൊണ്ട് തീയിൽ നിന്നും ഇഴഞ്ഞു മാറാൻ കഴിയാതെ എരിഞ്ഞ് പുളയുന്ന ഉരഗങ്ങളെ കണ്ടിട്ടുണ്ട്. എരിഞ്ഞടങ്ങിയ കുഞ്ഞുങ്ങളെ ഓർത്ത് വിലപിക്കുന്ന, ദേഹവും മനസും പൊള്ളിയ മാതാക്കൾക്ക് ഒരുപക്ഷേ ഏതോ മനുഷ്യന്റെ ക്രൂരമായ തമാശയുടെ ഫലമാണ് താൻ അനുഭവിക്കുന്നത് എന്ന് അറിയില്ലായിരിക്കും. അല്ലെങ്കിൽ അയാൾ കുടുംബസമേതം എരിഞ്ഞടങ്ങാൻ അവയുടെ ആധിയും തപവും തന്നെ ധാരാളം….
കാട്ടുതീയുണ്ടായാൽ അത് അണയ്ക്കുക എളുപ്പമല്ല. പകൽ അത്യുഷ്ണവും കാറ്റുമുള്ള സമയങ്ങളിൽ തീയണയ്ക്കാൻ ശ്രമിക്കുന്നത് വളരെ അപകടകരമാണ്. പകൽ തീയുടെ ദിശ മനസ്സിലാകാതെ, തീയണയ്ക്കാൻ പോയവർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. നാട്ടിൽ കെട്ടിടങ്ങളിലും മറ്റും തീപിടിച്ചാൽ അത് അണയ്ക്കുമ്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ ഒന്നും തന്നെ ഉൾക്കാടുകളിലെ സാഹചര്യങ്ങളിൽ പ്രായോഗികമല്ല. മാത്രമല്ല, രാത്രിയിലാണ് തീയണയ്ക്കാൻ വനപാലകർ കാടുകയറുക. തീയിൽ നിന്നും ഓടിവരുന്ന മൃഗങ്ങളുടെ സാന്നിദ്ധ്യവും ഇരുട്ടും പുകയും മുൾപടർപ്പുകളും ഒക്കെ കൂടി വളരെ അപകടകരമായ ഉദ്യമമാണ് കാട്ടുതീ അണയ്ക്കൽ. കാട്ടുതീ ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നതാണ് പ്രായോഗികമായ പോംവഴി. 
കാട് മനുഷ്യന്റെ ആദ്യത്തെ വീടാണ്. കാട് ജീവനാണ്; ജീവവായുവും ജീവജലവുമാണ്. കാട് ആരോഗ്യത്തോടെ അങ്ങനെ നിലനിൽക്കട്ടെ.
വനങ്ങളെ സംരംക്ഷിച്ച് പരിപാലിക്കുക എന്നത് നമ്മുടെ അതിജീവനം ഉറപ്പാക്കുന്നതിൽ നാം ചെയ്യേണ്ട പ്രഥമ കർത്തവ്യമായി കണക്കാക്കി ജീവിച്ചാൽ സുസ്ഥിരമായി നമുക്ക് ജീവിത ചുവടുകൾ വെക്കാനാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *