May 20, 2024

കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾക്ക് ആയുർവേദത്തിലൂടെ ചികിത്സ: ജില്ലാ പഞ്ചായത്തിൻ്റെ ആയുർ സ്പർശം പദ്ധതി ജില്ലയിൽ തുടങ്ങി

0
Img 20240314 182607zddapdg

കൽപ്പറ്റ: കുട്ടികളിലെയും കൗമാരക്കാരിലെയും വളർച്ചാ വ്യതിയാനങ്ങൾക്കുള്ള ചികിത്സാ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വിവിധ വളർച്ച വൈകല്യങ്ങളെ ആയുർവേദ ചികിത്സ, അനുബന്ധ തെറാപ്പികൾ എന്നിവയിലൂടെ നേരിടുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ആയുർ സ്പർശം. ജില്ലാപഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിലാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ ഒ.പി രീതിയിലാണ് പ്രവർത്തനം. അടുത്ത വർഷം മുതൽ ഐ.പി സംവിധാനവും ഒരുക്കും. കുട്ടികളിലെ സെറിബ്രൽ പാൾസി, ഓട്ടിസം, സംസാര- പഠന -പെരുമാറ്റ വൈകല്യം, അപസ്മാരം തുടങ്ങിയ വളർച്ചാ വൈകല്യങ്ങളെ ആയുർവേദ ചികിത്സയിലൂടെ ഭേദമാക്കും. സ്പീച്ച് – ഫീസിയോ തെറാപ്പി, സൈക്കോളജി, സ്പെഷ്യൽ എജ്യുക്കേഷൻ എന്നിവ ഉണ്ടാകും. പദ്ധതിയിലൂടെ കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി സൗജന്യ ആയുർവേദ ചികിത്സ ലഭ്യമാക്കും. കുട്ടികളിലെ വളർച്ചാ വൈകല്യങ്ങളുടെ ചികിത്സയ്ക്ക് മാത്രമായി നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് 10 കോടി ചെലവിൽ ജില്ലയിലെ ആദ്യത്തെ ആശുപത്രി സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുഴിനിലത്ത് ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള രണ്ടര ഏക്കറിലാണ് ആശുപത്രി സ്ഥാപിക്കുന്നത്.

പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനിതക വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആയുർ സ്പർശമെന്നും അടുത്തവർഷം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ ആയുർവേദ ഡിസ്പൻസറികൾ കേന്ദ്രീകരിച്ച് പദ്ധതി വിപുലീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു അധ്യക്ഷയായ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉഷ തമ്പി, ജുനൈദ് കൈപ്പാണി, പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ്, അമൽ ജോയ്, സിന്ധു ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൗലി ഷാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ സുധീരൻ, ഷിജി ഷിബു, ഒ. കെ ലാലു, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. പ്രീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എ.കെ സുനില, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സാജൻ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *