May 20, 2024

‘ഭ്രാന്തനെന്ന് വിളിക്കരുത്’പുല്‍പ്പള്ളി സ്വദേശിയുടെ നോവല്‍ ശ്രദ്ധേയമാകുന്നു

0
20231203 091449

കൽപ്പറ്റ:വയനാടന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഭ്രാന്തനെന്ന് വിളിക്കരുത് എന്ന നോവൽ ശ്രദ്ധേയമാകുന്നു.കഥയില്‍ പ്രണയവും വിരഹവും ഒരുപോലെ കെട്ടുപിണഞ്ഞുകിടക്കുന്നു.

പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ സരുണ്‍ പുല്‍പ്പള്ളി രചിച്ച ‘ഭ്രാന്തനെന്ന് വിളിക്കരുത്’ എന്ന നോവലിന് ബെന്യാമിനാണ് അവതാരിക എഴുതിയത്.ഓൺലൈനിൽ books.kaippada.in ലും പുസ്തകശാലകളിലും ഈ പുസ്തകം ലഭ്യമാണ്.മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സുഖമാണ് മറ്റൊരാളാല്‍ സ്നേഹിക്കപ്പെടുകായെന്നത്, അതിന് നിദാനമാകുന്നതിനെ ഒറ്റവാക്കില്‍ സ്നേഹമെന്നും വിളിക്കാം. പ്രണയമെന്ന വികാരത്തില്‍ നിറഞ്ഞുതുളുമ്പി നില്‍ക്കുന്നതും ഇതേ സ്നേഹമാണ്. പ്രണയം ചിലര്‍ക്ക് സന്തോഷവും മറ്റ് ചിലര്‍ക്ക് സങ്കടവും നല്‍കുന്നു. നേട്ടം സ്വാഭാവികമായി ആഘോഷിക്കപ്പെടും. എന്നാല്‍ നഷ്ടപ്രണയത്തെ മനുഷ്യന്‍ ഉള്‍ക്കൊള്ളുന്നത് പലരൂപത്തിലും പലഭാവത്തിലുമായിരിക്കും. മോഹഭംഗം നിരാശയാണെന്നത് വസ്തുതയാണ്. സ്വന്തം ജീവിതംകൊണ്ട് തന്നെ അതിനോട് പകരംവീട്ടിയവരുമുണ്ട്. എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. പ്രണയനഷ്ടത്തെ അംഗീകരിക്കാന്‍ പുതുതലമുറക്ക് സാധിക്കുന്നില്ല, ഇവരില്‍ പ്രണയമൊരു പിടിവാശിയായി നിറയുകയാണ്. ഒരിക്കല്‍ പ്രാണനെപ്പോലെ സ്നേഹിച്ചവരെ കരയിപ്പിച്ചുകൊണ്ട് അല്ലെങ്കില്‍ വേദനിപ്പിച്ചുകൊണ്ടാണ് ഇന്ന് പ്രണയം പകയുടെ രൗദ്രഭാവം കൈവരിക്കുകയാണ്.

 

പ്രണയനഷ്ടം പകയായി മാറുന്ന ഈ കാലത്തിനൊരു വഴിവിളക്കാകുകയാണ് നിന്നെ എനിക്ക് ഇഷ്ടമാണ് എന്ന് പറയുന്നത് പോലെതന്നെ ഇഷ്ടമല്ലെന്ന് പറയാനും ഓരോ വ്യക്തിക്കും അവകാശമുണ്ടെന്ന് ഒരിക്കല്‍കൂടി ഈ നോവല്‍ വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നു. നഷ്ടപ്രണയത്തിന്റെ ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ട് നായകനും നായികയും തങ്ങളുടെ ജീവിതം പിന്നില്‍ വരുന്നവര്‍ക്കായി ഒരു പാഠപുസ്തകമായി തുറന്നുവെയ്ക്കുന്നു. ഒരിക്കല്‍ ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ആണും പെണ്ണും വേദനിക്കുകയോ പരസ്പരം വേദനിപ്പിക്കുകയോ ചെയ്യരുതെന്ന് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് വാശിയുണ്ട്. അവള്‍ പരിചയപ്പെട്ടതില്‍ വെച്ച് ഏറ്റവും മാന്യനായ വ്യക്തി താനായിരിക്കണമെന്ന് നായകനും അവന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മാന്യയായ സ്ത്രീ താനായിരിക്കണമെന്ന് നായികയും ദൃഢപ്രതിജ്ഞയെടുക്കുന്നുണ്ട്. പ്രണയത്തിനൊപ്പം വയനാടന്‍ പ്രകൃതിയും കാനനഭംഗിയുള്ള ജീവിതങ്ങളും അങ്ങനെ അടയാളപ്പെട്ട് കിടക്കുന്നുണ്ട് ഈ നോവലിലെന്ന് അവതാരിക എഴുതിയ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

 

കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ‘ഭ്രാന്തനെന്ന് വിളിക്കരുത്’ എന്ന പുസ്തകം ആസ്വാദക പ്രശംസയേറ്റുവാങ്ങി മുന്നേറുകയാണ്. പ്രമുഖ പുസ്തകശാലകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും കൈപ്പട സ്റ്റോറായ books.kaippada.in ലും ഈ പുസ്തകം ലഭ്യമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *