May 20, 2024

സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ഉച്ചകോടി ഏപ്രില്‍ രണ്ടിന് മാനന്തവാടിയിൽ 

0
Img 20240330 164216

കൽപ്പറ്റ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ഉച്ചകോടി ഏപ്രില്‍ രണ്ടിന് മാനന്തവാടി ഹോട്ടല്‍ വയനാട് സ്‌ക്വയറില്‍ ചേരും. പശ്ചിമഘട്ട പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. 10 മണിക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു പരിപാടി ഉദ്ഘാടനം ചെയ്യും.

കര്‍ഷക ജീവിതത്തെ ബാധിച്ച വിവിധ വിഷയങ്ങളില്‍ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യുന്നതിനാണ് ഉച്ചകോടിയെന്ന് സംഘാടക സമിതി ഭാരവാഹികളായ ജോയി കണ്ണന്‍ചിറ, ഗഫൂര്‍ വെണ്ണിയോട്, എം. നസീമ, പി. പ്രഭാകരന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വനം-വന്യജീവി സംരക്ഷണ നിയമം, കൃഷിഭൂമിയിലെ നിര്‍മാണ നിയന്ത്രണം, ഭൂപതിവ് ചട്ടങ്ങളുടെ ദുര്‍വ്യാഖ്യാനം, പതിറ്റാണ്ടുകളായി ഭൂമി കൈവശം വയ്ക്കുന്നവര്‍ നേരിടുന്ന പട്ടയ നിഷേധം, നെല്ല് സംഭരണത്തിലെ പരാജയം, റവന്യൂ ഭൂമികള്‍ വനമായി വിജ്ഞാപനം ചെയ്യല്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, കര്‍ഷക പെന്‍ഷന്‍ പദ്ധതി തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനവും കര്‍ഷക രക്ഷാപദ്ധതികളും വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ വരുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് തീരുമാനിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്ന മുന്നണി സ്ഥാനനാര്‍ഥികള്‍ക്ക് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കും. ഉച്ചകോടിയില്‍ രൂപപ്പെടുന്ന രാഷ്ടീയ നിലപാട് വിശദീകരിക്കുന്ന ലഘുലേഖ മണ്ഡലത്തില്‍ പ്രചാരണവാഹനജാഥ സംഘടിപ്പിച്ച് വിതരണം ചെയ്യും.

സംസ്ഥാന മന്ത്രിസഭയില്‍ സിപിഐ വനം, റവന്യൂ, ഭക്ഷ്യം, കൃഷി വകുപ്പകള്‍ കൈയാളിയ കാലങ്ങളിലാണ് ജന-കര്‍ഷക വിരുദ്ധ നയങ്ങള്‍ കൂടുതല്‍ നടപ്പായതെന്ന് പശ്ചിമഘട്ട പഠനകേന്ദ്രം കണ്‍വീനര്‍ ജോയി കണ്ണന്‍ചിറ പറഞ്ഞു. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും ഈ യാഥാര്‍ഥ്യം തുറന്നുകാട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *