May 20, 2024

വന്യ മൃഗങ്ങൾക്ക് തീറ്റ ഒരുക്കേണ്ടത് നാട്ടിലെ കർഷകരോ?

0
Img 20240317 152659

മാനന്തവാടി: വന്യ മൃഗങ്ങൾ കാടിറങ്ങി നാടുകയറുന്നു. ഇതിന്റെ അനന്തരഫലം അനുഭവിക്കുന്നതോ മലയോര മേഖലയിലെ കർഷകർ. മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗമാണ് കൃഷി. എന്നാൽ കപ്പ, ചേന, ചേമ്പ്, കൂവ, കൂർക്ക, ഇഞ്ചി എന്നിങ്ങനെയുള്ള കിഴങ്ങ് വിളകൾ നശിപ്പിക്കുന്ന പന്നി കുട്ടവും, വാഴ, മത്തൻ, പടവലം, പാവൽ, പയർ വർഗ്ഗങ്ങൾ തുടങ്ങി ഭക്ഷ്യ – നാണ്യ വിളകൾ നശിപ്പിക്കുന്ന ആനക്കൊമ്പന്മാരും, കരടികളും, കുരങ്ങും കാടിറങ്ങുന്നതോടെ കർഷകരുടെ ജീവിത മാർഗവും അവരുടെ അധ്വാനവും ചോദ്യം ചെയ്യപ്പെടുകയാണ്.

നിരന്തരമായി വന്യ മൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്നത് ജന ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു. കർഷകരുടെ അധ്വാന ഫലവും കഷ്ടപ്പാടുകളും വെറുതെ ആകുന്ന സ്ഥിതി വിശേഷമാണ് മലയോര മേഖലയിൽ കാണാൻ സാധിക്കുന്നത്.

പണ്ട് രാത്രി കാലങ്ങളിലാണ് വന്യ ജീവി ആക്രമണം നടന്നിരുന്നതെങ്കിൽ ഇന്ന് പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാനോ ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനോ കഴിയാത്ത അവസ്ഥയാണ്. മുൻ കാലങ്ങളിൽ വന അതിർത്തിയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന വന്യ ജീവി പ്രശ്നം ഇന്ന് ഗ്രാമ – നഗര ഭേദമന്യേ എല്ലായിടത്തും വ്യാപകമായിരിക്കുന്നു.

കേരളത്തിൽ 3,213.24 ചതുരശ്ര കിലോമീറ്ററാണ് വനമേഖല. അതായത്, ഭൂവിസ്തൃതിയുടെ 27.83 ശതമാനം. ഇത്രയും കാടുകൾ ഉണ്ടായിട്ടും വന്യ മൃഗങ്ങൾ വനമിറങ്ങുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് വനം വന്യജീവി സംരക്ഷണ രംഗത്തുള്ളവർ പറയുന്നത്. വന്യ മൃഗങ്ങൾ കാടിറങ്ങുന്നതിനും നാട് കയറുന്നതിനും പ്രധാന കാരണമായി വിദഗ്ധർ പറയുന്നത് വനത്തിനുള്ളിൽ ഏക വിളത്തോട്ടങ്ങൾ നാട്ടുപിടിപ്പിച്ചത് കൊണ്ടെന്നാണ്.

വ്യാവസായിക വികസനത്തിനു വേണ്ടി 1950 മുതല്‍ 1980കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയതാണ് വയനാട്ടിലെ ഏക വിളത്തോട്ടങ്ങള്‍.

വന്യജീവി സങ്കേതത്തില്‍ 101.48 ചതുരശ്ര കിലോമീറ്റര്‍ ഏക വിളത്തോട്ടമാണ് ഉള്ളത്. സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലായി ഏകദേശം 200 ചതുരശ്ര കിലോമീറ്റർ തേക്ക്, യൂക്കാലിപ്റ്റസ്, കാറ്റാടി തോട്ടങ്ങളാണ്. ഇവയൊന്നും ഭക്ഷ്യ യോഗ്യം അല്ലാത്തതിനാൽ തന്നെ വന്യ മൃഗങ്ങൾ വന ഇതര മേഖലയിലേക്ക് ഇറങ്ങുന്നു.

ഇവ കൂടാതെ വന്യ മൃഗങ്ങൾ വനം ഇറങ്ങുന്നതിന് പ്രധാന കാരണമായി സൂചിപ്പിക്കുന്നത് കാടുകളിൽ വന്യ മൃഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ വർദ്ധനവാണ്. വനമേഖലയുടെ വിസ്തൃതി കുറഞ്ഞത് വന്യ മൃഗങ്ങക്ക് പരിമിതികൾ ഉണ്ടാക്കുന്നു. വന മേഖലകളിലെ കൃഷിയിടങ്ങളുടെ വർധനയും, വരൾച്ച ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും, വനത്തിനുള്ളിൽ ഭക്ഷ്യ, ജല ലഭ്യത കുറക്കുന്നു. വന മേഖലയോട് ചേർന്ന സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങളും, ഫെൻസിങ് പോലുള്ള പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തതയും വേനല്‍ക്കാലത്ത് ഇലപൊഴിയുന്ന കാടുകളുള്ള കർണാടക – തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് വന്യ മൃഗങ്ങൾ ചേക്കേറുന്നതിനും കാരണമാകുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *