അനധികൃത വയറിംഗ്: നിയമ നടപടികള്‍ സ്വീകരിക്കും
കൽപ്പറ്റ : ജില്ലയില്‍ അനധികൃത വയറിംഗ് ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
വയറിംഗ് ചെയ്യുന്നവര്‍ക്കെതിരെയും ഉപഭോക്താവിനെതിരെയും നിയമ നടപടികളുണ്ടാകും. ഇത്തരം പ്രവണതകള്‍ കണ്ടെത്തുന്നതിന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ അദ്ധ്യക്ഷനും, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമായ ജില്ലാതല അനധികൃതവയറിംഗ് തടയല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകൃത ലൈസന്‍സ് ഇല്ലാത്തവര്‍ വയറിംഗ് ജോലികള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ ചെയ്യുന്ന വൈദ്യുതീകരണം നിലവാരക്കുറവിനും വൈദ്യുതിച്ചോര്‍ച്ചക്കും അപകടങ്ങള്‍ക്കും കാരണമാകും. ആയതിനാൽ ഉപഭോക്താക്കള്‍ അംഗീകൃത ലൈസന്‍സുള്ളവരെത്തന്നെയാണ് വൈദ്യുതികരണജോലി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ലൈസന്‍സ് ഇല്ലാത്തവര്‍ വഴി വയറിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍, വീടുകള്‍ക്ക് എന്നിവയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് വിലക്കും. വൈദ്യുതീകരണ ക്രമപ്പെടുത്തുന്നതിന് കൂട്ടു നില്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിനെ അറിയിക്കും. വൈദ്യുത സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി വൈദ്യുത അപകടങ്ങള്‍ കുറക്കുന്നതിനുള്ള നടപടികളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Leave a Reply