May 20, 2024

കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

0
Img 20240129 165432

 

കൽപ്പറ്റ: വയനാട് ജില്ലയുടെ നിലവിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് ജില്ലയില്‍ കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ്. വയനാട് മുസ്ലീം ഓര്‍ഫനേജില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി ഓര്‍ഫനേജ് പ്രസിഡന്റ് കമ്മീഷന് നല്‍കിയ നിവേദനം പരിശോധിച്ചതിന് ശേഷമാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് ഓര്‍ഫനേജിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുവാന്‍ സംവരണം അനുവദിക്കണം. ജെ.ജെ ആക്ട് പ്രകാരം ഓര്‍ഫനേജുകളിലെ കുട്ടികള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റ് തുകയില്‍ കാലാനുസൃതമായ വര്‍ദ്ദനവ് ഉണ്ടാകണമെന്ന കാര്യം കമ്മീഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.. ജെ.ജെ ആക്ടിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാപനത്തില്‍ പഠിക്കുന്നതിലും ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കുന്നതിലും നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സി.ഡബ്ല്യൂ.സിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മാനസിക വൈകല്യമുള്ളതും മാനസിക ചികിത്സ അനിവാര്യവുമായ കുട്ടികളെ ഓര്‍ഫനേജുകളിലേക്ക് അലോട്ട് ചെയ്യുമ്പോള്‍ ഓര്‍ഫനേജിലുള്ള മറ്റ് കുട്ടികളുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. 18 വയസ്സ് പൂര്‍ത്തിയായവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഓര്‍ഫനേജിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വ്യക്തവും പൂര്‍ണവുമായ വിവരങ്ങള്‍ ഓഫീസില്‍ സൂക്ഷിക്കണമെന്ന് ഓര്‍ഫനേജ് അധികാരികള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഓര്‍ഫനേജിനുള്ളില്‍ പ്രവര്‍ത്തിച്ചുവരുന്ന ശിശു സംരക്ഷണ കേന്ദ്രം ‘ക്രഷ്’ ആധുനിക സംവിധാനങ്ങളോടെയുള്ള മറ്റൊരു കേന്ദ്രത്തില്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കും വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും കൂടുതല്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരും സി.ഡബ്ല്യു.സിയും ഓര്‍ഫനേജ് അധികാരികളും രണ്ട് മാസത്തിനകം നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2023 നവംബര്‍ 29 നാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയിലെ ഓര്‍ഫനേജും അനുബന്ധ സ്ഥാപനങ്ങളും സന്ദര്‍ശിച്ചത്.

ജാതി സെന്‍സസ് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം എടുക്കേണ്ട വിഷയമാണെന്നും സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഇടപെടാമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഇടപെടലുകള്‍ കമ്മിഷന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍. കളക്ടറേറ്റില്‍ നടന്ന സിറ്റിംഗില്‍ പരിഗണിച്ച മൂന്ന് പരാതികളില്‍ രണ്ടെണ്ണം പരിഹരിച്ചു. ഒരെണ്ണം തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *