May 20, 2024

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം: ജില്ലാ വികസന സമിതി

0
20240224 213740

 

കൽപ്പറ്റ : വരള്‍ച്ച പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. ജല ലഭ്യത ഉറപ്പാക്കാന്‍ ജല സ്രോതസ്സുകള്‍ സംബന്ധിച്ച് കര്‍മ്മ പദ്ധതി രൂപീകരിക്കാന്‍ ജല വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകള്‍ നടത്തണം. ലോകസഭാ തിരഞ്ഞടുപ്പിന് പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, അങ്കണവാടികള്‍ പൊളിക്കുകയോ രൂപ മാറ്റം ചെയ്യരുതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷക്ക് മുന്നോടിയായി സൂകുളുകളില്‍ സൗകര്യം ഒരുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് ആവശ്യപ്പെട്ടു. സി.എസ്.ആര്‍ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഓഫീസുകളിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത ഉറപ്പാക്കണമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

നെല്ലാറച്ചാല്‍ ടൂറിസം വികസന കേന്ദ്രത്തിന് നമ്പര്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് റവന്യൂ-ടൂറിസം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന സമയബന്ധിതമായി നടത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃത മാറ്റം വരുത്തുന്നതിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാന്‍ വനം വകുപ്പ് കത്ത് നല്‍കാന്‍ ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. അമ്പലവയല്‍ കാരാപ്പുഴ റോഡ് പ്രവര്‍ത്തിക്ക് 90 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി നല്‍കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയായതായും കാക്കവയല്‍-വാഴവറ്റ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്നതായും റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തിനും ജനവാസകേന്ദ്രങ്ങളിലും പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് സമഗ്ര പദ്ധതി തയ്യാറാക്കുന്നതായും റിപ്പോര്‍ട്ട് സമയബന്ധിതമായി നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷക്ക് മുന്നോടിയായി സ്‌കൂളുകളില്‍ നടത്തിയ റസിഡന്‍ഷ്യല്‍ ക്യാമ്പുകളുടെ കുടിശ്ശിക തുക വിതരണം ചെയ്യുന്നതായി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ അറിയിച്ചു. മാവിലാംതോട്് പഴശ്ശി സ്മാരകം-ചീങ്ങേരി എന്നീ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ 33 ഏക്കര്‍ സ്ഥലം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് വനം വകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ പറഞ്ഞു.

 

പ്രിയദര്‍ശനി ടി എസ്റ്റേറ്റിലെ കാഞ്ഞിരങ്ങാട് യൂണിറ്റിലെ റോഡ് ഗതാഗത യോഗ്യമാക്കുന്നതുമായ ബന്ധപ്പെട്ട വിഷയത്തില്‍ പരിശോധന നടത്താന്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുല്‍ത്താന്‍ബത്തേരി ചുങ്കം ജംങ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നതിന് സ്വകാര്യഭൂമി ഏറ്റെടുക്കല്‍ സാധ്യത പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് എം.പി പ്രതിനിധി കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു. എം.പിയുടെ ഫണ്ടില്‍ നിന്നും ജില്ലയിലെ അഞ്ച് സ്‌കൂളുകള്‍ക്ക് അനുവദിച്ച സ്‌കൂള്‍ ബസ്സ് ലഭ്യമായതായും രണ്ട് സ്‌കൂളുകള്‍ക്ക് ഉടന്‍ തന്നെ ബസുകള്‍ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ യോഗത്തില്‍ പറഞ്ഞു. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, എം.പി പ്രതിനിധി കെ.എല്‍ പൗലോസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *